ഏഴിമലയിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ വിദഗ്ദ സമിതി; റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സന്നദ്ധമെന്ന് നേവല്‍ അക്കാദമി; പ്രശ്‌നപരിഹാരം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍

കണ്ണൂര്‍ : ഏഴിമല നാവിക അക്കാദമി മാലിന്യ പ്രശ്‌നം പരിശോധിക്കുന്നതിനായി വിദഗ്ദ്ധ ടീമിനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തയ്യാറാണെന്ന് നേവല്‍ അക്കാദമി അധികൃതര്‍ ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ പയ്യന്നൂരില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

ഏഴിമല നാവിക അക്കാദമിയിലെ മാലിന്യസംസ്‌കരണ പ്ലാന്റില്‍ നിന്നും ജനവാസ കേന്ദ്രങ്ങളിലെ കിണറുകളിലേക്ക് മലിനജലം ഒഴുകി എത്തുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി രാമന്തളിയിലെ ജനങ്ങള്‍ ദുരിതത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിടപെട്ടത്.

നേവല്‍ അക്കാദമി അധികൃതരുമായും ജനപ്രതിനിധികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. മാലിന്യ പ്രശ്‌നം പരിശോധിക്കാന്‍ വിദഗ്ദ്ധര്‍ അടങ്ങിയ ടീമിനെ നിയോഗിക്കുമെന്ന് ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു. പരിശോധനാ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ പുറത്ത് വരും. വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തയ്യാറാണെന്ന് നേവല്‍ അക്കാദമി അധികൃതര്‍ ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

നാട്ടുകാര്‍ക്ക് ഒരു വിധത്തിലുള്ള ആശങ്കയും വേണ്ടതില്ല. ശുദ്ധജലം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തും. ജനങ്ങള്‍ പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News