പറഞ്ഞു പതിഞ്ഞ ദൃശ്യകഥയില്‍ നിന്നൊരു ടേക് ഓഫ്; നൂറ് ശതമാനം വിജയിച്ച പുത്തന്‍ ആഖ്യാന ശൈലി

കഥ പറച്ചിലിന്റെ സ്ഥിരം രീതികളില്‍ നിന്നും മാറി, ഒരു പുതു പുത്തന്‍ ആഖ്യാനശൈലി പരീക്ഷിക്കപ്പെടുകയാണ് ‘ടേക്ക് ഓഫ്’ എന്ന സിനിമയിലൂടെ. 100 ശതമാനവും വിജയിച്ച ഒരു പരീക്ഷണം. പ്രവാസത്തിന്റെ പൊള്ളുന്ന ഉള്‍ചൂടുകളില്‍ ഉരുകുന്ന നഴ്‌സുമാരുടെ ജീവിതങ്ങളും അവരുടെ പുഞ്ചിരികളും നെടുവീര്‍പ്പുകളും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന നിമിഷങ്ങള്‍. തികച്ചും സമകാലികമായ ഒരു സംഭവം. അതിനെ കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുകയാണ് ടേക്ക് ഓഫ്‌സ എന്ന സിനിമ.

കഥയും തിരക്കഥയും ശരിയായ അളവില്‍ ചേരുമ്പോഴാണ് ഒരു സിനിമ കരുത്താര്‍ജ്ജിക്കുന്നത്. ആദ്യ പകുതിയിലെ തിരക്കഥയുടെ ശക്തി എടുത്തു പറയേണ്ടതാണ്. 2014ല്‍ ‘തിക്രിത്തി’ല്‍ ഐസിസ് ഭീകരര്‍ ബന്ദികളാക്കിയ 46 ഇന്ത്യന്‍ നഴ്‌സുമാരും അവരെ രക്ഷപ്പെടുത്താന്‍ എംബസി നടത്തിയ നയതന്ത്ര ഇടപെടലുകളും. അവിടെ നിന്ന് തുടങ്ങുന്ന തിരക്കഥ അതിഗംഭീരമായി പുരോഗമിക്കുന്നതാണ് ആദ്യ പകുതിയുടെ പ്രത്യേകത. അറേബ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ സംഭവങ്ങളും സംഘര്‍ഷങ്ങളും രക്ത ചൊരിച്ചിലുകളും അസാധ്യമാം വണ്ണം ടേക് ഓഫില്‍ ദൃശ്യവത്കരിച്ചിട്ടുണ്ട്.

രണ്ടാം പകുതിയില്‍ കഥ വേറെ ഒരു തലത്തിലേക്ക് എത്തുകയാണ്.

പ്രണയത്തിന്റെ ശൃംഗങ്ങള്‍ കീഴടക്കിയ കാഞ്ചന മാല എന്ന കഥാപാത്രത്തിനും ചാര്‍ളിയിലെ ടെസ്സക്കും ശേഷം, പാര്‍വതി തകര്‍ത്ത് അഭിനയിച്ച സിനിമയാണ് ടേക്ക് ഓഫ്. ‘സമീറ’ എന്ന ദൈവത്തിന്റെ മാലാഖയായി അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു എന്ന് തന്നെ പറയാം. സമീറ എന്ന സ്ത്രീ തന്നെ ആണ് ചിത്രത്തിന്റെ നട്ടെല്ല്. കഷ്ടപെട്ടു പഠിപ്പിച്ചു വലുതാക്കിയ മാതാപിതാക്കളെ ജീവിതവഴിയില്‍ മറന്നു പോകരുത്.

ജോലിയെടുത്ത് അവരെ സംരക്ഷിക്കണം. പെണ്ണിനും സാമ്പത്തിക സ്വാതന്ത്രം വേണം എന്നിങ്ങനെയുള്ള ജീവിത ആദര്‍ശങ്ങള്‍ കാത്തു സൂക്ഷിക്കുന്ന സ്ത്രീയാണ് സമീറ. ഈ നിലപാടുകള്‍ കാരണം തന്നെ, അവളുടെ ജീവിതത്തില്‍ വന്നു സംഭവിച്ചു പോകുന്ന കാര്യങ്ങള്‍ വളരെ തന്മയത്വ ഭാവത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.

രണ്ടാം പകുതിയില്‍ എടുത്തു പറയേണ്ട മറ്റൊന്നാണ്, ‘മനോജ്’ എന്ന കഥാപാത്രമായി ഫഹദിന്റെ രംഗപ്രവേശം. ആ കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്താന്‍ ഫഹദിനായി. ക്ലൈമാക്‌സില്‍, സ്‌ക്രീനില്‍ ഇന്ത്യന്‍ പതാക കാണിക്കുമ്പോള്‍, അതുവരെ അനുഭവിച്ച ആത്മ സംഘര്‍ഷങ്ങളില്‍ നിന്നും പെട്ടന്നൊരു ആശ്വാസമോ സന്തോഷമോ എന്തൊക്കെയോ കൊണ്ട് കണ്ണ് നിറയും. മനോജ് എന്ന അംബാസഡറിലേക്ക് ഓടിയണയുന്ന മാലാഖമാര്‍!!!

മനസ്സും കണ്ണും നിറച്ച ക്ലൈമാക്‌സ്!

കുഞ്ചാക്കോ ബോബന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഒന്നാവും ‘ഷഹീദ്’ എന്ന കഥാപാത്രം. അത്രയും ഇഴുകിച്ചേര്‍ന്ന അഭിനയം. അഭിനയ ജീവിതത്തിലെ എണ്ണപ്പെട്ട കഥാപാത്രങ്ങളിലൊന്നിന് ജീവന്‍ നല്‍കാന്‍ അസിഫ് അലിക്കും കഴിഞ്ഞു. സകല പൂര്‍ണ്ണതയോടെയും അസിഫ് അലി കഥാപാത്രത്തെ കൈകാര്യം ചെയ്തു.

മലയാള സിനിമ കണ്ട, എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ‘ട്രാഫികി’ന്റെ എഡിറ്ററായ മഹേഷ് നാരായണന്‍ ആണ് സംവിധാനവും എഡിറ്റിങ്ങും. അസാധ്യ മികവ് കാത്തുസൂക്ഷിക്കാനായി എന്നത് അദ്ദേഹത്തിന്റെ വിജയം തന്നെ. എഴുത്തിന്റെ ലോകത്തില്‍ മികവ് കൊണ്ട്, തന്റേതായ സ്ഥാനം കാത്തുസൂക്ഷിക്കുന്ന പിവി ഷാജികുമാറിന്റെതാണ് തിരക്കഥ.

അതിബഹളങ്ങള്‍ ഇല്ലാത്ത പശ്ചാത്തല സംഗീതത്തിന്റെ മികവ് എടുത്തു പറയേണ്ടതാണ്. ഗോപി സുന്ദറിന് അഭിനന്ദനങ്ങള്‍. റഫീക്ക് അഹമ്മദ്, ഷാന്‍ റഹ്മാന്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളും മികച്ച നിലവാരം പുലര്‍ത്തുന്നു. രഞ്ജിത്ത് അമ്പാടി എന്ന മേക്ക്അപ്പ് ആര്‍ടിസ്റ്റിന്റെ മികച്ച വര്‍ക്കുകളില്‍ ഒന്നായിരിക്കും ഈ ചിത്രത്തിലേത്.

ടേക്ക് ഓഫില്‍ മുഴുകി, അതിലലിഞ്ഞു സിനിമ ആസ്വദിച്ചു കൊണ്ടിരുന്നപ്പോള്‍ പോലും, മനസിലേക്ക് നൊമ്പരമായ് വന്നു കൊണ്ടിരുന്ന ഒരാളുണ്ട്, രാജേഷ് പിള്ള. അദ്ദേഹത്തിന്റെ സാന്നിധ്യം നമുക്ക് അറിയാനാകും. മരിച്ചിട്ടും രാജേഷ്, നിങ്ങള്‍ ഇന്നും ജീവിക്കുന്നുണ്ട്. അത് തന്നെയല്ലേ നിങ്ങളുടെ വിജയവും. അഭിമാനിക്കാം നിങ്ങള്‍ക്ക്, ഇവരെ ഓര്‍ത്ത്!

എവിടെയൊക്കെയോ ചില അവ്യക്തതകളോ സന്ദേഹങ്ങളോ സംശയങ്ങളോ ഉണര്‍ത്തുന്നുണ്ടെങ്കിലും, കഥപറച്ചിലിന്റെ നവീന രീതി കൊണ്ടും, കുറ്റം പറയാനോ വിമര്‍ശിക്കാനോ പഴുതുകളിലാതെ നടത്തിയ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് കൊണ്ടും അഭിനയം, പശ്ചാത്തല സംഗീതം, മേക്കപ്പ്, സംഭാഷണം, ക്യാമറ വര്‍ക്ക്, ദൃശ്യമികവ് എന്നീ കാരണങ്ങള്‍ കൊണ്ടും ഈ ചിത്രം വ്യത്യസ്തത പുലര്‍ത്തുന്നു. പ്രേക്ഷകരോട് ചേര്‍ന്ന് നില്‍ക്കുന്നു. അതുകൊണ്ടുതന്നെ വെറും ത്രില്ലര്‍ എന്നല്ല, മറിച്ച് ഒരു കുടുംബ, ഇമോഷണല്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാനാണിഷ്ടം.!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel