മകനു നീതിലഭിക്കാനാണ് സമരമെന്നു ജിഷ്ണുവിന്റെ അമ്മ മഹിജ; പുറത്തുനിന്ന് ആരെയും സമരത്തിനു വിളിച്ചിട്ടില്ല; അങ്ങനെ വന്നവരെ അറിയില്ലെന്നും മഹിജ

തിരുവനന്തപുരം: മകനു നീതിലഭിക്കാനാണ് സമരം നടത്തുന്നതെന്നു ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. പുറത്തു നിന്ന് ആരെയും സമരത്തിനു പിന്തുണയ്ക്കാനായി വിളിച്ചിരുന്നില്ല. അങ്ങനെ ആരാണ് വന്നതെന്നും അറിയില്ല. സമരത്തിലേക്കു പുറത്തുനിന്നു വന്നവരെ തനിക്ക് അറിയില്ലെന്നും മഹിജ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹിജ കൈരളി പീപ്പിൾ ടിവിയോടാണ് ഇക്കാര്യം പറഞ്ഞത്.

തങ്ങൾ നടത്തുന്ന സമരം ഒരിക്കലും സർക്കാരിനു എതിരല്ലെന്നു ജിഷ്ണു പ്രണോയിയുടെ അമ്മാവൻ ശ്രീജിത്തും പറഞ്ഞിരുന്നു. ജനകീയ സർക്കാരിനോ പാർട്ടിക്കോ എതിരായല്ല ഞങ്ങൾ സമരം നടത്തുന്നത്. അതിനു ഞങ്ങൾക്കു സാധിക്കില്ലെന്നും ശ്രീജിത് പറഞ്ഞു. പൊലീസിൽ ചില ക്രിമിനലുകൾ പ്രവർത്തിക്കുന്നുണ്ട്. അവരാണ് സമരം സർക്കാരിനു എതിരാക്കുന്നത്. ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഈ ക്രിമിനൽ പൊലീസുകാർ ശ്രമിക്കുന്നു. അവരാണ് പ്രതികളുടെ അറസ്റ്റ് വൈകിക്കുന്നതെന്നും അമ്മവൻ ശ്രീജിത് കൈരളി പീപ്പിൾ ടിവിയോടു പറഞ്ഞു.

ജനകീയ സർക്കാരിനോ പാർട്ടിക്കോ എതിരെ സമരം ചെയ്യാൻ ഞങ്ങൾക്കാവില്ല. ജിഷ്ണുവിന്റെ സർക്കാരാണിത്. അവന്റെ സർക്കാരിനെതിരെ സമരം ചെയ്താൽ അവന്റെ ആത്മാവ് അതു പൊറുക്കില്ല. ഞങ്ങൾക്ക് ഒറ്റ ആവശ്യമേ ഉള്ളു. ജിഷ്ണുവിനു നീതി ലഭിക്കണം. അവന്റെ കൊലയാളികളെ അറസ്റ്റ് ചെയ്താൽ തന്നെ ഈ അപമാനം മാറുമെന്നും ശ്രീജിത് പറഞ്ഞു.

പ്രസ്ഥാനത്തിനു വേണ്ടി ജീവൻ കൊടുത്ത നിരവധിയാളുകളുണ്ട്. അവരെ ഒന്നും വഞ്ചിക്കാനാവില്ല. ഞങ്ങളുടെ അച്ഛൻ അടക്കമുള്ളവർ പ്രസ്ഥാനത്തിനു വേണ്ടി ജീവിച്ചവരാണ്. അതുകൊണ്ടു തന്നെ സർക്കാരിനെതിരെ സമരം ചെയ്യാൻ തങ്ങൾക്കാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News