ദളിത് വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ച് പ്രിന്‍സിപ്പല്‍; പരീക്ഷ എഴുതുന്നതും തടഞ്ഞു; 12 വിദ്യാര്‍ത്ഥികളെ നിയമപഠനം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല; ഏകപക്ഷീയ പ്രതികാര നടപടികളുമായി തൃശൂര്‍ ഗവ. ലോ കോളജ് പ്രിന്‍സിപ്പല്‍

തൃശൂര്‍ : തൃശൂര്‍ ഗവ. ലോ കോളേജില്‍ പ്രിന്‍സിപ്പലിന്റെ ഏകപക്ഷീയമായ നടപടിക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. ഏകപക്ഷീയ നടപടികളിലൂടെ വിദ്യാര്‍ത്ഥികളുടെ പഠനം അവസാനിപ്പിച്ച നടപടിക്കെതിരെയാണ് സമരം തുടരുന്നത്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ച് ദിവസം പിന്നിട്ടു.

ഗവ. ലോ കോളജ് പ്രിന്‍സിപ്പല്‍ ബിനു പൂര്‍ണമോദന്‍ ചോലയിലിന്റെ നടപടികള്‍ക്കെതിരെയാണ് എസ്എഫ്‌ഐയുടെ സമരം. പ്രിന്‍സിപ്പല്‍ ഏകപക്ഷീയമായി എസ്എഫ്‌ഐ പ്രവര്‍ത്തകരെ കോളജില്‍ നിന്ന് പുറത്താക്കിയതോടെയാണ് അനിശ്ചിതകാല നിരാഹാര സമരത്തിന്റെ തുടക്കം. കഴിഞ്ഞ മാസം പതിനഞ്ചിനും ഇരുപത്തിയെട്ടിനും വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കയ്യാങ്കളിയില്‍ എത്തിയിരുന്നു.

എസ്എഫ്‌ഐ പ്രവര്‍ത്തകരായ മൂന്ന് വിദ്യാര്‍ഥികളെ തുടര്‍ വിദ്യാഭ്യാസത്തിന് അവസരം നല്‍കാതെ കോളജില്‍ നിന്ന് പുറത്താക്കി. ആറ് പേര്‍ക്ക് ഒരു വര്‍ഷത്തേക്ക് പഠനത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി. ദളിത് വിദ്യാര്‍ഥിയെ ജാതീയമായി അധിക്ഷേപിച്ച് പരീക്ഷ എഴുതിക്കാതെ മാറ്റി നിര്‍ത്തുകയും ചെയ്തു.

Law-College-Thrissur

കോളജിലെ അക്രമ സംഭവങ്ങളെത്തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാത്രമാണ് പ്രിന്‍സിപ്പല്‍ നടപടിയെടുത്തത്. തികഞ്ഞ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളാണ് പ്രിന്‍സിപ്പല്‍ തുടരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പ്രിന്‍സിപ്പലിന്റെ നടപടി തികച്ചും ഏകപക്ഷീയമാണ് എന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നു.

അക്രമ സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്ത കെഎസ്‌യു ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തില്ല. നേരത്തെ കെഎസ്‌യു ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ് ആശുപത്രിയിലായ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആരോഗ്യ സ്ഥിതി ഫോണിലൂടെ പോലും അന്വേഷിക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല.

Law-College-Thrissur-3

എന്നാല്‍ അക്രമത്തിന് ഇരയായി എന്ന വ്യാജേന ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കെഎസ് യു പ്രവര്‍ത്തകരെ കാണാന്‍ പ്രിന്‍സിപ്പല്‍ ബിനു പൂര്‍ണമോദന്‍ ചോലയില്‍ എത്തുകയും ചെയ്തു. പ്രിന്‍സിപ്പലിന്റെ ഏകപക്ഷീയ പെരുമാറ്റം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിസിസി പ്രസിഡന്റ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രേരണയ്ക്ക് അനുസരിച്ചാണ് പ്രിന്‍സിപ്പലിന്റെ പ്രവര്‍ത്തനം എന്നും എസ്എഫ്‌ഐ ആരോപിക്കുന്നു.

ഈ സാഹചര്യത്തിലാണ് പ്രിന്‍സിപ്പലിന്റെ നടപടികള്‍ക്കെതിരെ എസ്എഫ്‌ഐ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം അഞ്ച് ദിവസം പൂര്‍ത്തിയായി. പുറത്താക്കപ്പെട്ട പന്ത്രണ്ട് പേരെ തിരിച്ചെടുക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

തൃശൂര്‍ ഗവ. ലോ കോളജ് കാമ്പസില്‍ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നും ഏകപക്ഷീയമായി പ്രതികാര നടപടികള്‍ തുടരുന്ന പ്രിന്‍സിപ്പലിനെതിരെ നടപടി സ്വീകരിക്കണമെന്നും എസ്എഫ്‌ഐ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here