കോക്ക്‌ടെയിലിനു ഇന്നു നാലു വയസ്സ്

കൈരളി പീപ്പിൾ ടിവി സംപ്രേഷണം ചെയ്യുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയായ കോക്ക്‌ടെയിൽ ഇന്നു സംപ്രേഷണത്തിന്റെ നാലു വർഷം പൂർത്തിയാക്കുകയാണ്. 2013 ഏപ്രിൽ ഒന്നിനാണ് ദൈനംദിന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടി എന്ന നിലയിൽ കോക്ക്‌ടെയിൽ ആരംഭിച്ചത്. ഇതുവരെ 942 എപ്പിസോഡുകൾ സംപ്രേഷണം ചെയ്തു കഴിഞ്ഞു. മലയാള വാർത്താചാനൽ ചരിത്രത്തിലെ രണ്ടാമത്തെ ദൈനംദിന ആക്ഷേപഹാസ്യ പരിപാടിയാണ് കോക്ക്‌ടെയിൽ.

പ്രതിവാര രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയെ ദൈനംദിന പരിപാടിയായി ആദ്യം പരിഷ്‌കരിച്ചത് റിപ്പോർട്ടർ ടിവിയാണ്. പിന്നീട് പീപ്പിൾ കോക്ക്‌ടെയിൽ ആരംഭിച്ചു. തുടർന്ന് മറ്റു ചാനലുകളും പ്രതിദിന പരിപാടി തുടങ്ങാൻ നിർബന്ധിതമായി. ഇന്നു എല്ലാ ചാനലുകളുടെയും പ്രധാന സ്ലോട്ട് ആക്ഷേപഹാസ്യ പരിപാടികൾക്കു വേണ്ടി നീക്കിവെച്ചിരിക്കുകയാണ്. പത്രങ്ങളിലെ കാർട്ടൂൺ വിഭാഗം പോലെ ചാനലുകൾക്കും ഒഴിച്ചുകൂടാനാവാത്തതായിരിക്കുന്നു രാഷ്ട്രീയ ആക്ഷേപഹാസ്യം.

ഇതിനു കാരണക്കാരനായവരിൽ ഒരുവൻ എന്ന ചാരിതാർഥ്യത്തോടെയാണ് കോക്ക്‌ടെയിലിന്റെ നിർമ്മാണവും അവതരണവും തുടരുന്നത്. ആക്ഷേപഹാസ്യം അവതരിപ്പിക്കുമ്പോൾ പുലർത്തേണ്ട മാന്യതയും ധാർമ്മികതയും ഇതുവരെയും പാലിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ആക്ഷേപങ്ങൾ വ്യക്ത്യധിഷ്ഠിതമാകാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. കോക്ക്‌ടെയിലിന്റെ തുടക്കത്തിൽ ഞങ്ങളുമായി സഹകരിച്ച അനിൽ നെടുമങ്ങാടിന് പ്രത്യേകം നന്ദി അറിയിക്കുന്നു. അനിൽ ഇന്ന് മലയാള സിനിമയിൽ തിരക്കുള്ള നടനാണ്.

സംപ്രേഷണം തുടർന്നുപോകാൻ കരുത്താകുന്നത് പ്രേക്ഷകരുടെ പിന്തുണയല്ലാതെ മറ്റൊന്നുമല്ല. തുടർന്നും പിന്തുണ പ്രതീക്ഷിച്ചുകൊണ്ട് ഏവർക്കും നന്ദി അറിയിക്കുന്നു. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 ന് ഇനിയും കാണണം.

എന്ന് ടീം കോക്ക്‌ടെയിലിനു വേണ്ടി സുരരാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here