കേരളത്തിന്റെ സ്വന്തം എസ്ബിടി ഇന്നു കൂടി മാത്രം; എസ്ബിഐയുമായുള്ള ലയനം ശനിയാ‍ഴ്ച; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ടെന്ന് എസ്ബിഐ

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്ന പേര് ഇന്നത്തോടെ അപ്രത്യക്ഷമാകുന്നു. എസ്ബിടിയുടെ സ്ഥാനത്ത് ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന പേര് ശനിയാഴ്ചയോടെ പ്രത്യക്ഷമാകും. ലയനത്തിന് മുന്നോടിയായി എസ്ബിടി ശാഖകളുടെയും എടിഎമ്മുകളുടെയും പേര് മാറ്റിത്തുടങ്ങി.

ലയനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എസ്ബിടിയുടെ ഹെഡ് ഓഫീസ് മന്ദിരം എസ്ബിഐയുടെ ലോക്കല്‍ ഹെഡ് ഓഫീസായി മാറിക്കഴിഞ്ഞു. നിലവില്‍ എസ്ബിടിയുടെ ബ്രാഞ്ചുകളൊന്നും നിര്‍ത്തലാക്കില്ല. എന്നാല്‍ ആശയക്കുഴപ്പെ ഒഴിവാക്കുന്നതിനായി എസ്ബിഐക്ക് സമീപമുള്ള എസ്ബിടി ബ്രാഞ്ചുകളുടെ പേരിനൊപ്പം ടൗണ്‍ ബ്രാഞ്ച് എന്ന് ചേര്‍ക്കും.

രേഖകളിലെല്ലാം എസ്ബിടി എന്നത് എസ്ബിഐ എന്ന് മാറുന്നതല്ലാതെ ഇടപാടുകാരെ ബാധിക്കുന്ന മാറ്റങ്ങളൊന്നും ഇപ്പോഴില്ലെന്ന് എസ്ബിഐ അധികൃതര്‍ അറിയിച്ചു. എസ്ബിടിയുടെ ചെക്ക്ബുക്കും എടിഎം കാര്‍ഡുകളും ഉപയോഗിക്കുന്നവര്‍ക്ക് മൂന്ന് മാസത്തേക്ക് തുടര്‍ന്നും അതുപയോഗിക്കാം. ഈ കാലയളവിനുള്ളില്‍ എസ്ബിഐയുടെ പുതിയ ചെക്ക്ബുക്കും പാസ് ബുക്കും വിതരണം ചെയ്യും.

ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചിരുന്ന എസ്ബിടി ഇടപാടുകാര്‍ ഏപ്രില്‍ ഒന്ന് മുതല്‍ www.onlinesbi.com എന്ന സൈറ്റിലേക്കാണ് ലോഗിന്‍ ചെയ്യേണ്ടത്. നിലവിലെ എടിഎം കാര്‍ഡുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. അക്കൗണ്ടിലെ ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനു നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പഴയതുപോലെ തന്നെ മൊബൈലിലും വിവരങ്ങള്‍ ലഭിക്കും. ഇ-സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെയുള്ളവ ലഭിക്കുന്നതിനു ഇ-മെയില്‍ അഡ്രസും പുതുതായി റജിസ്റ്റര്‍ ചെയ്യേണ്ടതില്ല. വായ്പകളുടെയും മറ്റും തിരിച്ചടവ് ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ സംബന്ധിച്ചു നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ അതുപോലെ തന്നെ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News