ചുട്ടുപൊള്ളുന്ന കൊടുംവേനലിനെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യാം? വേനൽ കരുതലിനു ചില മാർഗങ്ങൾ

ചുട്ടുപൊള്ളുന്ന കൊടുംവേനലിനെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് ചൂട് കൂടിയതോടെ എല്ലാവരും ചിന്തിക്കുന്നത്. വലിയൊരു ഉഷ്ണതരംഗം തന്നെയാണ് വരുന്ന മാസങ്ങളിൽ കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

താപനിലയിൽ റെക്കോർഡ് വർധനവാണ് മാർച്ചിൽ ഉണ്ടായത്. ഇനി വരുന്ന മാസങ്ങളിൽ അസഹനീയമായ ചൂടാണ് വരാൻ പോകുന്നതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ഇന്ത്യയുടെ കേന്ദ്രഭാഗത്തും വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിലും ഉള്ളതു പോലെ ഉഷ്ണതരംഗം തന്നെയായിരിക്കും കേരളം ഉൾപ്പെടെ ഇന്ത്യയിൽ മിക്കയിടത്തും.

മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇപ്പോൾ തന്നെ 40 ഡിഗ്രിക്കു മുകളിലാണ് താപനില. അടുത്ത മാസങ്ങളിൽ മിക്ക സംസ്ഥാനങ്ങളിലും സമാനമായ നിലയിലേക്ക് ചൂട് ഉയരും.

ജനത്തിരക്കേറിയ 101 പട്ടണങ്ങളിൽ 44 പട്ടണങ്ങളിൽ നടത്തിയ ഗവേഷണത്തിൽ ചൂട് മുൻ വർഷത്തേക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് ഇരട്ടിയായി കൂടിയിട്ടുണ്ട് എന്നാണ് ഗവേഷകർ പറഞ്ഞത്. കഴിഞ്ഞ 116 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ വർഷത്തിനാവും ഇന്ത്യ 2017-ൽ
സാക്ഷ്യം വഹിക്കുകയെന്ന് ഐഎംഡി ഈയിടെ പുറത്തിറക്കിയ പ്രവചനത്തിൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

2016-ൽ ചൂടേറിയതിനെ തുടർന്ന് രാജ്യത്ത് 1600 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിൽ 700 പേർക്ക് ജീവൻ നഷ്ടപ്പെട്ടതു സൂര്യാതപം മൂലമായിരുന്നെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഠിന ജോലികൾ ചെയ്യുന്നത്, കുടിവെള്ളം ലഭ്യമാകാത്ത അവസ്ഥ, പോഷകാഹാരക്കുറവ്, ശുദ്ധവായു ലഭ്യമാകാത്തത് ഇവയെല്ലാം ചൂടുകാലത്ത് അസഹ്യത ഉയർത്തുന്നതാണ്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന കൊടും വേനലിനെ ചെറുക്കാൻ നാം തയ്യാറാകേണ്ടിയിരിക്കുന്നു.

നിർജലീകരണം

ജലാംശം നഷ്ടമാകുന്നത് പ്രധാന ഭീഷണിയാണ്. നിർജലീകരണം മരണത്തിനു വരെ കാരണമാകും. കഠിനാധ്വാനത്തിലുടെയും മറ്റും വലിയ തോതിൽ ശരീരത്തിൽ നിന്ന് ജലാംശം നഷ്ടമാകും. മൂത്രാശയക്കല്ല് ഉൾപ്പെടെ രോഗങ്ങൾക്കും ജലാംശം നഷ്ടമാകുന്നത് കാരണമാകും. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെളളം കുടിക്കുക. ഈർപ്പം നഷ്ടപ്പെടുമ്പോൾ ചുണ്ടിലെ ചർമം വരണ്ടു പൊട്ടുകയും ചൂടുകുരു ഉൾപ്പടെ ചർമ്മരോഗങ്ങളും ഉണ്ടായേക്കാം.

സൂര്യാഘാതം

തുറസ്സായ സ്ഥലത്തെ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ഒഴിവാക്കുക. സൂര്യാഘാതം സംഭവിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. ചൂടേറിയ സമയത്ത് കുട്ടുകളെ വെയിലിൽ നിന്ന് അകറ്റി നിർത്തുക. കുട, തൊപ്പി തുടങ്ങിയവയൊക്കെ കരുതിയേ പുറത്തിറങ്ങാവൂ. ചുവന്ന തടിപ്പോ പൊള്ളലോ കണ്ടാൽ വെയിലത്തു നിന്നു തണലിലേക്കു മാറ്റുക. തണുത്ത വെള്ളം ധാരയായി ഒഴിച്ചു ശരീരം തണുപ്പിക്കുക. ചൂടുകാറ്റ് നേരിട്ട് ഏൽക്കാതിരിക്കാൻ ബൈക്കുയാത്രികരും ശ്രദ്ധിക്കണം.

പകർച്ചവ്യാധികൾ

ചെങ്കണ്ണ് അടക്കം നിരവധി പകർച്ചവ്യാധികൾ വേനൽക്കാല രോഗങ്ങളാണ്. കുടിവെളള മാലിന്യത്തിൽ നിന്നുണ്ടാകുന്ന രോഗങ്ങളും ചെറുതല്ല. ചിക്കൻപോക്‌സ്, മഞ്ഞപ്പിത്തം, കോളറ അടക്കമുളള മാരകരോഗങ്ങളും വേനൻ വില്ലനായെത്തിയേക്കാം. രോഗം പടരാനുളള സാഹചര്യങ്ങൾ കർശനമായി ഒഴിവാക്കുക. ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുക.

രോഗികൾ ശ്രദ്ധിക്കുക

കടുത്ത ചൂട് രക്തത്തിലെ ഗ്ലൂക്കോസ് നിരക്കിനെ സ്വാധീനിക്കുമെന്നാണ് യുകെയിലെ ഗവേഷകരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ പ്രമേഹ രോഗികളും ഹൃദ്രോഗികളും ശ്രദ്ധിക്കുന്നത് നല്ലതാണ്. ചൂടിൽ ഇൻസുലിൻ പോലുള്ള മരുന്നുകളുടെ പ്രവർത്തനക്ഷമത നഷ്ടമാകാം. അതുകൊണ്ട് മരുന്നുകൾ സൂക്ഷിക്കുന്നതിൽ പ്രത്യേക കരുതൽ വേണം.

ഭക്ഷണം

വേനൽക്കാലത്തെ ഭക്ഷണവും വെളളവും പ്രത്യേക ക്രമത്തിലുളളതാകണം. മധുരമുളള കുപ്പിയിലടച്ച പാനീയങ്ങൾ നിർജലീകരണം കൂട്ടാൻ സാധ്യതയുണ്ട്. പഴങ്ങൾ, സാലഡുകൾ, മസാല കുറഞ്ഞ ഭക്ഷണങ്ങൾ എന്നിവയാണ് ഉത്തമം. കഞ്ഞിവെളളം, കരിക്കിൻ വെള്ളം, തുടങ്ങിയവയും ആരോഗ്യപരിപാലനത്തിനു നല്ലതാണ്.

മണ്ണും മനസ്സും

പൊരിഞ്ഞ വെയിലത്തു കേഴുന്നതു നമ്മൾ മനുഷ്യർ മാത്രമല്ല, ഒരിറ്റു ദാഹജലത്തിനായി പാറിപ്പറന്നു നടക്കുന്ന കിളികളെയും മൃഗങ്ങളേയും മറ്റു ജീവജാലങ്ങളേയും നമ്മൾ കാണാതെ പോകരുത്. ഈ ഭൂമി മനുഷ്യർക്കു മാത്രമുള്ളതല്ല അവയ്ക്കു കൂടിയുള്ളതാണ്. അതുകൊണ്ട് ഓരോ തുള്ളിയും അമൂല്യമായി ചേർത്തു വെക്കാൻ ശ്രമിച്ചേതീരൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News