ജിഷ്ണുവിന്റെ അമ്മയുടെ പ്രയാസം മനസിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; കുടുംബത്തോടുള്ള കരുതലും സ്‌നേഹവും എന്നുമുണ്ടാകും; മറ്റൊരു ജിഷ്ണു ഉണ്ടാവരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്

മലപ്പുറം: ജിഷ്ണുവിന്റെ അമ്മയുടെ പ്രയാസം സര്‍ക്കാരിന് മനസിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ആസ്ഥാനത്തുണ്ടായ പ്രശ്‌നങ്ങള്‍ക്കു കാരണം പുറത്തുനിന്നുള്ളവരുടെ ഇടപെടലാണെന്നും ജിഷ്ണുവിന്റെ കുടുംബത്തിനു നീതി ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഇതേവരെ സ്വീകരിച്ചിട്ടുതെന്നും പിണറായി പറഞ്ഞു. ഇനിയൊരു ജിഷ്ണു ഉണ്ടാകാന്‍ പാടില്ല എന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജിഷ്ണുവിന്റെ കുടുംബത്തിലെ ആറുപേര്‍ക്കു ഡിജിപി സന്ദര്‍ശനാനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പമെത്തിയ ചിലരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. അനുമതി നല്‍കിയ ആറുപേര്‍ക്കൊപ്പം തോക്കുസ്വാമി, കെഎം ഷാജഹാന്‍, എസ്‌യുസിഐ നേതാവ്, ബിജെപി പ്രാദേശിക നേതാവ് എന്നിവരാണ് തള്ളിക്കയറാന്‍ ശ്രമിച്ചത്. ഇവരെയാണ് പൊലീസ് തടഞ്ഞത്.

ജിഷ്ണുവിന്റെ അമ്മയെ റോഡില്‍ വലിച്ചിഴച്ചെന്ന പ്രചാരണം ഉയര്‍ത്താനാണ് ചിലര്‍ ശ്രമിച്ചത്. അത്തരത്തില്‍ പ്രചരിപ്പിച്ച ദൃശ്യമാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ സത്യം പുറത്തുവന്നു. വലിച്ചിഴച്ചു എന്നത് പ്രചരണം മാത്രമാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കി. ഡിജിപി ആശുപത്രിയില്‍ എത്തി ഇവരെ കണ്ടു. വീണ്ടും കാണാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്. ജിഷ്ണുവിന്റെ അച്ഛനും അമ്മയും തന്നെ വന്നു കണ്ടിരുന്നു. കാര്യങ്ങള്‍ വിശദമായി സംസാരിച്ചെന്നും പിണറായി വിജയന്‍ പറഞ്ഞു.

ജിഷ്ണുവിന്റെ കുടുംബത്തോട് സര്‍ക്കാര്‍ കരുതല്‍ സൂക്ഷിച്ചിട്ടുണ്ട്. ഒരു മകന്‍ ഇല്ലാതായാല്‍ അമ്മയനുഭവിക്കുന്ന വേദന മനസിലാക്കാന്‍ കഴിയും. ജിഷ്ണുവിന്റെ മരണത്തിനു പിന്നാലെ ആശ്വാസ നടപടി എന്ന രീതിയില്‍ കുടുംബത്തിനു ധനസഹായം നല്‍കി. കേസ് അന്വേഷിക്കാന്‍ ആദ്യഘട്ടത്തില്‍ നിയോഗിച്ച പൊലീസ് സംഘത്തെ കുറിച്ച് ജിഷ്ണുവിന്റെ കുടുംബം ഒരുഘട്ടത്തിലും പരാതി പറഞ്ഞിട്ടില്ല. അവരുടെ ആവശ്യപ്രകാരം പ്രത്യേക പ്രോസിക്യൂട്ടറെയും നിയോഗിച്ചു. ഇതൊക്കെ ആ കുടുംബത്തിനു നീതി ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

കേസില്‍ ഒന്നും രണ്ടും പ്രതികള്‍ അറസ്റ്റിലായി. മുന്‍കൂര്‍ ജാമ്യം നേടിയ ഒന്നാംപ്രതി നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പി കൃഷ്ണദാസിനെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തതിന് പൊലീസിനെ കോടതി രൂഷമായി വിമര്‍ശിച്ചിരുന്നു. രണ്ടാം പ്രതി മുന്‍ മന്ത്രി കെപി വിശ്വനാഥന്റെ മകന്‍ സഞ്ജിത്ത് വിശ്വനാഥനും അറസ്റ്റിലായിട്ടുണ്ട്. മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. ഇതിനായി പ്രത്യേകസംഘത്തെ നിയോഗിച്ചെന്നും പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി പുരോഗമിക്കുകയാണെന്നും അദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here