മലപ്പുറത്ത് എസ്ഡിപിഐ-വെൽഫെയർ പാർട്ടികളുമായി രഹസ്യസഖ്യത്തിനു ലീഗ് നീക്കം; സ്ഥാനാർത്ഥികളെ നിർത്താതെ ഇരുപാർട്ടികളും; ഇരുവർക്കുമായി മണ്ഡലത്തിൽ 75,000-ൽ അധികം വോട്ട്

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ അടുത്തമാസം നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്താതെ എസ്ഡിപിഐ-വെൽഫെയർ പാർട്ടികളുടെ ഒത്തുകളി. എസ്ഡിപിഐയുമായും വെൽഫെയർ പാർട്ടിയുമായും രഹസ്യസഖ്യത്തിനുള്ള സാധ്യതകളാണ് ലീഗ് തേടുന്നത്. ഇരുപാർട്ടികളും മലപ്പുറത്ത് സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. നാമനിർദേശ പത്രികാസമർപണത്തിനുള്ള അവസാന തിയ്യതി ഇന്നലെ സമാപിക്കുകയും ചെയ്തു. ആകെ 16 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

സ്ഥാനാർത്ഥികളെ നിർത്താത്തതു സംബന്ധിച്ച് ഇതുവരെ ഒരു നിലപാട് വ്യക്തമാക്കാനും എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും തയ്യാറായിട്ടില്ല. ഇരുപാർട്ടികളും ചേർന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 76,000-ൽ അധികം വോട്ടുകൾ കരസ്ഥമാക്കിയിരുന്നു. ഈ വോട്ട് ഷെയർ ലക്ഷ്യമിട്ടാണ് രഹസ്യസഖ്യത്തിനു ലീഗ് കോപ്പുകൂട്ടുന്നത്. 2014-ൽ എസ്ഡിപിഐക്ക് 47,853 വോട്ടും വെൽഫെയർ പാർട്ടിക്ക് 29,216 വോട്ടുമാണ് മണ്ഡലത്തിൽ ലഭിച്ചത്.

ഉപതെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയപ്രാധാന്യമില്ലെന്ന മുടന്തൻ ന്യായം പറഞ്ഞാണ് എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും പിൻമാറുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ലോക്‌സഭയ്ക്കു കീഴിലെ ഏഴു മണ്ഡലങ്ങളിലും എസ്ഡിപിഐ മത്സരിച്ചിരുന്നു. 20000 ത്തോളം വോട്ടും ഇവർ പിടിച്ചു. കാര്യമായ വോട്ട് ലഭിച്ചില്ലെങ്കിലും വെൽഫെയർ പാർട്ടിയും മത്സരരംഗത്തുണ്ടായിരുന്നു. ചെറുകിട പാർട്ടികളെല്ലാം ചേർന്ന് പൊതുസ്വതന്ത്രനെ നിർത്താനുളള ശ്രമം തടയുന്നതിലും ലീഗ് വിജയിച്ചു.

നാമനിർദേശ പത്രികാ സമർപ്പണം ഇന്നലെ പൂർത്തിയായിരുന്നു. ആകെ 16 പേരാണ് പത്രിക സമർപ്പിച്ചത്. ഇതിൽ മൂന്നുപേർ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ ഡമ്മി സ്ഥാനാർത്ഥികളാണ്. 9 സ്വതന്ത്രരിൽ 2 പേർ അപരന്മാരാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും. ഈമാസം 27 വരെ പത്രിക പിൻവലിക്കാനും അവസരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News