വരള്‍ച്ചാ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം ഉടന്‍ കേരളത്തില്‍; 992 കോടിയുടെ അധിക സഹായം അനുവദിക്കണമെന്ന് വിഎസ് സുനില്‍കുമാറും ഇ ചന്ദ്രശേഖരനും

ദില്ലി: വരള്‍ച്ചാ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര കൃഷി വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഉടന്‍ കേരളത്തിലെത്തും. കൃഷിമന്ത്രി വിഎസ് സുനില്‍കുമാറും റെവന്യു മന്ത്രി ഇ ചന്ദ്രശേഖരനും കേന്ദ്ര കൃഷിമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം 34ശതമാനവും വടക്ക് കിഴക്കന്‍ കാലവര്‍ഷം 62ശതമാനവും കുറഞ്ഞതോടെ വരള്‍ച്ചാ ദുരിതത്തിലായ സംസ്ഥാനത്തിന് 992കോടി രൂപയുടെ അധിക സഹായമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ചെറുകിട ജലസേചന പദ്ധതികള്‍ക്കായി അറുനൂറു കോടിയും വരള്‍ച്ചാ സാഹചര്യം പരിഗണിച്ച് സൗജന്യ ഭക്ഷ്യ ധാന്യവും മണ്ണെണ്ണയും തൊഴിലുറപ്പ് പദ്ധതിയില്‍ അധിക ജോലി സമയവും അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

കൃഷിമന്ത്രി വിഎസ് സുനില്‍കുമാറും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും കേന്ദ്ര കൃഷിമന്ത്രി രാധാ മോഹല്‍ നിങ്ങുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ചൂണ്ടികാട്ടിയത്. തുടര്‍ന്നാണ് വരള്‍ച്ചാ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘത്തെ ഉടന്‍ അയക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. കേന്ദ്ര കൃഷി വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പത്ത് മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ സംഘത്തില്‍ ഉണ്ടാവും.

അതേസമയം, കേരളത്തിലെ മന്ത്രി സംഘവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ആഭ്യന്തര മന്ത്രി സമയം അനുവദിച്ചില്ല. സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് രാജ്‌നാഥ് സിംഗും സമാന നിലപാട് സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് പ്രത്യേകമായി വകുപ്പ് മന്ത്രിമാരെ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News