തിരുവനന്തപുരം എംജി കോളജില്‍ എബിവിപിയുടെ ദളിത് വേട്ട; ജാതി വിളിച്ച് ആക്ഷേപിച്ചെന്ന് പരാതി; ആര്‍എസ്എസ് ആക്രമണ ഭീഷണിയില്‍ 35 വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം : എംജി കോളേജില്‍ എബിവിപിയുടെ ദളിത് വേട്ട. പെണ്‍കുട്ടികള്‍ അടക്കമുള്ള ദളിത് വിദ്യാര്‍ത്ഥികളെ എബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജാതിവിളിച്ച് ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് പരാതി. നിരന്തര ഭീഷണി മൂലം പഠിക്കാനുള്ള സാഹചര്യം നഷ്ടപ്പെട്ടുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. 35 വിദ്യാര്‍ത്ഥികള്‍ സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് പരാതി നല്‍കി.

‘കുറവനും പുലയനും ഇവിടെ പഠിക്കണ്ട, ഇത് നായന്മാരുടെ കോളേജാണെടാ’എന്നു പറഞ്ഞാണ് എബിവിപിയുടെ ഭീഷണി. തങ്ങള്‍ക്കുനേരെ ഏതുനിമിഷവും ആക്രമണമുണ്ടായേക്കുമെന്ന് ഭയക്കുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. ഇതുകാരണം പഠനം ഉപേക്ഷിക്കുന്നതിനെ കുറിച്ചുപോലും ആലോചിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

വ്യാഴാഴ്ചയാണ് പരാതിക്കാധാരമായ സംഭവം. എബിവിപി സംഘം ആക്രമിച്ചെന്നുകാണിച്ച് ചില പെണ്‍കുട്ടികള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കി. പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം കോളേജിലെ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള കമ്മിറ്റി (ആന്റി സെക്ഷ്വല്‍ ഹരാസ്‌മെന്റ് കമ്മിറ്റി) വിദ്യാര്‍ഥിനികളുടെ മൊഴിയെടുത്തു. വിശദ അന്വേഷണത്തിനുശേഷം പെണ്‍കുട്ടികളുടെ പരാതി പൊലീസിന് കൈമാറാനാണ് തീരുമാനം.

ഇതിനെതിരെ കഴിഞ്ഞദിവസം എബിവിപി പ്രവര്‍ത്തകര്‍ കോളേജില്‍ പ്രകടനം നടത്തി. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി ക്ലാസ്മുറികളില്‍നിന്ന് വലിച്ചിറക്കിയാണ് പ്രകടനം നടത്തിയത്. തുടര്‍ന്നാണ് 35 ദളിത് വിദ്യാര്‍ഥികള്‍ സംയുക്തമായി പ്രിന്‍സിപ്പലിന് പരാതി എഴുതിനല്‍കിയത്. പരാതി നല്‍കിയവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണ് ഇപ്പോള്‍ ആര്‍എസ്എസ് ചെയ്യുന്നത്.

കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ കഞ്ചാവ് വിതരണം ചെയ്യുന്നതായും വിദ്യാര്‍ഥികള്‍ക്ക് പരാതിയുണ്ട്. ഇത് ചോദ്യം ചെയ്തതിന് കായിക താരങ്ങളായ ചില വിദ്യാര്‍ഥികളെ ഒരുകൂട്ടം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. മര്‍ദനത്തിന് നേതൃത്വം നല്‍കിയ ഹരിലാല്‍, ഷിജു, അനന്തു എംബി നായര്‍ എന്നീ എബിവിപിക്കാരെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു.

ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാവ് പ്രിന്‍സിപ്പലിനെയുള്‍പ്പെടെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. കോളേജിനെ ക്രിമിനലുകളുടെ കേന്ദ്രമാക്കുന്നതില്‍ പ്രതിഷേധിച്ച് മാനേജ്‌മെന്റ് നല്‍കിയ പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി എബിവിപിയുടെ പ്രവര്‍ത്തനം തടഞ്ഞിരുന്നു. അതിനെ വെല്ലുവിളിച്ചുകൊണ്ടാണ് കഴിഞ്ഞദിവസം എബിവിപി പ്രകടനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News