മമ്മൂട്ടി അവളെ രാജകുമാരി എന്നു വിളിച്ചു; അവളുടെ സിവിൽ സർവീസ് സ്വപ്‌നങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ചു; കൈരളി ജ്വാല പുരസ്‌കാരം നേടിയ മാളു ഷെയ്കയ്ക്ക് മമ്മൂട്ടിയുടെ സഹായഹസ്തം

കൊച്ചി: മമ്മൂട്ടി അവളെ രാജകുമാരി എന്നു വിളിച്ചു. അവളുടെ സിവിൽ സർവീസ് പ്രതീക്ഷകൾക്ക് താങ്ങായി, തണലായി ഒപ്പമുണ്ടാകുമെന്നും പ്രഖ്യാപിച്ചു മലയാളിയുടെ പ്രിയപ്പെട്ട മെഗാസ്റ്റാർ. കൈരളി ടിവിയുടെ ജ്വാല പുരസ്‌കാരം നേടിയ മാളു ഷെയ്കയുടെ തുടർപഠനത്തിനുള്ള എല്ലാ ചെലവും വഹിക്കുമെന്നു മമ്മൂട്ടി പൊതുവേദിയിൽ പ്രഖ്യാപിച്ചു. ജ്വാല പുരസ്‌കാരദാന ചടങ്ങായിരുന്നു വേദി. മമ്മൂട്ടി തന്നെ വാർത്തകളിൽ നിന്നും തെരഞ്ഞെടുത്ത് പുരസ്‌കാരത്തിനായി നിർദേശിച്ച പേരാണ് മാളു ഷെയ്ക്ക എന്ന 21 കാരിയുടേത്.

മാളു ഷെയ്ക്ക. കെട്ടുകഥ പോലൊരു ജീവിതത്തിനുടമയാണ് അവൾ. ഫെബ്രുവരി 20 ന് വേമ്പനാട്ട് കായൽ നീന്തിക്കടന്ന ആദ്യ പെൺകുട്ടിയായി മാറിയപ്പോഴാണ് മലയാളി ഇവളെ അറിഞ്ഞത്. പക്ഷേ ആരും നീന്തിക്കയറാത്ത ദുരിതജീവിതത്തിന്റെ കരകാണാക്കടൽ ഏകാകിയായി നീന്തിക്കടന്നവളാണ് അവളെന്ന് എത്ര പേർക്കറിയാം. അച്ഛനും അമ്മയും വേർപിരിയുന്നത് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കാണേണ്ടി വന്നവൾ. കുട്ടിയായ ചേട്ടൻ അനാഥാലയത്തിലേക്കു പോകുന്നത് കണ്ടുനിൽക്കേണ്ടി വന്നവൾ.

പതിനാറാം വയസ്സിൽ അവളുടെ പഠനം മുടങ്ങി. പിന്നാലെ നിർബന്ധിത വിവാഹത്തിനു വഴങ്ങേണ്ടി വരുമെന്നായപ്പോൾ ആലുവ പുഴയിൽ ചാടി മരിക്കാൻ തീരുമാനിച്ചു. ആരോ അന്നു പിന്തിരിപ്പിച്ചത് കൊണ്ടു മാത്രം അവൾ ജീവിതത്തിലേക്കു തിരികെ വന്നു. പിന്നെ ജീവിക്കാൻ ഹോട്ടൽ ജോലിക്കാരിയായി. ഓട്ടോ ഡ്രൈവർ, ലോറി ഡ്രൈവർ, ഡ്രൈവിംഗ് പരിശീലക അങ്ങനെ ഒട്ടേറെ വേഷങ്ങൾ അവൾ കെട്ടിയാടി ഈ ഇരുപത്തിയൊന്നു വയസ്സിനിടയ്ക്ക്. നന്നേ ചെറുപ്രായം മുതൽ പണിയെടുത്ത് പഠിക്കുകയും ജീവിക്കുകയും ചെയ്തു അവൾ.

ഇപ്പോൾ ബിരുദധാരി. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നു. സിവിൽ സർവീസാണ് മാളുവിന്റെ സ്വപ്നം. കൈരളി ടിവിയുടെ ജ്വാല അവാർഡ് വേദിയിൽ മാളുവിന്റെ ജീവിത വഴികൾ വരച്ചുകാട്ടിയ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചപ്പോൾ അമ്പരപ്പോടെ ശ്വാസം അടക്കിപ്പിടിച്ചാണ് സദസ്സ് കണ്ടിരുന്നത്. പുരസ്‌കാരം സ്വീകരിക്കാൻ മാളു വേദിയിലേക്ക് നടന്നു കയറിയപ്പോൾ ഏതോ അദൃശ്യശക്തിയുടെ പ്രേരണ എന്നപോൽ സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്നു. വേദിയിൽ മമ്മൂട്ടി, മന്ത്രി എ.സി മൊയ്തീൻ, ജോൺ ബ്രിട്ടാസ്, മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് തുടങ്ങി ഒട്ടേറെ പ്രമുഖർ.

ആശ്ലേഷിച്ചു കൊണ്ട് മമ്മൂട്ടി അവളെ വേദിയിലേക്ക് സ്വീകരിച്ചു. നിറകണ്ണുകളോടെ അവൾ മമ്മൂട്ടിയിൽ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങി. ആരെയും അമ്പരിപ്പിക്കുന്ന ആത്മവിശ്വാസവും ഇച്ഛാശക്തിയും പ്രതിഫലിപ്പിക്കുന്നതായിരുന്നു മറുപടി പ്രസംഗത്തിലെ വാക്കുകൾ. എന്റെ സ്വപ്നം ഐഎഎസ് ഉദ്യോഗസ്ഥയാകാനാണ്. എന്നെ പോലെ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകാൻ കഴിയുന്ന ഒരു ഐഎഎസ് ഒഫീസർ. നിറഞ്ഞ കരഘോഷത്തോടെ സദസ്സ് അതിനെ പിന്തുണച്ചു.

മമ്മൂട്ടിയുടെ വക ഒരു പ്രഖ്യാപനം ഉണ്ടെന്ന മുഖവുരയോടെ ജോൺ ബ്രിട്ടാസ് മൈക്കിനടുത്തേക്ക്. മാളുവിന്റെ തുടർ വിദ്യാഭ്യാസത്തിനുള്ള മുഴുവൻ ചിലവും അതെത്ര വലുതായാലും മമ്മൂട്ടി വഹിക്കും. ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ ഉടൻ കൈമാറും. സദസ്സ് ഇളകി മറിഞ്ഞു. നീണ്ട കരഘോഷം.

തുടർന്നു പ്രസംഗിച്ച മമ്മൂട്ടി അവളെ രാജകുമാരി എന്നു വിളിച്ചു. മാളു ഷെയ്ക്ക എന്ന പേരിലെ ഷെയ്ക്ക എന്ന അറബി വാക്കിന്റെ അർത്ഥം വിശദീകരിച്ചാണ് അവളെ രാജകുമാരി എന്നു വിശേഷിപ്പിച്ചത്. ഷെയ്ക്ക് എന്നാൽ രാജാവ്, രാജകുമാരൻ. ആ വാക്കിന്റെ സ്ത്രീലിംഗമാണ് അറബി ഭാഷയിൽ ഷെയ്ക്ക. മാളു രാജകുമാരിയാണ്. ഇരുപതു വർഷം കൊണ്ട് നൂറു വർഷത്തെ ജീവിതം അനുഭവിച്ച തീർത്തവൾ.

അവളുടെ ഓരോ വിജയവും മാതൃകയാണ്. മമ്മൂട്ടി പറഞ്ഞു. ആർക്കും ആവേശവും ആത്മവിശ്വാസവും സമ്മാനിക്കുന്ന നിശ്ചയദാർഢ്യത്തിന്റെ മാതൃക. ചടങ്ങ് പൂർത്തിയായി എല്ലാവരും പിരിഞ്ഞ് പിന്നെയും ഏറെ നേരം ഈ വാക്കുകളും നിറഞ്ഞ സദസ്സിന്റെ കരഘോഷവും കുസാറ്റിലെ സെനറ്റ് ഹാളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here