മധുരമായി പകരംവീട്ടി പി.വി സിന്ധു; സ്വന്തം മണ്ണിൽ കരോളിന മരിനെ തോൽപിച്ച് ഇന്ത്യൻ ഓപ്പൺ കിരീടം; ജയം നേരിട്ടുള്ള രണ്ടു ഗെയിമുകൾക്ക്

ഒളിംപിക് ഫൈനലിലെ തോൽവിക്ക് പി.വി സിന്ധു മധുരമായി പകരംവീട്ടി. സ്വന്തം മണ്ണിൽ സ്വന്തം കാണികളുടെ മുന്നിൽ മധുരമായി തന്നെ. ഇന്ത്യൻ ഓപ്പൺ സൂപ്പർസീരീസ് ബാഡ്മിന്റൺ ഫൈനലിൽ സ്‌പെയിനിന്റെ കരോളിന മാരിനെ തോൽപിച്ച് പി.വി സിന്ധു പകരംവീട്ടി. നേരിട്ടുള്ള രണ്ടു ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോർ 21-19, 21-16. ഒരു ഘട്ടത്തിൽ പിന്നിൽ നിന്ന ശേഷമായിരുന്നു സിന്ധുവിന്റെ ശക്തമായ തിരിച്ചുവരവ്.

ഒളിമ്പിക്‌സ് ഫൈനലിന്റെ തനിയാവർത്തനം കണ്ട കലാശപ്പോരാട്ടം തുല്യശക്തികളുടെ പോരാട്ടമായിരുന്നു. ആദ്യ ഗെയിമിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഗെയിമിന്റെ തുടക്കം മുതൽ സിന്ധു തന്നെയായിരുന്നു ലീഡ് ചെയ്തത്. ഒരുഘട്ടത്തിൽ 5-1 ന് പിന്നിലായിരുന്ന മാരിൻ പിന്നീട് ലീഡ് 7-5 ലേക്ക് ചുരുക്കുകയും 19-19 എന്ന നിലയിലേക്ക് ഒപ്പമെത്തുകയും ചെയ്തു. എന്നാൽ അവസാന നിമിഷത്തെ സമ്മർദ്ദം അതിജീവിച്ച സിന്ധു 21-19 ന് ആദ്യ ഗെയിം സ്വന്തം പേരിലാക്കി. മാരിനു പറ്റിയ പിഴവുകളും അവസാന നിമിഷങ്ങളിൽ ഇന്ത്യൻ താരത്തിന് തുണയായി.

രണ്ടാം ഗെയിമിൽ പൂർണമായും സിന്ധുവിന്റെ ആധിപത്യമായിരുന്നു. സിന്ധുവിനെ പിന്തുടർന്ന് പോവുക എന്ന ജോലി മാത്രമായിരുന്നു മാരിന് ഉണ്ടായിരുന്നത്. വെറും 47 മിനിറ്റ് മാത്രമാണ് കിരീടപോരാട്ടം നീണ്ടു നിന്നത്. വലക്കരികിലേക്ക് പാഞ്ഞെത്തി പോയിന്റ് നേടുക എന്ന തന്ത്രം വിജയകരമായി നടപ്പാക്കിയതാണ് ഫൈനലിൽ സിന്ധുവിന്റെ ജയം അനായാസമാക്കിയത്.

പി.വി സിന്ധുവിന്റെ രണ്ടാം സൂപ്പർ സിരീസ് കിരീടമാണ് ഇന്ത്യൻ ഓപ്പണിൽ പിറന്നത്. ഇന്ത്യൻ ഓപ്പണിൽ ആദ്യത്തേതും. നേരത്തെ ചൈനീസ് ഓപ്പൺ കിരീടവും സിന്ധു നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News