കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; യു.എ ഖാദറിനും സാറാ ജോസഫിനും അക്കാദമി വിശിഷ്ടാംഗത്വം; മികച്ച നോവല്‍ യു.കെ കുമാരന്റെ തക്ഷന്‍കുന്ന് സ്വരൂപം

തൃശൂര്‍: 2015ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം ഹേമന്തത്തിലെ പക്ഷി എന്ന കൃതിക്ക് എസ് രമേശന്‍ അര്‍ഹനായി. യു.കെ കുമാരന്റെ തക്ഷന്‍കുന്ന് സ്വരൂപമാണ് മികച്ച നോവല്‍.

ജിനോ ജോസഫിന്റെ മത്തി മികച്ച നാടകത്തിനും അഷിതയുടെ ചെറുകഥകള്‍ എന്ന കൃതി ചെറുകഥയ്ക്കുള്ള പുരസ്‌കാരവും നേടി. യാത്രാവിവരണത്തിനുള്ള പുരസ്‌കാരം യൂറോപ്പ് ആത്മ ചിഹ്നങ്ങള്‍ എന്ന പുസ്തകത്തിത് വി.ജി തമ്പിയും, ഭൂട്ടാന്‍ ദിനങ്ങള്‍ എന്ന കൃതിക്ക് ഒ.കെ ജോണിയും പങ്കിട്ടു. കെ.എന്‍ ഗണേശിന്റെ പ്രകൃതിയും മനുഷ്യനുമാണ് മികച്ച വൈജ്ഞാനിക സാഹിത്യമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഹാസ്യ സാഹിത്യം ഡോ എസ്.ഡി.പി നമ്പൂതിരി (വെടിവട്ടം), സാഹിത്യ വിമര്‍ശനം സി.ആര്‍ പരമേശ്വരന്‍ (വംശ ചിഹ്നങ്ങള്‍), ജീവചരിത്രം ഇബ്രാഹിം വെങ്ങര (ഗ്രീന്‍ റൂം), വിവര്‍ത്തനം ഗുരു മുനി നാരായണ പ്രസാദ് (സൗന്ദര്യ ലഹരി ), ബാല സാഹിത്യം ഏഴാച്ചേരി രാമചന്ദ്രന്‍ (സണ്ണി ചെറുക്കനും സംഗീത പെങ്ങളും) എന്നിങ്ങനെയാണ് മറ്റ് പുരസ്‌കാരങ്ങള്‍

അക്കാദമിയുടെ വിശിഷ്ടാംഗത്വം സാറാ ജോസഫും യു.എ ഖാദറും പങ്കിട്ടു. അമ്പതിനായിരം രൂപയും സ്വര്‍ണ പതക്കവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അറുപത് വയസ്സ് പിന്നിട്ടവര്‍ക്കുള്ള സമഗ്ര സംഭാവന പുരസ്‌കാരത്തിന് ഒ.വി ഉഷ, മുണ്ടൂര്‍ സേതുമാധവന്‍, വി സുകുമാരന്‍, ടി.ബി വേണു ഗോപാല പണിക്കര്‍, പ്രയാര്‍ പ്രഭാകരന്‍ , ഡോ കെ സുഗതന്‍ എന്നിവര്‍ അര്‍ഹരായി.

എന്‍ഡോവ്‌മെന്റ് പുരസ്‌കാരങ്ങളായ ഐ.സി ചാക്കോ അവാര്‍ഡ് പി.എം ഗിരീഷ്, സി.ബി കുമാര്‍ അവാര്‍ഡ് കെ അരവിന്ദാക്ഷനും നേടി. കെ.ആര്‍ നമ്പൂതിരി പുരസ്‌കാരം ഡോ ടി ആര്യാ ദേവി, കനക ശ്രീ അവാര്‍ഡ് ശാന്തി ജയകുമാര്‍, ഗീതാ ഹിരണ്യന്‍ അശ്വതി ശശികുമാര്‍, ജി.എന്‍ പിള്ള അവാര്‍ഡ് ബി രാജീവന്‍ എന്നിവയാണ് മറ്റ് പുരസ്‌കാരങ്ങള്‍. തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സര പുരസ്‌കാരത്തിന് നിത്യ പി വിശ്വം അര്‍ഹയായി. അക്കാദമി വാര്‍ഷിക ആഘോഷ സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here