സംസ്ഥാനത്ത് 84 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്ക് ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് 84 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. പൊന്മുടി ഗസ്റ്റ് ഹൗസിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിന് നാല് കോടി രൂപയും, നിലവിലെ പൊന്മുടി ഗസ്റ്റ്ഹൗസ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 93 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

തിരുവനന്തപുരം കോലത്തുകരയില്‍ തീര്‍ത്ഥാടന ടൂറിസത്തിനായി 2.39കോടി രൂപയും, ശംഖുമുഖം ബീച്ചിലെ മണ്ഡപം, കുളം എന്നിവയുടെ നവീകരണത്തിനും, ഹെറിറ്റേജ് ഷോപ്പുകളുടെ നിര്‍മ്മാണത്തിനുമായി 1.26 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് മാനാഞ്ചിറ സ്!ക്വയര്‍ നവീകരണത്തിന് 1.70കോടി രൂപ, മിഠായിത്തെരുവ് നവീകരണത്തിന് 3.65 കോടി രൂപയും, കോഴിക്കോട് ടൂറിസം റീജിയണല്‍ ഓഫീസും ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററും നിര്‍മ്മിക്കുന്നതിന് 1.95 കോടി രൂപയും അനുവദിച്ചു.

കണ്ണൂര്‍ പയ്യാമ്പലം ബീച്ച് സൗന്ദര്യവത്കരണത്തിന് 3.5കോടി രൂപയും, പഴയ മൊയ്തുപാലം സംരക്ഷണത്തിനും പുനരുപയോഗത്തിനും പൂന്തോട്ടനിര്‍മ്മാണത്തിനുമായി 1.44കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പീച്ചി അണക്കെട്ട് മേഖല സൗന്ദര്യവത്കരിക്കുന്നതിനും, ബൊട്ടാണിക്കല്‍ ഗാര്‍ഡനും വേണ്ടി 4.90 കോടി രൂപയാണ് അനുവദിക്കുന്നത്. കാരാപ്പുഴ അണക്കെട്ടും പരിസരവും പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന് 4 കോടി രൂപയും അനുവദിച്ചു. പത്തനംതിട്ടയിലെ പെരുന്തേനരുവിയില്‍ ഡോര്‍മെറ്ററി കം അമിനിറ്റി സെന്റര്‍ നവീകരണത്തിനായി 3.23 കോടി രൂപ അനുവദിച്ചു.

ഇടുക്കി അരുവിക്കുഴി ടൂറിസം വികസനത്തിന് 4.97 കോടി രൂപയും, മലയാറ്റൂര്‍ കുരിശുമുടി ടൂറിസം സൗകര്യത്തിനായി2.30 കോടി രൂപയും അനുവദിച്ചു. വൈപ്പിന്‍ ദ്വീപിലെ ബീച്ച് വികസനത്തിനായി 4.50 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ടൂറിസം വികസനത്തിന് ഉത്തേജനം നല്‍കാന്‍ കോടിക്കണക്കിന് രൂപയുടെ ഭരണാനുമതി നല്‍കിയതിലൂടെ കഴിയുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here