സ്വത്തു തട്ടിയെടുക്കാൻ മകനും ഭാര്യയും അമ്മയെയും സഹോദരിയെയും വീട്ടിൽ നിന്നും തല്ലിയിറക്കി വിട്ടു; പീഡനം ഭയന്ന് വൃദ്ധയും രോഗിയായ മകളും ആശുപത്രിയിൽ അഭയം തേടി; അഞ്ചുമാസമായി താമസം ആശുപത്രിയിൽ

ആലപ്പുഴ: സാക്ഷരകേരളമെന്നും പ്രബുദ്ധ കേരളമെന്നും നമ്മൾ വീമ്പു പറയുന്ന ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ സ്വന്തം കേരളത്തിൽ നിന്നാണ് മനഃസാക്ഷിയുള്ള ആരുടെയും കരളലിയിപ്പിക്കുന്ന ഈ വാർത്ത വരുന്നത്. സ്വത്തു തട്ടിയെടുക്കാൻ മകനും മരുമകളും ചേർന്ന് വൃദ്ധയായ അമ്മയെയും രോഗിയായ സഹോദരിയെയും വീട്ടിൽ നിന്നും തല്ലി പുറത്താക്കി. പീഡനം ഭയന്ന് അമ്മയും മകളും ആശുപത്രിയിൽ അഭയം തേടി. ഇപ്പോൾ അഞ്ചുമാസമായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ കഴിയുകയാണ് ഈ വൃദ്ധമാതാവും മകളും.

ആലപ്പുഴ ജില്ലയിലെ കാവാലത്താണ് സംഭവം. കാവാലം ചക്രപുരയിൽ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ മേരിക്കുട്ടി (63) മകൾ ബെറ്റി (35) എന്നിവരാണ് മകന്റെയും മരുമകളുടെയും പീഡനം ഭയന്ന് ആശുപത്രി വരാന്തയിൽ അഭയം തേടിയത്. ഭർത്താവ് മരിച്ച് ഒരു വർഷം തികയുന്നതിനു മുമ്പ് തന്നെ മകൻ ബിറ്റിനും ഭാര്യ ടിന്റുവും ചേർന്ന് മേരിക്കുട്ടിയെയും മകളെയും സ്വന്തം വീട്ടിനിന്നും ഇറക്കിവിടുകയായിരുന്നു. മുന്നു മക്കളുടെ മാതാവായ മേരിക്ക് സ്വന്തമായി 13.5 സെന്റ് സ്ഥലവും അതിനോട് ചേർന്ന പുരയും രണ്ട് ഏക്കർ പാടവും ഉണ്ട്. ഇത് തട്ടിയെടുക്കുന്നതിമനാണ് ബിറ്റിനും ടിന്റുവും അമ്മയെയും സഹോദരിയെയും വീട്ടിൽ നിന്നും തല്ലി ഇറക്കിവിട്ടത്.

അച്ഛൻ മരിച്ചതിനുശേഷം ഭാര്യയുടെ വാക്കുകേട്ട് വീടും പുരയിടവും തങ്ങളുടെ പേരിൽ എഴുതി തരണമെന്ന് അമ്മ മേരിക്കുട്ടിയോട് മകൻ ബിറ്റിൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു. പ്രായാധിക്യം മൂലം അവശയാണെങ്കിലും വിധവയായ മേരി ഇതിനെ എതിർത്തു. രോഗിയായ മകളെയും കൊണ്ട് മറ്റൊരിടത്ത് പോകാനാകില്ലെന്നു പറഞ്ഞ് മേരിക്കുട്ടി സ്വത്ത് എഴുതിക്കൊടുത്തില്ല. ഇതോടെ മരുമകൾ അമ്മായിയമ്മയെയും നാത്തൂനെയും മർദ്ദിക്കാനും പീഡിപ്പിക്കാനും ആരംഭിച്ചു. വൈകാതെ മകനും കൂടി പീഡനം തുടങ്ങിയതോടെ മേരിക്കുട്ടി മകളെയും കൂട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.

മേരിക്കുട്ടിയെയും കുടുംബത്തെയും പറ്റിച്ചാണ് ടിന്റു ബിറ്റിനുമായി വിവാഹം നടത്തിയതെന്നു പറയപ്പെടുന്നു. ടിന്റുവിന്റെ വഴിവിട്ട ബന്ധങ്ങൾ കാരണം മേരിക്കുട്ടിക്കു ആദ്യം തന്നെ ടിന്റുവിനെ ഇഷ്ടമായിരുന്നില്ല. നേരത്തെ വിവാഹിതയായി രണ്ടുമക്കളുടെ അമ്മയായിരുന്ന ടിന്റു. ഇക്കാര്യം മറച്ചുവെച്ചാണ് ബിറ്റിനുമായുള്ള വിവാഹം നടന്നത്. പിന്നീട് നടന്ന അന്വേഷണത്തിൽ രണ്ടു കുട്ടികളെയും ടിന്റു അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചതായി ബോധ്യമായി. റോമൻ കാത്തലിക് ആണെന്നു പറഞ്ഞു വിശ്വസിപ്പിച്ച ടിന്റുവിനും കുടുംബത്തിനും പള്ളിയുമായി പുലബന്ധം പോലുമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

മൊബൈൽ ഫോൺ ഇല്ലെന്നു പറഞ്ഞിരുന്ന ടിന്റുവിന്റെ ബാഗിൽനിന്നും മൊബൈൽ ഫോൺ കണ്ടെത്തിയതും പ്രശ്‌നങ്ങൾക്കു കാരണമായി. ടിന്റു പുറത്തുപോയ സമയത്ത് ബാഗിൽ നിന്നു മൊബൈൽ റിംഗ് ചെയ്യുന്നതു കേട്ടു. ഇതു ചോദ്യം ചെയ്തത് ടിന്റുവിനു ഇഷ്ടമായില്ല. പിന്നീട് ഫോൺ റിംഗ് ഭർത്താവ് ബിറ്റിനും കേട്ടതോടെ പ്രശ്‌നങ്ങൾ തുടങ്ങി. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ ഇരുവരും തമ്മിൽ കനത്ത വാക്കേറ്റം നടന്നു. ഒടുവിൽ കാര്യങ്ങൾ ക്രൂരമർദ്ദനത്തിലും കലാശിച്ചു.

വീട്ടിൽ വഴക്ക് രൂക്ഷമായതോടെ മേരി വനിതാ കമ്മിഷനിൽ പരാതി നൽകി. തുടർന്ന് തെറ്റ് ആവർത്തിക്കില്ലെന്നു ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ച് ടിന്റു വീട്ടിലേക്കു തിരിച്ചുവന്നു. ഇതോടെയാണ് ക്രൂരമായ മർദ്ദന പരമ്പരകൾക്ക് തുടക്കമാകുന്നത്. ക്ഷമാപണം നടത്തി വീട്ടിലെത്തിയ ടിന്റു പിന്നീട് മേരിയെയും മകളെയും ഇല്ലായ്മചെയ്യാനുളള നീക്കങ്ങൾ ആരംഭിച്ചു. മേരി പുറത്തേക്ക് പോകുന്ന സമയത്ത് ടിന്റു രോഗിയായ നാത്തൂനെ കണക്കിന് മർദ്ദിക്കുമായിരുന്നു. ഒരിക്കൽ ഇത് കണ്ടുവന്ന മേരി ടിന്റുവിനെ ചോദ്യം ചെയ്‌തെങ്കിലും ഇവർ മേരിയെയും അക്രമിച്ചു. പിന്നീട് മകനും ഭാര്യക്കൊപ്പം ചേർന്ന് അമ്മയെയും സഹോദരിയെയും മർദ്ദിക്കാൻ തുടങ്ങി.

മർദ്ദനം സഹിക്കവയ്യാതായതോടെ വീടുവിട്ടിറങ്ങിയ മേരി രോഗിയായ മകളെയും കൊണ്ട് ആലപ്പുഴ ജനറൽ ആശുപത്രിയിൽ അഭയം തേടുകയായിരുന്നു. കഴിഞ്ഞ അഞ്ചുമാസമായി ആശുപത്രിയിൽ കഴിയുന്ന മേരിയും മകളും ആശുപത്രിയിൽനിന്നും പറഞ്ഞുവിട്ടാൽ എങ്ങോട്ടുപോകുമെന്ന ആശങ്കയിലാണ്. വീട്ടിലെത്തിയാൽ മകനും മരുമകളും ചേർന്ന് ഇരുവരെയും ഇല്ലാതാക്കുമെന്ന ഭയവും മേരിയെ അലട്ടുന്നുണ്ട്. നേരത്തെ മരുമകളായ ടിന്റുവിന്റെ മാതാവിനെ സ്വന്തം അച്ഛൻ ദുരൂഹ സാഹചര്യത്തിൽ ഇല്ലാതാക്കിയെന്ന് മേരി ആരോപിക്കുന്നുണ്ട്. ഇത്തരത്തിൽ തന്നെയും മകളെയും വകവരുത്തുമോയെന്ന ഭയവും ഈ കുടുംബത്തെ വീട്ടിലേക്ക് പോകാൻ വിലക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News