സഞ്ചാരികള്‍ക്ക് ദൈവം മുരുകന്‍; ഔവയാര്‍ അലകടലാകുന്ന പഴനിമല | ബിജു മുത്തത്തി

കാലിച്ചാണകം മണക്കുന്ന പൊള്ളാച്ചിയും കടുകുപാടങ്ങള്‍ പൊട്ടുന്ന ഉദുമല്‍പ്പേട്ടും കഴിഞ്ഞു. ഇനി നട്ടുച്ചവെയിലില്‍ ജമന്തിപൂത്ത പോലെ നില്‍ക്കുന്ന പഴനിമലയുടെ താഴ്‌വാരത്തിലേക്ക് കാല്‍വയ്ക്കണം. മനസ്സില്‍ അവ്വയാറിന്റെ വരികള്‍ ഇളകി മറിഞ്ഞു. പഴം നീയപ്പാ, ജ്ഞാനപ്പഴം നീയപ്പാ…’ രണ്ടായിരം വര്‍ഷം മുമ്പത്തെ മഹാകവയത്രിയും വിപ്ലവകാരിയുമായിരുന്ന അവ്വയാറിന്റെ വരികളാണിത്.

കെബി സുന്ദരാംബളിന്റെ ശബ്ദത്തിലാണ് നമ്മള്‍ അവ്വയാറിനെ കേട്ടത്. ലോകം ചുറ്റിവന്നിട്ടും ജ്ഞാനപ്പഴം കിട്ടാതെ വന്ന് നിരാശാഭരിതനായ ബാലമുരുകന്‍ അതേ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവ്വയാര്‍ പാടിയ വരികളാണിത്. പഴം നീയപ്പാ, ജ്ഞാനപ്പഴം നീയപ്പാ…സ്വയം ജ്ഞാനമായിരിക്കുന്ന മനുഷ്യന്‍ ജ്ഞാനപ്പഴത്തിന് വേണ്ടി നിരാശപ്പെടുകയോ? അവ്വയാര്‍ പിന്നീട് പാടിയതും എഴുതിയതുമെല്ലാം കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയായി.

ആലോചിക്കുമ്പോള്‍, അച്ഛനെയും അമ്മയെയും ചുറ്റി തന്റെ ലോകം അതാണെന്ന് പറഞ്ഞ് പഴം സമര്‍ത്ഥമായി കൈക്കലാക്കിയ ഗണപതി വെറുമൊരു വീട്ടടിമയാണ്. വെറുമൊരു പകര്‍ത്തെഴുത്തുകാരന്റെ ബുദ്ധിയാണ് അയാള്‍ക്ക്. സ്റ്റെനോഗ്രാഫര്‍. തുമ്പിക്കൈയ്യുള്ള ആ ദൈവത്തിന്റെ ഇരിക്കുന്ന ചിത്രമല്ലാതെ നമ്മള്‍ മറ്റൊരു ചിത്രം കണ്ടിട്ടുണ്ടോ? എങ്ങോട്ടും പോവാതെ തളം കെട്ടിയ മനുഷ്യനെ ഓര്‍മ്മിപ്പിക്കുന്നു അത്. അയാളോട് സഹതപിക്കുക. ജ്ഞാനപ്പഴം അയാളുടെ ആവശ്യമാണ്. എപ്പോഴും വേലും ഭാണ്ഡക്കെട്ടുമായി യാത്രയ്ക്ക് തയ്യാറായി നില്‍ക്കുന്നവനായല്ലാതെ മുരുകന്റെ ഒരു പ്രതിമയും നമ്മള്‍ കണ്ടിട്ടില്ല. ലോകം ചുറ്റിയ നീയാകുന്നു ജ്ഞാനവും പഴവും. ലോകസഞ്ചാരത്തേക്കാള്‍ വലിയ അറിവില്ല. അലച്ചിലിനേക്കാള്‍ അറിവുള്ളൊരു ജീവിതവുമില്ല. അതുകൊണ്ട് മുരുകനെയും പഴനിമലയെയും വലംവയ്ക്കാതെ നമ്മള്‍ ലോകം ചുറ്റാനൊരുങ്ങിയത് തന്നെ വലിയ തെറ്റാകുന്നു.

ആയിരത്തെട്ട് പടികളും കയറി വിഗ്രഹത്തില്‍ നോക്കുന്നതിനേക്കാള്‍ താഴോട്ട് നോക്കുന്നതാവും നല്ലത്. ലോകം താഴെ ഒരു മലയ്ക്കു ചുറ്റും വിളക്കുകള്‍ കൊളുത്തി പരന്ന് നില്‍ക്കുന്നതു കാണാം. നക്ഷത്രങ്ങള്‍ ഭൂമിയിലുദിക്കുന്ന കാഴ്ച്ച. കയറി വന്ന ലോകം കണ്‍തുറന്ന് നോക്കാനുള്ള ഉദ്‌ബോധനമാകുന്നു ഒരര്‍ത്ഥത്തില്‍ പഴനിമല. വീണ്ടും താണ്ടാനുള്ള വഴികളുടെ ഭൂപടങ്ങള്‍ കണ്ടെത്താനുള്ള ഒരു കഠിന മാര്‍ഗ്ഗമാണിത്. വിജ്ഞാനകുതുകികള്‍ക്ക് വേണമെങ്കില്‍ ക്ഷേത്രവും കല്ലിലെ ചോളകലയും ഗോത്രമുഖമുള്ള മുരുകനെയും തൊഴാം. ശിവകാശി കലണ്ടറിലെ മുരുകനല്ല ഗര്‍ഭസ്ഥാനത്തുള്ള മുരുകന്‍. തൊഴാനെത്തുന്നവരും പൂണൂലുള്ളവരല്ല. കൂടുതല്‍ കറുകറുത്ത തമിഴ്ഗ്രാമങ്ങളില്‍ നിന്നു വരുന്ന കടും നിറത്തില്‍ ചേലചുറ്റിയവര്‍. കടും നിറത്തിലുള്ള പൂച്ചൂടിയവര്‍. ഉറക്കെ ശബ്ദിക്കുന്നവര്‍, ആണ്‍പെണ്‍ വ്യത്യാസമില്ലാതെ നൃത്തം ചവിട്ടുന്നവര്‍, ശരീരത്തില്‍ ശൂലം കുത്തി ആത്മപീഡയുടെ അങ്ങേയറ്റം അറിയുന്നവര്‍. ഹരഹരോ വിളിയില്‍ അവര്‍ സമസ്ത അപരാധങ്ങളെയും മറക്കുന്നു, പൊറുക്കുന്നു. പിന്നെ മലയിറങ്ങുന്നത് മറ്റൊരു അനുഭവ ലോകത്തേക്കാണ്.

തമിഴര്‍ കൊയ്യാപ്പഴം എന്ന് വിളിക്കുന്ന വലിയ പേരയ്ക്കാകള്‍ സമൃദ്ധമായി കായ്ച്ചു നില്‍ക്കുന്നതാണ് പഴനി താഴ്‌വര. താഴ്‌വരയിലെ അദ്ധ്വാനികളായ കൃഷിക്കാര്‍ അവ കൂട്ടകളിലായി കൊണ്ടുവന്ന് പടിക്കലില്‍ നേരിട്ടെത്തി വില്‍പ്പന നടത്തുന്നു. കുറേ മനുഷ്യരുടെ ജീവിതമാര്‍ഗ്ഗമാണത്. മല കയറാനിരിക്കേ മുരുകാ എന്ന് നീട്ടിവിളിച്ച് ഒന്നരവയസ്സുള്ള എന്റെ മകന് നേര്‍ക്ക് അതില്‍ ഒരമ്മൂമ്മ മുഴുത്ത ഒരു പേരയ്ക്കാ ജ്ഞാനപ്പഴം പോലെ നീട്ടി.

Pazhani-2

ലേഖകന്‍ മകനൊപ്പം

നല്ല നരച്ച തമിഴത്തമുള്ള ആ സ്ത്രീയുടെ മടിശ്ശീലയിലേക്ക് പണമിട്ടു കൊടുക്കുമ്പേള്‍ ധൃതിയില്‍ വെറുതേ ഞാന്‍ പേര് ചോദിച്ചു. അവ്വയാര്‍! ശരിക്കും തരിച്ചിരുന്നു തൊഴുതുപോയി പോയി ഞാന്‍. ആ സ്വപ്നത്തില്‍ നിന്നും ഉണരും മുമ്പേ മലകള്‍പ്പുറത്ത് നിന്ന് സുന്ദരാംബാളിന്റെ വിറകൂടിയ ശബ്ദവും കേട്ടു.

സഭൈ തന്നില്‍, തിരു സഭൈ തന്നില്‍ ഉരുവാകി
ഉലകോര്‍ക്കു പൊരുള്‍ കൂറും
പഴനീയപ്പാ, ജ്ഞാനപ്പഴനീയപ്പാ,
തമിഴ്ജ്ഞാന പ്പഴനീയപ്പാ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel