വേനൽചൂട് കടുക്കുമ്പോൾ ശ്രദ്ധിക്കുക; ഇവയൊക്കെയാണ് നിങ്ങൾ പേടിക്കേണ്ടത്

പൊതുവെ വേനൽ അസഹ്യതയുടെ കാലമാണ്. വേനൽചൂട് കൂടുംതോറും ശരീരം വെന്തുരുകാൻ തുടങ്ങുന്നു. ദാഹവും ക്ഷീണവും ശരീരത്തെ വലയ്ക്കുന്നു. ശരീരത്തിലെ ജലാംശത്തിന്റെ നഷ്ടമാണ് ഇതിനു പ്രധാനകാരണം. ഡിഹൈഡ്രേഷൻ അഥവാ നിർജലീകരണം മരണത്തിനുതന്നെ കാരണമാകുന്നു. വേനലിന്റെ ആധിക്യത്തിൽ ലക്ഷക്കണക്കിന് ആളുകളാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വർഷംതോറും മരിക്കുന്നത്. കുടിവെള്ളക്ഷാമവും കുടിക്കുന്ന വെള്ളത്തിലെ മാലിന്യങ്ങളുടെ സാന്നിധ്യവും ഒരുപോലെ രോഗങ്ങൾക്ക് കാരണമാകുന്നു. വിയർപ്പുകുരു മുതൽ മാരകമായ സൂര്യാഘാതം വരെ നിരവധി പ്രശ്‌നങ്ങൾ വേനൽകാലത്തുണ്ടാകുന്നുണ്ട്.

മനുഷ്യശരീരത്തിന്റെ 75 ശതമാനവും ജലമാണ്. ദിവസേനയുള്ള പ്രവർത്തനങ്ങളുടെ ഫലമായി ശരീരത്തിൽനിന്ന് വൻതോതിൽ ജലം നഷ്ടമാകുന്നു. മലമൂത്ര വിസർജനം, വിയർപ്പ് എന്നിവ മാത്രമല്ല, ശ്വാസോച്ഛ്വാസത്തിൽ കൂടിയും ജലാംശം നഷ്ടമാകുന്നുണ്ട്. ഇങ്ങനെ പുറത്തേക്ക് പോകുന്ന ജലാംശം ശരീരത്തിലേക്ക് എത്തേണ്ടതുണ്ട്. പലകാരണങ്ങളാലും ഇതിന്റെ അളവിൽ കുറവുണ്ടാകുമ്പോഴാണ് ശരീരം രോഗത്തിനു കീഴ്‌പ്പെടുന്നത്. ശരീരത്തിലെ ജലത്തിന്റെ അളവിനേക്കാൾ കൂടുതലായി നഷ്ടമാകുമ്പോഴാണ് ശരീരം പ്രതികരിക്കുന്നത്.

ദാഹമാണ് ജലനഷ്ടത്തോടുള്ള ശരീരത്തിന്റെ ആദ്യപ്രതികരണം. മൂത്രത്തിന്റെ അളവ് കുറയുകയും സാന്ദ്രത കൂടി മഞ്ഞനിറമായിത്തീരുകയും ചെയ്യും. തുടർന്ന് ശരീരം മുഴുവനായി വരളുക, പ്രത്യേകിച്ച് വായയും കണ്ണും വരണ്ടുണങ്ങുക, പേശികൾ വലിഞ്ഞു മുറുകുക, ഛർദ്ദിക്കാനുള്ള തോന്നലുണ്ടാകുകയും നെഞ്ചിടിപ്പ് കൂടുകയും ചെയ്യുക. എന്നിവയ്ക്ക് പുറമെ തലവേദനയും സാധാരണയാണ്. ജലനഷ്ടം രൂക്ഷമാകുന്നതോടെ താങ്ങാനാവാത്ത തളർച്ചയും ബോധക്ഷയവും സംഭവിക്കും. ഈ അവസ്ഥയിൽ അടിയന്തര സഹായം ലഭിക്കാത്തപക്ഷം അത് മരണത്തിനുതന്നെ കാണമാകും.

രോഗിയുടെ ശരീരത്തിലേക്ക് ഒട്ടും വൈകാതെ ജലം നൽകുകയാണ് പരിഹാരമാർഗമായി ആദ്യം ചെയ്യേണ്ടത്. ചില സമയത്ത് അവശനായ രോഗിക്ക് കുടിക്കാൻ വെള്ളം നൽകിയാൽ തന്നെ ആവശ്യത്തിനു വെള്ളം അകത്താക്കാൻ കഴിയാതെ വരും. ഇത് പ്രശ്‌നം കൂടുതൽ സങ്കീർണമാക്കും. ഇത്തരം സന്ദർഭത്തിൽ ആശുപത്രിയിൽ എത്തിച്ച് ഗ്ലൂക്കോസ് നൽകേണ്ടി വരും.

സൂര്യാഘാതമാണ് മറ്റൊരു മാരകമായ അവസ്ഥ. കടുത്ത വേനലിൽ തുറസ്സായ സ്ഥലത്ത് കൊടുംവെയിലിൽ കഴിയേണ്ടി വരുന്നവരിലാണ് സൂര്യാഘാതമുണ്ടാകുക. സൂര്യരശ്മികളിൽ നിന്നുള്ള അൾട്രാവയലറ്റ് റേഡിയേഷൻ തൊലിപ്പുറത്ത് സൃഷ്ടിക്കുന്ന പൊള്ളലാണ് ഇത്. കടലിൽ മത്സ്യബന്ധനത്തിന് പോകുന്നവരിലും തണലിടങ്ങളില്ലാത്ത പ്രദേശത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്കുമാണ് സൂര്യാഘാതമുണ്ടാകുക. തൊലിപ്പുറം പൊള്ളലേറ്റ് നിറംമാറുകയും കടുത്തവേദന അനുഭവപ്പെടുകയുമാണ് ഒരു ലക്ഷണം. സൂര്യാഘാതവും ഉടൻ ചികിത്സിച്ചില്ലെങ്കിൽ മരണംവരെയും സംഭവിക്കാം. ഭാവിയിൽ തൊലിപ്പുറത്തുണ്ടാകുന്ന അർബുദത്തിനും ഇത് കാരണമാവും.

പകർച്ചവ്യാധികളാണ് മറ്റൊരു ഭീഷണി. വേനൽക്കാലം തുടങ്ങുന്നതോടെ വ്യാപകമായി പ്രത്യക്ഷപ്പെടുന്ന ഒരു രോഗമാണ് ചെങ്കണ്ണ്. വൈറസുകളാണ് ഇതിന് കാരണം. കണ്ണുകൾക്ക് കടുംചുവപ്പ് നിറം, വേദന, ചൊറിച്ചിൽ, കണ്ണുനീർ പ്രവാഹം എന്നിവയാണ് പ്രധാന ലക്ഷണം. അപൂർമായി കാഴ്ചക്ക് മങ്ങലും പനിയും കണ്ടുവരുന്നുണ്ട്. കണ്ണിന് പൂർണവിശ്രമം നൽകുകയും മരുന്നുകൾ ഉപയോഗിക്കുകയും ചെയ്താൽ ചെങ്കണ്ണ് ഒരാഴ്ചകൊണ്ട് സുഖപ്പെടും. ചിലപ്രത്യേക വൈറസുകൾ മൂലമുണ്ടാകുന്ന ചെങ്കണ്ണ് മാസങ്ങളോളം നീണ്ടുനിൽക്കാറുണ്ട്. പകരാൻ സാധ്യതയുള്ളതിനാൽ രോഗിയുമായി മറ്റുള്ളവർ നേരിട്ട് സമ്പർക്കം പുലർത്താതിരിക്കാൻ ശ്രദ്ധിക്കണം. രോഗി ഉപയോഗിക്കുന്ന ടവൽ, തുവർത്തുമുണ്ട് എന്നിവ തൊടരുത്. പൊതുവായി ഉപയോഗിക്കുന്ന കുളിമുറി, വാഷ്‌ബേസിൻ എന്നിവ ഉപയോഗിക്കാതിരിക്കാൻ രോഗിയും ശ്രദ്ധിക്കണം.

മൂത്രാശയ രോഗങ്ങളാണ് മറ്റൊരു വെല്ലുവിളി. ശരീരത്തിലെ ജലാംശത്തിന്റെ നഷ്ടം കാരണം മൂത്രത്തിന്റെ അളവ് കുറയുകയും മൂത്രനാളിയിൽ അണുബാധയുണ്ടാകുകയും ചെയ്യുന്നതാണ് സാധാരണ കണ്ടുവരുന്ന രോഗം. വേദനയോടെ ഇടക്കിടെ മൂത്രമൊഴിക്കൽ, വിറയലോടുകൂടിയ കടുത്ത പനി, ശരീരവേദ എന്നിവക്ക് പുറമെ മൂത്രത്തിന് നിറവ്യത്യാസവും രക്തംകലർന്ന മൂത്രവും ഈ രോഗത്തിൻറെ ലക്ഷണങ്ങളാണ്. ധാരാളം വെള്ളംകുടിക്കുക, ഫലപ്രദമായ ആൻറിബയോട്ടിക്കുകൾ കൃത്യമായ അളവിലും കാലയളവിലും കഴിക്കുക എന്നതാണ് ചികിത്സ. രോഗലക്ഷണം കണ്ടാലുടൻ വൈദ്യസഹായം തേടണം.

മൂത്രത്തിലെ കല്ലാണ് മറ്റൊരു രോഗം. പുറംഭാഗത്ത് അരക്കെട്ടിന് തൊട്ടുമുകളിലായി കടുത്തവേദനയാണ് പ്രധാനലക്ഷണം. രക്തം കലർന്ന മൂത്രവും മറ്റൊരു ലക്ഷണമാണ്. അൾട്രാസൗണ്ട് സ്‌കാനിങ്ങിലൂടെയും മൂത്രപരിശോധന മുഖേനയും കല്ലിന്റെ സാന്നിധ്യം ഉറപ്പുവരുത്താം. വൃക്കക്കുള്ളിലെ കല്ലിന്റെ വലുപ്പത്തിനും സ്വഭാവത്തിനുമനുസരിച്ച് വേദനയുടെ കാഠിന്യത്തിന് എറ്റക്കുറച്ചിൽ വരാം. പലപ്പോഴും അസഹ്യമായ വേദനമൂലം രോഗി ഛർദിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്യാറുണ്ട്. ഒരു വിദഗ്ധ ഡോക്ടറുടെ സേവനം ഈ അവസരത്തിൽ നിർബന്ധമാണ്. മൂത്രത്തിലൂടെ വൃക്കയിലും മൂത്രസഞ്ചിയിലും അടിഞ്ഞുകൂടുന്ന രാസവസ്തുക്കൾ ക്രമേണ പരലുകളായി രൂപപ്പെടുന്നതാണ് ഈ രോഗത്തിന് കാരണം. അത്യാവശ്യഘട്ടങ്ങളിൽ ശസ്ത്രക്രിയ ആവശ്യമായിവരും. മരുന്ന് കഴിച്ച് കല്ലുകൾ മൂത്രനാളിവഴി പുറംതള്ളുന്ന ചികിത്സയും കല്ല് അലിയിച്ചുകളയുകയോ പൊടിച്ചുകളയുകയോ ചെയ്യുന്ന അത്യാധുനിക ചികിത്സയും നിലവിലുണ്ട്.

വേനലിൽ വ്യാപകമായി പടർന്നുപിടിക്കുന്ന മറ്റൊരു രോഗമാണ് ചിക്കൻപോക്‌സ്. കടുത്ത പനിയും ശരീരവേദനയും തുടർന്ന് ശരീരത്തിൽ വെളുത്തനിറത്തിലുള്ള ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുന്നതുമാണ് രോഗലക്ഷണം. വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം പൊതുവെ രണ്ടാഴ്ചകൊണ്ട് സുഖപ്പെടുമെങ്കിലും എളുപ്പത്തിൽ പടർന്നുപിടിക്കുന്നതിനാൽ രോഗിയുമായി ഒരു തരത്തിലും ബന്ധപ്പെടാതിരിക്കാൻ സൂക്ഷിക്കണം.

ധാരാളം വെള്ളം കുടിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്താൽ വേനൽക്കാലരോഗങ്ങളെ ഒരു പരിധിവരെ നേരിടാം. അയവുള്ള കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും ഒന്നിലധികം തവണ കുളിക്കുന്നതും ചർമരോഗത്തെ ചെറുക്കാൻ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here