ജിഷ്ണുവിന്റെ മരണം; പ്രതികളെ കണ്ടെത്താന്‍ പൊലീസ് ഇനാം പ്രഖ്യാപിച്ചു; വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണം സംബന്ധിച്ച് കേസില്‍ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ പൊലീസ് ഇനാം പ്രഖ്യാപിച്ചു. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ഒളിവില്‍ പോയ പ്രതികളെ കണ്ടെത്തുന്നതിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ട് മറ്റു സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ക്ക്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ കത്തയച്ചു.

ഒളിവില്‍ പോയവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുവാനും അവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനുമുള്ള നടപടികളും സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. കോടതി മുഖേനയേ ഇത് നടത്തുവാന്‍ സാധിക്കൂ. ഇതു വേഗത്തിലാക്കുവാനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒന്നും രണ്ടും പ്രതികളായ നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പി കൃഷ്ണദാസിനെയും മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ പി വിശ്വനാഥന്റെ മകന്‍ സഞ്ജിത്ത് വിശ്വനാഥനെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു.

ഒളിവില്‍ പോയ പ്രതികളെ കണ്ടുപിടിക്കുവാന്‍ ക്രൈംബ്രാഞ്ച് ഏഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. നേരത്തെ ഇതിനുവേണ്ടി എസ്പി അക്ബര്‍ ഐപിഎസിന്റെ നേതൃത്വത്തിലുണ്ടാക്കിയ സംഘം പുതിയ സംഘത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here