തലവേദനയ്ക്കു ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ; പിടിയിലായത് അണ്ണാമലൈ സിദ്ധൻ എന്ന പേരിൽ അറിയപ്പെടുന്നയാൾ

ചെന്നൈ: തലവേദനയ്ക്കു ചികിത്സ തേടിയെത്തിയ യുവതിയെ ചികിത്സയുടെ മറവിൽ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. 24 കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് 59 കാരനായ സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ കാഞ്ചിപുരം ജില്ലയിലെ ഗുഡുവഞ്ചേരിയിലാണ് സംഭവം. അണ്ണാമലൈ സിദ്ധൻ എന്ന പേരിൽ നാട്ടുകാർക്കിടയിൽ പ്രസിദ്ധനാണ് ഇയാൾ.

കഴിഞ്ഞ അഞ്ചുവർഷമായി ഗുഡുവഞ്ചേരിയിലെ അണ്ണാ നഗറിൽ ആശ്രമം നടത്തിവരികയായിരുന്നു സിദ്ധൻ. പലതരത്തിലുളള രോഗങ്ങൾക്കും ഇയാൾ ചികിത്സ നൽകിയിരുന്നു. ഓൺലൈനിലൂടെ പരസ്യം നൽകിയായിരുന്നു ഇയാൾ ആളുകളെ ആകർഷിച്ചിരുന്നത്. മൈഗ്രെയ്ൻ രോഗിയായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

മുത്തശ്ശിയുടെ നിർദേശപ്രകാരമാണ് യുവതി ചികിത്സതേടി അണ്ണാമലൈ സിദ്ധന്റെ അടുത്തെത്തുന്നത്. എന്നാൽ കൂടുതൽ ചികിത്സയ്ക്കായി തനിച്ചെത്താൻ യുവതിയോട് സിദ്ധൻ നിർദേശിക്കുകയായിരുന്നു. ഇതുപ്രകാരം പിറ്റേദിവസം ആശ്രമത്തിലെത്തിയ യുവതിയെ സിദ്ധൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

പീഡനവിവരം പുറത്തുപറഞ്ഞാൽ തന്റെ ശക്തി ഉപയോഗിച്ച് യുവതിയുടെ മകനെ തളർത്തിക്കിടത്തുമെന്നു സിദ്ധൻ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിലുണ്ട്. രണ്ടുവയസ്സ് പ്രയമുളള കുഞ്ഞിന്റെ അമ്മയാണ് പീഡനത്തിന് ഇരയായ യുവതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here