കൊച്ചി കപ്പല്‍ശാല വില്‍പ്പനയ്ക്ക് വെച്ചു; 3.4 കോടി ഓഹരി വിറ്റഴിക്കും; പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് സെബിയുടെ അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍; സ്വകാര്യ വത്കരണത്തിനെന്ന് സിഐടിയു

കൊച്ചി : രാജ്യത്ത് പൊതുമേഖലയിലുള്ള ഏറ്റവും വലിയ കപ്പല്‍ശാലയായ കൊച്ചി കപ്പല്‍ശാല വില്‍പ്പനയ്ക്കുവച്ചു. കപ്പല്‍ശാലയുടെ 3.4 കോടിയോളം ഓഹരികള്‍ വിറ്റഴിക്കാനുള്ള പ്രാഥമിക നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. സ്വകാര്യ വല്‍ക്കരണം ലക്ഷ്യമിട്ട് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി തേടി.

22,65,6,000 പുതിയ ഓഹരികള്‍ ഇറക്കാനും സര്‍ക്കാരിന്റെ കൈവശമുള്ള 11,32,8,000 ഓഹരികള്‍ വില്‍ക്കാനുമാണ് രാഷ്ട്രപതി അനുമതി നല്‍കിയത്. ഒരു ഓഹരിക്ക് 10 രൂപയാണ് മുഖവില. പുതിയ ഓഹരി ഇറക്കുന്നതിലൂടെയും സര്‍ക്കാര്‍ഓഹരി വില്‍ക്കുന്നതിലൂടെയും സ്ഥാപനം സ്വകാര്യകമ്പനികളുടെ കൈകളിലേക്കു പോകും.

സ്ഥാപനത്തില്‍ പുതിയ ഡ്രൈഡോക്ക് നിര്‍മിക്കാനും കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റിന്റെ അധീനതയിലുള്ള പ്രദേശത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷിപ് റിപ്പയര്‍ യാര്‍ഡ് സ്ഥാപിക്കുന്നതിനുമാണ് ഓഹരിവില്‍പ്പനയിലൂടെ ലഭിക്കുന്ന തുക വിനിയോഗിക്കുകയെന്ന് അധികൃതര്‍ പറയുന്നു. ഷിപ് യാര്‍ഡിന്റെ വികസനത്തിന് മറ്റുതരത്തില്‍ പണം കണ്ടെത്താമെന്നിരിക്കെ ഓഹരി വില്‍ക്കുന്നത് സ്വകാര്യവല്‍ക്കരണത്തിനു വേണ്ടിയാണെന്ന് സ്ഥാപനത്തിലെ ട്രേഡ് യൂണിയനുകള്‍ നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

സെബി ക്യാപിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡ്, എഡെല്‍വെയ്‌സിസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവയാണ് ഓഹരിവില്‍പ്പനയുടെ ലീഡ് മാനേജര്‍മാര്‍. ലിങ്ക് ഇന്‍ടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാര്‍.

മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കൊച്ചി കപ്പല്‍ശാല. പ്രതിരോധരംഗത്തും സ്ഥാപനത്തിന്റെ സംഭാവന പ്രധാനപ്പെട്ടതാണ്. ഇന്ത്യന്‍ നാവികസേനയ്ക്കായുള്ള വിമാനവാഹിനിയുടെ നിര്‍മാണം ഉള്‍പ്പെടെ ഇവിടെ നടന്നുവരികയാണ്. പുതിയ ഓര്‍ഡറുകള്‍ നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ നിരന്തരമായി സ്ഥാപനത്തെ അവഗണിച്ചുവരികയായിരുന്നു.

ഓഹരി വില്‍ക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് കൊച്ചിന്‍ ഷിപ് യാര്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍ (സിഐടിയു) പ്രസിഡന്റ് പി രാജീവ്, സെക്രട്ടറി അഡ്വ. എം അനില്‍കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News