നിക്കോണ്‍ ഉപഭോക്താക്കളെ ഞെട്ടിച്ച് സോണി

നിക്കോണ്‍ ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ടാണ് സോണി കമ്പനിയുടെ പുതിയ വാര്‍ത്ത പുറത്തിറങ്ങിയിരിക്കുന്നത്. മികച്ച സെന്‍സര്‍ തങ്ങളുടെ ക്യാമറകളില്‍ മാത്രമെ ഉപയോഗിക്കൂവെന്നാണ് സോണിയുടെ നിര്‍ദേശം. സോണിയുടെ പുതിയ തീരുമാനം പുറത്തുവന്നതോടെ നിക്കോണ്‍ അടക്കം പല ക്യാമറാ നിര്‍മാതാക്കളും വെട്ടിലായിരിക്കുകയാണ്.

സോണി കമ്പനിയുടെ സെന്‍സറുകളാണ് നിക്കോണ്‍ ക്യാമറ നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ 15 മാസത്തിനിടെ നിക്കോണ്‍ പുതിയ പ്രൊഫഷണല്‍ അല്ലെങ്കില്‍ സെമി പ്രൊഫഷണല്‍ ക്യാമറകളൊന്നും പുറത്തിറക്കാതിരുന്നതിന്റെ ഒരു കാരണവും ഇതുതന്നെ. നിക്കോണ്‍ നേരത്തെ പുറത്തിറക്കുമെന്നു പ്രഖ്യാപിച്ചിരുന്ന DL സീരിസ് ക്യാമറകള്‍ വിപണിയില്‍ എത്താതിരുന്നത് സോണിയുടെ പുതിയ തീരുമാനമായിരിക്കുമെന്നാണ് ടെക്കികളുടെ പ്രവവചനം.

ക്യാമറാ നിര്‍മാണത്തില്‍ ഒന്നാമനാവുക എന്ന ലക്ഷ്യമാണ് സോണിയുടെ ഈ തീരുമാനത്തിന് പിന്നില്‍. സെന്‍സര്‍ നിര്‍മാണത്തില്‍ നല്ല പേരുണ്ടായിരുന്ന തോഷിബായേയും സോണി ഏറ്റെടുത്തിരുന്നു.

എന്നാല്‍ സ്വന്തമായി സെന്‍സര്‍ നിര്‍മാണം നടത്തുന്ന ക്യാനണിന് സോണിയുടെ തീരുമാനം ഒരു പ്രശ്‌നമാവില്ല. ആപ്റ്റീന, സാംസങ് തുടങ്ങിയവരും ഈ രംഗത്ത് കഴിവു തെളിയിച്ചവരാണ്. മാത്രമല്ല നിക്കോണ്‍ പോലെയുള്ള കമ്പനികള്‍ക്ക് സെന്‍സര്‍ ഗവേഷണത്തിന് സ്വന്തം എന്‍ജിനീയര്‍മാര്‍ ഉണ്ട്. അതു കൊണ്ട് മികച്ച ക്യാമറകള്‍ മറ്റാരും ഇറക്കില്ലെന്നു പറയാന്‍ പറ്റില്ല. എന്തായാലും നിലം പൊത്തിക്കൊണ്ടിരിക്കുന്ന ക്യാമറാ വ്യവസായത്തിന് മറ്റൊരു തിരിച്ചടി ആയിരിക്കും സോണിയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here