റൗഫ് വീണ്ടും രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നു; പാർട്ടി ഏതാണെന്ന കാര്യത്തിൽ സസ്‌പെൻസ്; കുഞ്ഞാലിക്കുട്ടിയുടെ വലംകൈയായും എതിരാളിയായും കേരളം കണ്ട അതേ റൗഫ്

തിരുവനന്തപുരം: റൗഫ് വീണ്ടും രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നു. ഏത് റൗഫ് എന്ന സംശയം വേണ്ട. മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വലംകൈയായും എതിരാളിയായും കേരളം കണ്ട അതേ റൗഫ് തന്നെ. ഐസ്‌ക്രീം പാർലർ കേസിൽ നിന്നു കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചതു താനാണെന്നു പറഞ്ഞ അതേ റൗഫ് തന്നെ. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരി ഭർത്താവായ സാക്ഷാൽ റൗഫ്. വിവാദങ്ങൾക്കു ശേഷം ഏറെക്കാലമായി റൗഫിനെ കുറിച്ച് വിവരം ഒന്നും ഉണ്ടായിരുന്നില്ല.

റൗഫ് തന്നെയാണ് രാഷ്ട്രീയ പുനഃപ്രവേശം പ്രഖ്യാപിച്ചത്. എന്നാൽ, ഏതാണ് ആ പാർട്ടി എന്ന കാര്യത്തിൽ മാത്രം വ്യക്തതയില്ല. അത് സസ്‌പെൻസാക്കി നിർത്തിയിരിക്കുകയാണ് റൗഫ്. ഏതു പാർട്ടിയിലാണ് ചേരുക എന്ന ചോദ്യത്തിന് വളച്ചുകെട്ടിയാണ് റൗഫിന്റെ ഉത്തരം: ‘ഞാനായിട്ട് അതു വെളിപ്പെടുത്താറായിട്ടില്ല. ഏതായാലും മുസ്ലിംലീഗല്ല. ഐഎൻഎല്ലുമല്ല. സിപിഐഎം എന്നെ എടുക്കുകയുമില്ല. ഇതൊന്നുമല്ലാത്ത, എനിക്കു സ്‌പെയ്‌സ് കിട്ടുന്ന ഒരു പാർട്ടിയിലാണ് ഞാൻ ചേരുക.’

കുഞ്ഞാലിക്കുട്ടിക്കെതിരേ ഐസ്‌ക്രീം പാർലർ കേസ് ഉയർന്നു വന്നപ്പോഴാണ് റൗഫ് വിവാദ പുരുഷനായത്. കുഞ്ഞാലിക്കുട്ടിക്കു വേണ്ടി കേസൊതുക്കാൻ റൗഫ് രംഗത്ത് എന്നു വാർത്ത പരന്നു. പിന്നീട് കുഞ്ഞാലിക്കുട്ടിയും റൗഫും തമ്മിൽ തെറ്റി. അതോടെ റൗഫ് കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തുവന്നു. ഐസ്‌ക്രീം പാർലർ കേസ് സാക്ഷികളെ കൊണ്ട് മൊഴിമാറ്റിച്ച് അട്ടിമറിക്കാൻ കുഞ്ഞാലിക്കുട്ടിയെ സഹായിച്ചതു താനാണെന്ന് വിളിച്ചു പറഞ്ഞു.

ഇടയ്ക്ക് റൗഫ് ഐഎൻഎല്ലിൽ ചേർന്നിരുന്നു. റൗഫ് പങ്കെടുത്ത യോഗങ്ങളിൽ ലീഗ് അക്രമം നടന്നു. റൗഫിനെതിരേ കേസുകളുടെ പരമ്പര തന്നെ വന്നു. പിന്നീട് റൗഫിനെക്കുറിച്ച് ഒന്നും കേൾക്കാതെയായി. ആ റൗഫാണ് മലപ്പുറം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തിന് അഭിമുഖം നൽകിയത്. അതിൽ, താൻ രാഷ്ട്രീയത്തിലേക്കു മടങ്ങി വരുകയാണെന്ന നാടകീയമായ പ്രഖ്യാപനവും നടത്തിയത്.

റൗഫ് രാഷ്ട്രീയത്തിലേക്കു വരുകയാണോ? വരുകയാണെങ്കിൽ അത് ഏതു പാർട്ടിയിലൂടെയാകും? കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും പഴയ സഹായിയും പിൽകാല എതിരാളിയുമായ റൗഫിന്റെ പുതിയ റോൾ എന്തായിരിക്കും? നമുക്ക് കാത്തിരുന്നു കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here