മാഹിയില്‍ പൂട്ടു വീണത് 32 മദ്യശാലകള്‍ക്ക്; ബാക്കിയുള്ളത് ഒരു ബാറും ഒരു മൊത്തവില്‍പ്പനകേന്ദ്രവും

കണ്ണൂര്‍: മദ്യപന്‍മാരുടെ പറുദീസയായ മാഹി നഗരത്തില്‍ ഒറ്റയടിക്ക് പൂട്ടു വീണത് 32 മദ്യശാലകള്‍ക്ക്. സുപ്രീംകോടതി വിധിയെ തുടര്‍ന്നാണിത്. ദേശീയസംസ്ഥാന പാതകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ പാടില്ലെന്നാണ് സുപ്രീം കോടതി വിധി.

വിധി വന്നയുടന്‍ പൊലീസ് മദ്യശാല ഉടമകളോട് ഏപ്രില്‍ ഒന്നു മുതല്‍ സ്ഥാപനങ്ങള്‍ തുറക്കരുതെന്ന് നിര്‍ദ്ദേശിച്ചു. കോടതി വിധിയനുസരിച്ച് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്ത 32 മദ്യശാലകളുണ്ട് മാഹിയില്‍. ഇതില്‍ 19 എണ്ണം ബാറുകളാണ്. മാഹി നഗരത്തില്‍ 500 മീറ്റര്‍ അകലെ ഒരു ബാറും ഒരു മൊത്തവില്പന കേന്ദ്രവുമാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്.

ഒമ്പതര ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമാണ് പോണ്ടിച്ചേരിയുടെ ഭാഗമായുള്ള മയ്യഴിക്കുള്ളത്. പള്ളൂര്‍, പന്തയ്ക്കല്‍ പ്രദേശങ്ങളില്‍ മദ്യശാലകള്‍ തടര്‍ന്നും പ്രവര്‍ത്തിക്കും. റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി 14 അപേക്ഷകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. 62 വില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ മാഹിയില്‍ മദ്യവില്പ്പനയില്‍ നിന്നുള്ള പ്രതിദിന വരുമാനം രണ്ടു കോടി രൂപയായിരുന്നു.

മാഹിയില്‍ മദ്യത്തിന് കേരളത്തിലേതിനേക്കാള്‍ വിലയും നികുതിയും കുറവാണ്. ഈ കൊച്ചു പട്ടണത്തിലെ മദ്യശാലകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഉപഭോക്താക്കളില്‍ ഭൂരിഭാഗവും മാഹിക്ക് പുറത്തു നിന്നുള്ളവരായിരുന്നു. മാഹിയുടെ വരുമാനം ഗണ്യമായി കുറയുവാന്‍ നിരോധനം കാരണമായേക്കും. എന്നാല്‍ ക്രമസമാധാനം മെച്ചപ്പെടുവാന്‍ ഈ നടപടി സഹായകമാകുമെന്ന പ്രതീക്ഷയിലാണ് മാഹിക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News