ഉണ്ണിയാർച്ചയെ ‘സ്വന്ത’മാക്കാനും സംഘപരിവാർ ശ്രമം; ഉണ്ണിയാർച്ചയെ ടിപ്പു സുൽത്താൻ ബന്ദിയാക്കി അപമാനിച്ചെന്നു സംഘ പ്രചാരണം; വർഗീയ ദുർവ്യാഖ്യാനത്തിനെതിരെ ചരിത്രകാരൻ കീച്ചേരി രാഘവൻ

ണ്ണിയാർച്ചയെ വർഗീയമായി ദുർവ്യാഖ്യാനിച്ച് ‘സ്വന്ത’മാക്കാൻ സംഘപരിവാർ ശ്രമം നടത്തുന്നതായി ചരിത്രകാരൻ കീച്ചേരി രാഘവൻ. ഉണ്ണിയാർച്ചയുടെ കഥ വർഗീയമായി വളച്ചൊടിക്കപ്പെടുകയാണെന്നു അദ്ദേഹം പറയുന്നു. ഉണ്ണിയാർച്ചയെ ടിപ്പു സുൽത്താൻ ബന്ദിയാക്കി അപമാനിച്ചെന്നു പറയുന്ന ഭാസ്‌കരൻ മാനന്തേരിയുടെ പുസ്തകത്തിന്റെ പശ്ചാത്തലത്തിലാണ് കീച്ചേരി രാഘവന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഉണ്ണിയാർച്ചയെക്കുറിച്ചു നട്ടാൽ മുളക്കാത്ത കഥകൾ മെനയുന്നവർക്ക് സാമൂഹ്യവിരുദ്ധമായ വർഗീയ ലക്ഷ്യങ്ങളുണ്ടെന്നു കീച്ചേരി രാഘവൻ പറയുന്നു. അതിനു ചൂട്ടു പിടിക്കുന്നവർ ബിരുദങ്ങൾ എത്രയുണ്ടെങ്കിലും ചരിത്രകാരന്മാരല്ല. അവർ സങ്കുചിതമായ അവനവനിസത്തിന്റെ തടവുകാരാണെന്നും കീച്ചേരി രാഘവൻ പറഞ്ഞു. ‘കടത്തനാടൻ നൊമ്പരങ്ങൾ’ എന്ന പുസ്തകത്തിൽ ഭാസ്‌കരൻ മാനന്തേരിയാണ് ഉണ്ണിയാർച്ചയുടെ കഥയ്ക്ക് പുതിയ ഭാഷ്യം നൽകിയത്.

ഇതു പിന്നീട് പലരും ഏറ്റെടുക്കുകയായിരുന്നു. ടിപ്പുവിന്റെ വെപ്പാട്ടിയായിരുന്നു ഉണ്ണിയാർച്ച എന്നായിരുന്നു ഭാസ്‌കരൻ മാനന്തേരിയുടെ ഭാഷ്യം. പിതാവിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിച്ചതാണ് ഈ വാമൊഴി ചരിത്രമെന്ന് ഉണ്ണിയാർച്ചയുടെ കുടുംബപാരമ്പര്യം അവകാശപ്പെടുന്ന ഗ്രന്ഥകാരൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇത് സംഘപരിവാർ ഏറ്റെടുത്തു. അടുത്തകാലത്ത് അവരുടെ അനുയായികൾ ഇത് നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുമുണ്ട്. മുസ്ലിം അക്രമിയായ ടിപ്പു ഹൈന്ദവ വീര വനിതയായ ഉണ്ണിയാർച്ചയെ ബന്ദിയാക്കി അപമാനിച്ചു എന്നാണു സംഘപരിവാർ പ്രചാരണം.

ആരോമൽ ചേകവരും ഉണ്ണിയാർച്ചയും മറ്റും വടക്കൻ പാട്ടിലെ വീരനായകന്മാരാണ്. ഇവരൊന്നും ചരിത്രത്തിലെ നായികാ നായകന്മാരല്ല. ഐതിഹ്യങ്ങളിലെ വീരപുരുഷന്മാരും വീരവനിതകളുമാണ്. എങ്കിലും ചില ചരിത്രാംശങ്ങൾ ഈ പാട്ടുകളിൽ ഉണ്ടാവാം. പുത്തൂരം പാട്ടുകളിലെ നായികയായ ഉണ്ണിയാർച്ചയുടെയും മറ്റും ജീവിതകാലം പതിനാലാം നൂറ്റാണ്ട് ആണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. തച്ചോളി ഒതേനന്റെ ജീവിതകാലം 1584 മുതൽ ആയിരുന്നുവെന്ന് മഹാകവിഉള്ളൂർ അഭിപ്രായപ്പെടുന്നു.

പതിനാറാം നൂറ്റാണ്ടിന്റെ അവസാനകാലം ജീവിച്ച പ്രശസ്തനായ നായർ പടയാളി ആയിരുന്നു ഒതേനൻ. പതിനെട്ടാം നൂറ്റാണ്ടിൽ മലബാർ ആക്രമിച്ചു കീഴടക്കിയ മൈസൂർ സുൽത്താനായിരുന്നു ടിപ്പു. അദ്ദേഹം ചരിത്ര പുരുഷനാണ്. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചു എന്നു കരുതുന്ന ഉണ്ണിയാർച്ചയെയും പതിനാറാം നൂറ്റാണ്ടിൽ ജീവിച്ച ഒതേനനെയും പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചു മരിച്ച ടിപ്പു സുൽത്താനെയും ഒരു കാലത്തിൽ നിർത്തി നട്ടാൽ മുളയ്ക്കാത്ത കഥകൾ മെനയുന്നവർക്ക് സാമൂഹ്യവിരുദ്ധമായ വർഗീയ ലക്ഷ്യങ്ങളുണ്ട്. അതിന് ചൂട്ടു പിടിക്കുന്നവർ ബിരുദങ്ങൾ എത്രയുണ്ടെങ്കിലും ചരിത്രകാരന്മാരല്ല. അവർ സങ്കുചിതമായ അവനവനിസത്തിന്റെ തടവുകാരാണ്. കീച്ചേരി രാഘവൻ ഓർമ്മിപ്പിക്കുന്നു.

സ്വന്തം മകനായ ആരോമുണ്ണിയോട്ഉണ്ണിയാർച്ച പറയുന്നു.
‘നേരിട്ട് വെട്ടി മരിച്ചിതെങ്കിൽ
വിട്ടേക്ക് നല്ലൊരു മാനം തന്നെ
ഒളിവാള് കൊണ്ട് മരിച്ചിതെങ്കിൽ
പച്ചോലയിൽ കെട്ടി വലിപ്പിക്കും ഞാൻ’

സത്യസന്ധമായി പോരാടി മരിക്കാനാണ് ഒരമ്മ മകനെ ഉപദേശിക്കുന്നത്. അത്രയ്ക്കും തേജോമയിയായ ഒരു കഥാപാത്രത്തെ നമ്മുടെ നാട്ടുചരിത്രത്തിലോ വാമൊഴികളിലോ വേറേ കാണുവാൻ കഴിയില്ല. നാദാപുരത്തങ്ങാടിയിൽ തന്നെ അപമാനിക്കാൻ തയ്യാറായി വന്ന തെമ്മാടിക്കൂട്ടങ്ങളെ അരിഞ്ഞു വീഴ്ത്തിയ ഉണ്ണിയാർച്ച തനിക്ക് മാനക്കേടുണ്ടാക്കുന്ന ഒരു സാഹചര്യം വന്നാൽ പൊരുതി മരിക്കുകയേ ഉള്ളു. അത്തരം ഒരു കഥാപാത്രത്തിന്റെ ശോഭ കെടുത്തുന്ന പുത്തൻ കൂറ്റ് ഗവേഷകന്മാർ മറ്റാർക്കോവേണ്ടി കുഴലൂത്ത് നടത്തുന്നവരാണെന്നും കീച്ചേരി രാഘവൻ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here