ഉത്തര കൊറിയയ്‌ക്കെതിരെ ട്രംപിന്റെ ഭീഷണി; ആണവഭീഷണി തനിയെ പരിഹരിക്കുമെന്നു ട്രംപ്

ന്യൂയോർക്ക്: ഉത്തര കൊറിയയ്‌ക്കെതിരെ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്. ഉത്തര കൊറിയ ഉയർത്തുന്ന ആണവഭീഷണി അമേരിക്ക തനിയേ ‘പരിഹരി’ക്കുമെന്ന് ട്രംപ് പറഞ്ഞു. ചൈന കൂടെയുണ്ടായാലും ഇല്ലെങ്കിലും ആ പരിഹാരം സംഭവിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി.

‘ചൈന ഉത്തര കൊറിയയെ പരിഹരിക്കുന്നില്ലെങ്കിൽ, ഞങ്ങൾ അതു ചെയ്യും. അത്രയേ ഞാൻ നിങ്ങളോടു പറയൂ. ‘ട്രംപ് ഫിനാൻഷ്യൽ ടൈംസി’നോടു പറഞ്ഞു. തനിയേ മുന്നോട്ടു പോകും എന്നാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് ‘പൂർണ്ണമായും’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അമേരിക്ക സന്ദർശിക്കുന്നതിനു മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ പരാമർശം. ‘ചൈനയ്ക്ക് ഉത്തരകൊറിയയ്ക്കു മേൽ വലിയ സ്വാധീനമുണ്ട്. ഉത്തര കൊറിയയുടെ കാര്യത്തിൽ ഞങ്ങളെ സഹായിക്കണോ വേണ്ടയോ എന്നു ചൈനയ്ക്കു തീരുമാനിക്കാം. അതവർ ചെയ്താൽ ഞങ്ങൾ ചൈനയോട് നല്ല രീതിയിൽ പെരുമാറും. അവർ അതു ചെയ്തില്ലെങ്കിൽ അത് ആർക്കും നല്ലതാകില്ല’ ട്രംപ് വിശദീകരിച്ചു.

ട്രംപ് ഉദ്ദേശിക്കുന്നത് നേർക്കുനേരുള്ള ഏകപക്ഷീയമായ നടപടി എന്നതാണോ എന്ന ചോദ്യത്തിന് ഇനി താൻ ഒന്നും പറയില്ല എന്നായിരുന്നു മറുപടി. അതുപോലെ തന്നെ ഇക്കാര്യത്തിൽ കൂടുതൽ എന്തെങ്കിലും പറയാനോ ഉത്തര കൊറിയയ്‌ക്കെതിരേ എന്തു നടപടിയാണ് താൻ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കാനോ അമേരിക്കൻ പ്രസിഡന്റ് തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here