‘ആ ആത്മഹത്യ ഒഴിവാക്കാമായിരുന്നില്ലേ?’ നിശബ്ദമായി കൊല്ലുന്ന വിഷാദ രോഗത്തെ കുറിച്ച് കൂടുതല്‍ അറിയാം

ആത്മഹത്യ ചെയ്താലെന്തെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവര്‍ വളരെ വിരളമാണ്. പ്രിയപ്പെട്ടവരുടെ വേര്‍പാടിനിടയില്‍ ഇടയ്‌ക്കെങ്കിലും തോന്നാറില്ലേ ആ ആത്മഹത്യ ഒഴിവാക്കാമായിരുന്നെന്ന്. അതെ, 90 ശതമാനം ആത്മഹത്യകളും ഒഴിവാക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആത്മഹത്യ ചെയ്യുന്നവരില്‍ 50 ശതമാനത്തോളം പേര്‍ വിഷാദ രോഗികളാണെന്നതാണ് സത്യം.

ലോകത്ത് 30 കോടി ജനങ്ങള്‍ക്ക് വിഷാദ രോഗമുണ്ടെന്നാണ് കണ്ടെത്തല്‍. വിഷാദ രോഗമുള്ള ഒരു വ്യക്തി കുടുംബത്തില്‍ മാത്രമല്ല, സമൂഹത്തിലും തൊഴില്‍ മേഖലയിലും പ്രശ്‌നമാകാറുണ്ട്. ‘വിഷാദ രോഗം നമുക്ക് സംസാരിക്കാം’ എന്നതാണ് ലോകാരോഗ്യ ദിനത്തില്‍ (ഏപ്രില്‍ 7) ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ ഇതിവൃത്തം പോലും. മനുഷ്യനെ നിശബ്ദമായി കൊല്ലുന്ന ഈ വിഷാദ രോഗത്തിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗം.

  • എന്താണ് വിഷാദ രോഗം?

എല്ലാ മനുഷ്യരിലും കാണുന്ന വൈകാരിക ഭാവമാണ് സന്തോഷവും ദുഃഖവും ദേഷ്യവും. ഇതിന്റെ അളവിലെ ഏറ്റക്കുറച്ചിലാണ് ഏറ്റവും പ്രധാനം. ദുഃഖത്തിന്റെ അഥവാ വിഷാദത്തിന്റെ അളവ് സ്ഥിരമായി നില്‍ക്കുന്ന അവസ്ഥയാണ് വിഷാദ രോഗം. എല്ലാ പ്രായത്തിലുള്ളവരേയും ജീവിതത്തിന്റെ എല്ലാ തുറകളിലുള്ളവരേയും ഈ രോഗം ബാധിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തന വൈകല്യമാണ് ഈ രോഗത്തിലേക്കെത്തിക്കുന്നത്. തലച്ചോറിലെ രാസ തന്മാത്രകളായ സെററ്റോമിന്‍, ഡോപ്പമിന്‍, നോറോപ്പിനെഫ്രിന്‍ എന്നിവയുടെ ഏറ്റക്കുറച്ചിലുകളാണ് ഈ രോഗത്തിന്റെ പ്രധാന കാരണം.

Depression-2

  • വിഷാദ രോഗം തിരിച്ചറിയപ്പെടാത്തതെന്ത്?

ഒരാളും തനിക്ക് വിഷാദ രോഗമുണ്ടെന്ന് സമ്മതിച്ച് തരില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. പലപ്പോഴും കൈവിട്ട് പോകുന്ന അവസ്ഥയിലാണ് പലരും ചികിത്സ തേടുന്നത്. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യമെന്നുള്ള തിരിച്ചറിവ് ഉണ്ടാകണം. ഹാര്‍ട്ടറ്റാക്ക് വന്നാല്‍ ഉടന്‍ ആശുപത്രിയില്‍ കൊണ്ടു പോകുന്നതുപോലെ പ്രധാനമാണ് വിഷാദരോഗവും എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്.

  • വിഷാദ രോഗമുണ്ടോ എങ്ങനെ തിരിച്ചറിയാം?

സുഖദുഃഖ സമ്മിശ്രമാണ് ജീവിതം. എന്നാല്‍ അതുണ്ടാക്കുന്ന ആഘാതം പലര്‍ക്കും പല വിധമാണ്. താഴെപ്പറയുന്ന 9 ലക്ഷണങ്ങളില്‍ നിന്നും വിഷാദരോഗം തിരിച്ചറിയാമെന്നാണ് പ്രശസ്ത മാനസികരോഗ്യ വിദഗ്ധനും മെഡിക്കല്‍ കോളേജ് ആര്‍എംഒയായ ഡോ. മോഹന്‍ റോയ് പറയുന്നത്.

1. വിഷാദമായ മാനസികാവസ്ഥ അഥവാ മൂഡ് ഇല്ലാത്ത അവസ്ഥ രണ്ടാഴ്ചയില്‍ കൂടുതല്‍ നില്‍ക്കുക
2. ഒന്നിനും സന്തോഷം തോന്നാത്ത അവസ്ഥ
3. സാധാരണ ഉണരുന്നതിനേക്കാള്‍ രണ്ടു മണിക്കൂര്‍ നേരത്തെ ഉറക്കമെഴുന്നേല്‍ക്കുക
4. ശരീര ഭാരം വളരെപ്പെട്ടെന്ന് കുറയുക
5. ഈ ജീവിതം കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന തോന്നല്‍
6. ഇനി എന്തിന് ജീവിക്കുന്നു? മരിച്ചാല്‍ മതിയെന്ന തോന്നല്‍
7. സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള അലസത
8. ഒന്നിനും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ ഒതുങ്ങിക്കൂടുക
9. ടെന്‍ഷന്‍ വളരെ കൂടുകയും ശാരീരിക ചലനങ്ങള്‍ വളരെ കൂടുകയോ കുറയുകയോ ചെയ്യുന്ന അവസ്ഥ

ഈ 9 ലക്ഷണങ്ങളില്‍ അഞ്ചോ അതിലധികമോ ലക്ഷണങ്ങള്‍ രണ്ടാഴ്ചയിലധികം നീണ്ടു നിന്നാല്‍ ഉറപ്പിക്കാം വിഷാദ രോഗമാണെന്ന്.

Depression-3

  • എനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നുന്നു

സ്‌നേഹം, പ്രണയം, സാമ്പത്തികം, രോഗങ്ങള്‍, ദുരന്തങ്ങള്‍ തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ട് ഒരാള്‍ പെട്ടെന്ന് തീവ്ര ദുഃഖത്തിലേക്ക് മാറാം. ഇതിലൂടെ അയാള്‍ വിഷാദ രോഗത്തിലേക്കും ആത്മഹത്യാ പ്രവണതയിലേക്കും മാറുന്നു. സ്ത്രീകളും കുട്ടികളിലുമാണ് വിഷാദരോഗം വളരെ കൂടുതല്‍ കാണുന്നത്. ആര്‍ത്തവാരംഭം, ഗര്‍ഭധാരണം, തുടര്‍ന്നുള്ള സമയം, ആര്‍ത്തവ വിരാമം എന്നീ സമയങ്ങളില്‍ വിഷാദ രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ആ സമയത്തുള്ള ചെറിയ പ്രശ്‌നങ്ങള്‍ പോലും അവരെ വിഷാദ രോഗികളാക്കും.

ഒരു ചെറിയ പ്രശ്‌നമുണ്ടാകുമ്പോള്‍ പോലും ഞാനിപ്പം ചത്തുകളയും എന്ന് പറയുന്നവര്‍ വിരളമല്ല. ഇങ്ങനെ പറയുന്നവരില്‍ വിഷാദ രോഗമോ, വ്യക്തിത്വ വൈകല്യങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഒരു കാരണവശാലും നീ ചത്താല്‍ എനിക്കെന്താ… നീ പോയ് ചാവ്… എന്ന രീതിയില്‍ സംസാരിക്കരുത്ത്. ആത്മഹത്യാ ഭീഷണി മുഴക്കുന്നവരെ പ്രകോപിക്കാതെ അടിയന്തിരമായി മാനസികാരോഗ്യ വിദഗ്ധനെ കാണിച്ച് ചികിത്സിപ്പിക്കുകയാണ് വേണ്ടത്.

  • ചികിത്സ ഏങ്ങനെ?

പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ് വിഷാദ രോഗം. ആറു മുതല്‍ 12 മാസത്തെ ചികിത്സ കൊണ്ട് ഇത് ഭേദമാക്കാം. വിഷാദ രോഗികളില്‍ പലരും ഈ രോഗം തിരിച്ചറിയാതെ പോകുകയാണ് പതിവ്. ഒന്നുകില്‍ ഈ അവസ്ഥ സ്വയം കണ്ടെത്തുകയോ അല്ലെങ്കില്‍ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ മനസിലാക്കുകയോ വേണം. സാധാരണ ആശുപത്രികളില്‍ പോയി ചികിത്സിക്കുന്നതിലൂടെ വിഷാദ രോഗം തിരിച്ചറിയാതെ പോകുന്നു. മാനസികാരോഗ്യ വിദഗ്ധന്റെ സേവനം തേടുക തന്നെ വേണം.

  • മെഡിക്കല്‍ കോളേജില്‍ വിപുലമായ സജ്ജീകരണം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാനസികാരോഗ്യ വിഭാഗത്തില്‍ വിഷാദ രോഗ ചികിത്സയ്ക്കായി വിപുലമായ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ ആരോഗ്യ മന്ത്രിയുടെ പ്രത്യേക നിര്‍ദേശാനുസരണം പ്രശാന്തി, സാരഥി എന്നിങ്ങനെ രണ്ട് സംരംഭങ്ങളാണ് ആരംഭിക്കുന്നത്. ഗര്‍ഭകാലത്തും പ്രസവാനന്തര കാലത്തും വിഷാദ രോഗ നിര്‍ണയത്തിനും പരിചരണത്തിനുമായി ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി വിഭാഗത്തിലാണ് പ്രശാന്തി ക്ലിനിക് പ്രവര്‍ത്തിക്കുക. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന് കീഴിലുള്ള പാങ്ങപ്പാറ, വക്കം മെഡിക്കല്‍ ഹെല്‍ത്ത് യൂണിറ്റുകളില്‍ ഗര്‍ഭിണികളിലും പ്രസവാനന്തരവും വിഷാദ രോഗ നിര്‍ണയത്തിനായി സാരഥി ക്ലിനിക്കും പ്രവര്‍ത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News