വിദ്യാധരൻ ഉള്ള കാലം വരെ യുഎഇയിൽ ഒരു മൃതദേഹവും അനാഥമായി കിടക്കില്ല; നാട്ടിലേക്ക് അയയ്ക്കുന്നതു വരെ എന്തിനും ഏതിനും 60കാരനായ വിദ്യാധരൻ ഉണ്ടാകും

മരണം അയാൾക്കു ഒരു സാധരണ സംഭവം മാത്രമാണ്. വിദ്യാധരൻ ഉള്ള കാലം വരെ യുഎഇയിൽ ഒരു മൃതദേഹം പോലും അനാഥമായി കിടക്കാൻ അനുവദിക്കില്ല. യുഎയിലെ ഉമ്മുൽകുവൈൻ എന്ന എമിറേറ്റിൽ ഒരു കൊച്ചുവീട്ടിൽ പൂച്ചകളോടൊത്തു ജീവിക്കുന്ന അറുപതുകാരനായ തിരുവനന്തപുരം കിളിമാനൂർ ഈരിതനാട് സ്വദേശി വിദ്യാധരൻ ഇതിനകം 4000 മൃദദേഹങ്ങൾ നാട്ടിലേക്കയച്ചിട്ടുണ്ട്.

ഒരു സ്‌കൂൾ ബസ് ഡ്രൈവർ ആയ വിദ്യാധരനു വരുന്ന ഫോൺ കോളുകളിൽ ഒന്നെങ്കിലും മരണവിവരം ആയിരിക്കും അറിയിക്കുന്നത്. പിന്നെ വിദ്യാധരനു തിരക്കുകളുടെ നേരമാണ്. അതു മലയാളി ആകണമെന്നില്ല. അപകടം, ആത്മഹത്യ, സ്വാഭാവിക മരണം മുതൽ ദുരൂഹമരണം വരെ ഏതുമാകട്ടെ എല്ലാ നടപടിക്രമങ്ങൾക്കും വിദ്യാധരൻ കൂടെയുണ്ടാകും. ഏതു മരണം ആണെങ്കിലും മൃതദേഹം മോർച്ചറിയിൽ നിന്നും സംസ്‌ക്കരിക്കാൻ സഹായിച്ചു നാട്ടിലേക്ക് വിമാനം കയറ്റി അയയ്ക്കുന്നതു വരെ വിദ്യാധരൻ ഒപ്പമുണ്ടാകും.

ഗൾഫിൽ നിന്നും മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കുന്നതിനു ഒട്ടനവധി ഔദ്യോഗിക കടമ്പകൾ കടക്കാനുണ്ട്. ഗൾഫിലെ മാത്രമല്ല ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ഔദ്യോഗിഗമായ ഫയലുകൾ ശരിയാക്കണം, വിമാനത്തിൽ കയറ്റി അയയ്ക്കുന്നതിനുള്ള സഹായം ചെയ്യണം. എല്ലാം ചെയ്തുതീർക്കാൻ ചിലപ്പോൾ ദിവസങ്ങൾ തന്നെ വേണ്ടിവരും. അപകട മരണമോ ആത്മഹത്യയോ ആണെങ്കിൽ പൊലീസിന്റെ വെരിഫിക്കേഷനും വേണം.

ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതെ വരുമ്പോൾ മൃതദേഹങ്ങൾ മോർച്ചറിയിൽ തന്നെ കിടക്കും. കൂടെ ജോലി ചെയ്യുന്നവരോ ഇവിടെയുള്ള സുഹൃത്തുക്കളോ അറിയിക്കുമ്പോഴും നാട്ടിലെ ബന്ധുക്കൾ അറിയിക്കുന്ന വിവരം വിദ്യാധരൻ കൈരളി ടി.വി ദുബായ് ബ്യൂറോയെ അറിയിക്കുമ്പോഴും വിദ്യാധരൻ ഉടൻ തയ്യാറാവുന്നു.

സ്‌കൂൾ ബസ് ഡ്രൈവർ ആയ വിദ്യാധരൻ തന്റെ ശമ്പളത്തിന്റെ ഒരു ഭാഗവും ജോലി സമയം കഴിഞ്ഞുള്ള സമയവും ഈ സേവനത്തിനായി സമർപ്പിക്കുന്നു. തീർത്തും ആത്മസമർപ്പണം തന്നെയാണ് വിദ്യാധരന്റേത്. നാട്ടിൽ സഹോദരങ്ങളുടെ വിവാഹങ്ങൾ നടത്തി, അച്ഛനും അമ്മയ്ക്കുമായി ഒരു വീട്. എല്ലാം ചെയ്തു കഴിഞ്ഞപ്പോൾ വിദ്യാധരനു തന്റെ വിവാഹം വേണ്ടെന്നു വെക്കേണ്ടുന്ന അവസ്ഥയായി.

കുറേ പൂച്ചകളാണ് വിദ്യാധരന്റെ ഉമ്മുൽകുവൈനിലെ കൊച്ചു വാടകവീട്ടിലെ കൂട്ട്. ‘വിവാഹം, സ്വന്തമായി കുടുംബം ഒന്നും വേണ്ടെന്നു വെച്ചു. ഇത്രയും കാലം മറ്റുള്ളവർക്കു വേണ്ടി ജീവിച്ചില്ലേ അതുതന്നെ മതി. ഇനി മരണം., അതും എനിക്കിപ്പോൾ നിസ്സാരം’-നിസ്സംഗമായ ചിരിയോടെ വിദ്യാധരൻ കൈരളി ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

ഇ.എം അഷറഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here