അവരും മനുഷ്യരാണ്; ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതത്തെപ്പറ്റി

കേരളത്തിലെ വിവിധ മേഖലകളില്‍ കാല്‍കോടിയോളം ഇതരസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. പശ്ചിമ ബംഗാള്‍, ബീഹാര്‍, ഒറീസ, ജാര്‍ഖണ്ഡ്, ഗുജറാത്ത്, അസം, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍ പേരും. ജീവിത ദുരിതത്തില്‍ നിന്നുമുള്ള മോചനം സ്വപനം കണ്ട് കേരളത്തിലേക്ക് ഒഴുകിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ സാക്ഷര സമ്പന്നരുടെ നാട്ടില്‍ കൊടും ചൂഷണത്തിന് ഇരയാകുന്നുണ്ട്. ഈ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പലും മടിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ഈ തൊഴിലാളികള്‍ക്ക് സ്ഥിരമായി ഒരു കരാറുകാരനുണ്ടാകില്ല. അഥവാ കരാറുകാരന്റെ പേരോ മേല്‍വിലാസമോ ഒന്നും ഈ തൊഴിലാളികള്‍ക്ക് അറിയില്ലയെന്നതും ചൂഷണത്തിന്റെ അളവ് കൂടുന്നതിന് കാരണമാകുന്നുണ്ട്. തൊഴിലിടങ്ങളില്‍വച്ച് അപകടത്തില്‍പ്പെട്ട് ഒരു ഇതരസംസ്ഥാന ത്തൊഴിലാളി മരണമടഞ്ഞാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നത് പലപ്പോഴും സഹപ്രവര്‍ത്തകരായ തൊഴിലാളികള്‍ പണം പിരിച്ചെടുത്താണ്. ഇക്കാര്യത്തില്‍ പല കരാറുകാരും വലിയ വീഴ്ചയും നാണക്കേടും ഉണ്ടാക്കുന്നുണ്ട്.

തൊഴിലെടുക്കുന്നവര്‍ക്ക് കൂലി നല്‍കാത്തതാണ് എറ്റവും വലിയ പ്രശ്‌നമായി ഉയര്‍ന്നുവന്നിട്ടുള്ളത്. ചിലരെ തൊഴിലെടുപ്പിച്ച് ആഴ്ചയുടെ അവസാനം കൂലി തീര്‍ത്തുനല്‍കും. ചിലയിടത്ത് മാസങ്ങളോളം നീണ്ടുപോകും. ചിലയിടത്ത് വര്‍ഷങ്ങളോളം പണിയെടുപ്പിച്ചതിന് ശേഷം കൂലി നല്‍കാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട് എന്നതാണ് വസ്തുത.

വഞ്ചിതരാകുന്ന ഇതര സംസ്ഥാന ത്തൊഴിലാളികള്‍ പല പോലീസ് സ്‌റ്റേഷനുകളിലും ജില്ലാ അധികാരികള്‍ക്കും പരാതി നല്‍കുമെങ്കിലും ആരും ഇവരുടെ ന്യായമായ ഈ പരാതികള്‍ കാണാറില്ല. പരിഹരിക്കുവാന്‍ തയ്യാറുമല്ലെന്നാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ പറയുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ തൊഴിലെടുപ്പിച്ചതിന് ശേഷം കൂലി നല്‍കാതെ ചൂഷണം ചെയ്യുന്നവരുടെ നാടായിമറുന്നുവെന്ന ആശങ്കയാണ് ഇവിടെ ഉയര്‍ന്നുവരുന്നത്.

മറ്റൊന്ന്, മികച്ച ജീവിതമെന്ന സ്വപ്‌നവുമായി കേരളത്തിലെക്ക് വണ്ടികയറുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പലപ്പോഴും വാസയോഗ്യമായ താമസസ്ഥലം ലഭിക്കുന്നില്ല എന്നതാണ്. ഇവര്‍ക്ക് വാടക വീടുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അഥവാ നല്‍കാന്‍ തയ്യാറായാല്‍ തന്നെ വീട്ടുടമ വലിയ തുകയാണ് വാടകയായി ചോദിക്കുന്നത്.

കുടുംബത്തോടൊപ്പം കേരളത്തിലെത്തിയ നിരവധി പേരുണ്ട്. ഇവരുടെ കുട്ടികളുടെ പഠനം വലിയ വിഷയമാണ്. സംസ്ഥാനത്തെ ചലിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്ന ഈ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങളെ ഗൗരവമായി തന്നെ സമൂഹം പരിഗണിക്കേണ്ടതാണ്. ഇവരുടെ ജീവിത നിലവാരം ഉയര്‍ത്തുവാനും സാമൂഹിക ഉന്നമനത്തിനും വേണ്ട ശ്രമങ്ങളും ഉണ്ടാകേണ്ടത് അവശ്യമാണ്.

നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ കുടിയേറ്റ തൊഴിലാളി ക്ഷേമനിധി സ്‌കീം പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും ഇതിന്റെ പ്രവര്‍ത്തനം വളരെ പരിതാപകരമാണ്. പലര്‍ക്കും ഇതേക്കുറിച്ചൊന്നും അറിയില്ല. വേണ്ടത്ര ഉദ്യോഗസ്ഥര്‍ ഇല്ലയെന്നതും പ്രശ്‌നമാണ്. കുടിയേറ്റ തൊഴിലാളി ക്ഷേമനിധി സ്‌കീമില്‍ തൊഴിലാളി 30 രൂപ അടച്ച് അംഗമായാല്‍ ആ തൊഴിലാളിക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും.

അപകടം പറ്റിയാല്‍ ചികത്സാസഹായം, മരണമടഞ്ഞാല്‍ മൃതദേഹം നാട്ടില്‍ എത്തിക്കുക, കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം എന്നിവയൊക്ക ഈ സ്‌കീമിന്റെ പ്രത്യേകതയാണ്. തൊഴിലെടുക്കാനെത്തുന്നവര്‍ ഈ സ്‌കീമില്‍ ഉള്‍പ്പെട്ടവരാണോയെന്ന് പരിശോധിക്കാന്‍ കഴിയുന്നത് കരാറുകാരനാണ്. അവര്‍ കൃത്യമായി ഇത് നിറവേറ്റാനുള്ള ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്.

എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ പലപ്പോഴും ഈക്കാര്യങ്ങള്‍ പരിശോധിക്കാന്‍ കരാറുകാരോ ഉദ്യോഗസ്ഥരോ തയ്യാറാകുന്നില്ല. ക്ഷേമനിധി സ്‌കീമിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ ഈ മേഖലയില്‍ പകുതിയോളം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. ഇതുപോലെ പടിപടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ഉന്നമനത്തിന് നടപ്പാക്കണമെന്ന ആവശ്യവും ഉയരേണ്ടിയിരിക്കുന്നു. അവരും മനുഷ്യരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News