ഇടുക്കിയെ പ്രധാന പച്ചക്കറി ഹബ് ആക്കി മാറ്റുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ; പീരുമേട് മണ്ഡലത്തിൽ അഗ്രോ പാർക്ക് സ്ഥാപിക്കും

ഇടുക്കി: ഇടുക്കി ജില്ലയെ പ്രധാന പച്ചക്കറി ഹബ് ആക്കി മാറ്റുമെന്നും പീരുമേട് മണ്ഡലത്തിൽ അഗ്രോ പാർക്ക് സ്ഥാപിക്കുമെന്നും കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. ജില്ലാതല പച്ചക്കറി കര്‍ഷക അവാര്‍ഡ്‌ വിതരണവും ജൈവ കാര്‍ഷിക സംഗമവും വണ്ടിപ്പെരിയാറ്റില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

കേരള ഓർഗാനിക് എന്ന പേരിൽ ജൈവ പച്ചക്കറികൾ വിപണിയിലെത്തിക്കും.ഇതിനായി ആയിരത്തിലധികം വിൽപ്പന കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്.മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് ഇവ വിതരണം നടത്തുന്നത്. കേരള ജനതയുടെ ആരോഗ്യം മുൻനിർത്തി മണ്ണും ജലവും ശുദ്ധീകരിച്ച് വിഷ രഹിതമായ കാർഷിക ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനാണ് കൃഷി വകുപ്പ് ശ്രമിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.

ഓർഗാനിക് എന്ന പേരിൽ തട്ടിപ്പു നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ധേഹം ഓർമ്മപ്പെടുത്തി.കമ്യൂണിറ്റി ഹാളില്‍ നടന്ന പൊതുസമ്മേളനത്തിൽ കൃഷി വകുപ്പ്‌ മന്ത്രി വി എസ്‌ സുനില്‍ കുമാര്‍ കർഷകർക്ക് അവാര്‍ഡ്‌ വിതരണം ചെയ്തു. ഇ എസ്‌ ബിജിമോള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ ആയിരത്തോളം കര്‍ഷകരെ പങ്കെടുപ്പിച്ചുള്ള വികസന സെമിനാറും നടന്നു.

കൃഷി വകുപ്പ്‌ നടപ്പിലാക്കിയ സമഗ്ര പച്ചക്കറി വികസന പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവച്ച വിദ്യാലയങ്ങള്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ പച്ചക്കറി കര്‍ഷകര്‍, ക്ലസ്റ്ററുകള്‍ കൃഷി ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ആദരിച്ചത്.

2016-17ലെ നിയോജക മണ്ഡലങ്ങള്‍ക്കുള്ള സംസ്ഥാന തല ജൈവ കൃഷി അവാര്‍ഡ്‌ മൂന്നാം സ്ഥാനം നേടിയ പീരുമേട്‌ നിയോജക മണ്ഡലത്തിലെ ജൈവ കര്‍ഷകരെയും യോഗത്തിൽ ആദരിച്ചു. ജൈവ കാര്‍ഷിക മണ്ഡലത്തിന്‌ ലഭിച്ച സമ്മാനത്തുകയായ അഞ്ചു ലക്ഷവും എംഎല്‍എ എസ്‌ ഡിഎഫില്‍ നിന്നുള്ള പതിനൊന്നു ലക്ഷവും ചേര്‍ത്ത്‌ പതിനാറു ലക്ഷം രൂപ വീടുപടിക്കല്‍ വിപണി എന്ന പദ്ധതി നടപ്പിലാക്കുന്നതിനായി വാഹനം വാങ്ങുന്നതിനായി നൽകുമെന്നും ഇ.എസ് ബിജിമോൾ എം.എൽ.എ പറഞ്ഞു.

കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ജൈവ വിളകളും മൂല്യവര്‍ദ്ധിത ഉല്‍പ്പനങ്ങളും ഒന്‍പതു പഞ്ചായത്തുകളില്‍ നിന്നും സംഭരിച്ച്‌ ഉപഭോക്താക്കള്‍ക്ക്‌ എത്തിക്കുക എന്നതാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം. കര്‍ഷകര്‍ക്ക്‌ വിപണി ഉറപ്പാക്കുകയും ഉപഭോക്താക്കള്‍ക്ക്‌ ഗുണമേന്‍മയുള്ള ഭക്ഷ്യവസ്‌തുക്കള്‍ ലഭിക്കുകയും ചെയ്യുക എന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here