മലേഷ്യന്‍ പ്രധാനമന്ത്രിക്ക് വേണ്ടി ആംബുലന്‍സ് തടഞ്ഞു; ചോരവാര്‍ന്ന കിടന്ന കുഞ്ഞിനെ ഗൗനിക്കാതെ ദില്ലി പൊലീസ്; ജീവനേക്കാള്‍ വലുതാണോ വിഐപികളെന്ന് നാട്ടുകാര്‍; വീഡിയോ

ദില്ലി: മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന് കടന്നുപോകാന്‍ ആംബുലന്‍സ് തടഞ്ഞ ദില്ലി പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചോരയില്‍ കുളിച്ച കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സാണ് പൊലീസ് തടഞ്ഞത്. അരമണിക്കൂറോളം നേരം പൊലീസ് ആംബുലന്‍സ് കടത്തിവിട്ടില്ല. സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്.

ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ പതിനാലാം നമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു സംഭവം. വിഐപിക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനായി ബാരിക്കേഡുകള്‍ വച്ചാണ് പൊലീസ് റോഡ് തടഞ്ഞത്. ആംബുലന്‍സ് കടത്തിവിടാന്‍ കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിനോട് യാചിക്കുന്നതും വീഡിയോയില്‍ കാണാം.

കുട്ടിയുടെ ജീവനേക്കാള്‍ പ്രധാനമാണോ വിഐപികളെന്നും നാട്ടുകാരും പൊലീസിനോട് ചോദിക്കുന്നുണ്ട്. എന്നാല്‍ പ്രോട്ടോക്കാള്‍ അനുസരിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത് എന്നാണ് പൊലീസുകാരുടെ പ്രതികരണം. നിരവധി കാറുകള്‍ക്ക് പിന്നില്‍ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു ആംബുലന്‍സ്.

പൊലീസിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വീഡിയോ പ്രചരിക്കുകയാണ്. എന്നാല്‍ വിഐപി കടന്നുപോയതിന് ശേഷം പൊലീസ് ട്രാഫിക് തടസം ഒഴിവാക്കാനായി ആംബുലന്‍സിന് എസ്‌കോര്‍ട്ട് പോയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എപ്രില്‍ ഒന്നിന് പോസ്റ്റ് ചെയ്ത രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഇതുവരെ അഞ്ചരലക്ഷത്തിലധികം ആളുകള്‍ കണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News