പാറ്റൂര്‍ ഭൂമി തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിയും ഭരത് ഭൂഷണും നിയമക്കുരുക്കിലേക്ക്; ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന നിലപാടിലുറച്ച് വിജിലന്‍സ്

കൊച്ചി: പാറ്റൂര്‍ ഭൂമി തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും നിയമക്കുരുക്കിലേക്ക്. ഇടപാടില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിജിലന്‍സ്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയും മുന്‍ ചീഫ് സെക്രട്ടറിയുമായ ഭരത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയെ വിജിലന്‍സ് ശക്തമായി ഹൈക്കോടതിയില്‍ എതിര്‍ത്തു.

പാറ്റൂര്‍ ഭൂമി തട്ടിപ്പ് അഴിമതിയാണോ ഭരണതലത്തിലുളള വീഴ്ചയാണോ എന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നല്‍കിയ സത്യവാങ്മൂലത്തില്‍ വിജിലന്‍സ് കോടതിയെ അറിയിച്ചത് പാറ്റൂര്‍ ഭൂമി തട്ടിപ്പ് അഴിമതി തന്നെയെന്നാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും വാട്ടര്‍ അതോറിറ്റിയെ നോക്കുകുത്തിയാക്കി സ്വകാര്യവ്യക്തിക്ക് സ്ഥലം കൈയ്യേറാന്‍ ഒത്താശ ചെയ്തു എന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൂമി ഇടപാടില്‍ പൊതുതാത്പര്യം അവഗണിച്ചു ഇടപാടിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായി. സെന്റിന് 50 ലക്ഷം വരുന്ന 16 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തി കൈവശപ്പെടുത്തുകയായിരുന്നു. മന്ത്രിസഭയും ജലവിഭവ വകുപ്പും അറിയാതെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് നീക്കാന്‍ ഉത്തരവിട്ടെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി.

എന്നാല്‍ ഭൂമി തങ്ങളുടെതാണെന്നായിരുന്നു ഫ്‌ളാറ്റുടമകള്‍ കോടതിയില്‍ ഉന്നയിച്ചത പ്രധാനവാദം. ജലവിഭവ വകുപ്പിന്റേതാണെന്ന നിലപാടില്‍ പ്രോസിക്യൂഷനും ഉറച്ചു നിന്നു. ഇതോടെയാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയത്. പാറ്റൂര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്കെന്ന് ചീഫ് സെക്രട്ടറിയും ജലവിഭവവകുപ്പ് സെക്രട്ടറിയും പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഹൈക്കോടതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News