തൊട്ടാൽ വെടിയുണ്ട പോലെ പറപറക്കും ഈ റോയൽ എൻഫീൽഡ്; 750 സിസി എൻജിനിൽ കരുത്തരിൽ കരുത്തനാകാൻ പുതിയ എൻഫീൽഡ് വരുന്നു

തൊട്ടാൽ വെടിയുണ്ട പോലെ പറപറക്കുന്ന ഒരു ബൈക്ക്. ഒരു സ്വപ്‌നമായി തോന്നുന്നുണ്ടല്ലേ. എന്നാൽ, വൈകാതെ അതു നിങ്ങളിലേക്കെത്തും. ഒരു കാറിനോളം വരുന്ന സിസിയുമായി റോയൽ എൻഫീൽഡിന്റെ പുതിയ ഇരുചക്രവാഹനം വൈകാതെ വിപണിയിലെത്തും. പുതിയ വാഹനം ടെസ്റ്റ് ഡ്രൈവ് നടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. കാഴ്ചയിൽ മുമ്പ് ഇറങ്ങിയ കോണ്ടിനെന്റൽ ജിടിയുമായി സാമ്യം ഉണ്ടെങ്കിലും അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായാണ് വാഹനം എത്തുക.

750 സിസി കരുത്തുള്ള എൻജിനാണ് വാഹനത്തിനുണ്ടാകുക. അതായത് മുൻപ് ഇറങ്ങിയിരുന്ന ചില കാറുകളിൽ ഉണ്ടായിരുന്ന എൻജിൻ സിസിയോളം വരും പുതിയ എൻഫീൽഡിന്റെ കരുത്ത്. കരുത്തരിൽ കരുത്തനാകുകയാണ് റോയൽ എൻഫീൽഡിന്റെ ലക്ഷ്യം. പുതുപുത്തൻ എൻജിൻ ആണ് വാഹനത്തിന്റെ പ്രത്യേകത. എയർകൂൾഡ് ട്വിൻ മോട്ടോർ എൻജിൻ ആയിരിക്കും പുതിയ എൻഫീൽഡ് എന്നാണ് അറിയാൻ കഴിയുന്നത്. ഓയിൽ കൂളറും എൻജിനിൽ ഉണ്ടാകും.

50 ബിഎച്ച്പി കരുത്ത് പകരും എൻജിൻ. നിലവിൽ മറ്റേതൊരു എൻഫീൽഡ് എൻജിനേക്കാളും കൂടുതൽ കരുത്ത് സൃഷ്ടിക്കുന്നതാകും അപ്പോൾ പുതിയ എൻഫീൽഡിന്റേത്. ചേസിസിന്റെ കരുത്തും വർധിപ്പിക്കും. കൂടുതൽ ഭാരം താങ്ങാൻ ശേഷിയുള്ള പുതിയ ചേസിസ് ആയിരിക്കും ഇതിനുണ്ടാകുക. രണ്ടു സൈലൻസറുകൾ വാഹനത്തിനുണ്ടാകും. കൂടാതെ ഇടതു ഹാൻഡിലിന്റെ ഭാഗത്ത് ഒരു ഹാംഗർ ആയിട്ടും ഉപയോഗിക്കാവുന്ന തരത്തിൽ മാറ്റം വരുത്തും.

പിൻഭാഗത്തെ ഷോക്കുകൾ നിലവിലെ മോഡലുകളിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും. എബിഎസ് സിസ്റ്റവും വാഹനത്തിലുണ്ടാകും. ഈവർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വാഹനത്തിന്റെ പ്രഖ്യാപനം കമ്പനി നടത്തുമെന്നാണ് അറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News