ആക്ഷന്‍ ത്രില്ലറുമായി ത്രിമൂര്‍ത്തികള്‍; തിരശീലയില്‍ തീ പാറുമെന്നുറപ്പ്

ആറുവര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഢന്‍ വീണ്ടും വന്നിരിക്കുന്നു… ചില കളികള്‍ കാണാനും ചിലത് കളിയ്ക്കാനും… നീ പോ മോനേ ദിനേശാ… അപ്പച്ചട്ടിയില്‍ അരിവറുക്കരുത് മോനേ…രാജസ്ഥാനിലേക്ക് മണല്‍ കയറ്റി വിടരുത്.. ഇതൊക്ക ഇപ്പോഴും മലയാള സിനിമാ പ്രേമികളുടെ മനസില്‍ തത്തികളിക്കുന്ന മോഹന്‍ലാല്‍-ഷാജികൈലാസ് കൂട്ടുകെട്ടില്‍ വിരിഞ്ഞ തകര്‍പ്പന്‍ ഡയലോഗുകളാണ്.

ഇനിയും സൂപ്പര്‍ ഡയലോഗുകള്‍ വെള്ളിത്തിരയില്‍ വാരി വിതറാന്‍ ഷാജി കൈലാസ് ഒരുങ്ങുകയാണ്. തന്റെ പുതിയ ആക്ഷന്‍ തില്ലറിനായി ഷാജി കൈലാസ് ഒപ്പം ചേര്‍ക്കുന്നവരാകട്ടെ സ്ഥിതിയും സംഹാരവും നടത്തുന്നവര്‍. സംശയിക്കേണ്ട, അത് സാക്ഷാല്‍ രഞ്ജിപണിക്കറും പിന്നെ മലയാളികളുടെ സ്വന്തം നരസിംഹവും. മോഹന്‍ലാല്‍ നായകനാകുന്ന ഷാജി കൈലാസിന്റെ ആക്ഷന്‍ ത്രില്ലറിന്റെ ജോലികള്‍ തകൃതിയാവുകയാണ്. ഇംഗ്ലീഷ് ഡയലോഗുകള്‍ കൊണ്ട് അമ്മാനമാടിയ നടന്‍ കൂടിയായ രഞ്ജി പണിക്കരുടേതാണ് തിരക്കഥയും സംഭാഷണം. ഇതുവരെ ഏഴു സിനിമകളാണ് മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടിന്റേതായി പുറത്തു വന്നിട്ടുള്ളത്.

mohanlal-shaji-kalilas

1997ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഇറങ്ങിയ ആറാം തമ്പുരാന്‍ മുതല്‍ 2009ല്‍ എകെ സാജന്റെ തിരക്കഥയില്‍ തയ്യാറായ റെഡ് ചില്ലീസ് വരെ. ആക്ഷന്‍ രംഗങ്ങളും തട്ടുപൊളിപ്പന്‍ ഡയലോഗുകളുമൊക്കെയായി മോഹന്‍ലാല്‍ തകര്‍ത്താടിയ ഏഴു ചിത്രങ്ങള്‍. 2013ല്‍ ജയറാമിനെ നായകനാക്കി ജിഞ്ചര്‍ സംവിധാനം ചെയ്തശേഷം ഷാജി കൈലാസ് ചിത്രങ്ങളൊന്നും ഇറങ്ങിയിട്ടില്ല. എന്തോ? രാശി ശരിയാകാത്തതാകാം മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വിട്ട ശേഷം ഷാജികൈലാസിന് നല്ല സമയമായിരുന്നില്ല. ഏതായാലും രാശി വീണ്ടും ശുക്രന്‍ ആക്കാനാണ് ഷാജിയുടെ തീരുമാനം.

തികഞ്ഞ ഈശ്വര വിശ്വാസിയായ ഷാജിയ്ക്ക് ഒടുവില്‍ തന്റെ ജോത്സ്യന്‍മാരുടെ ഉപദേശം ലഭിക്കുകയായിരുന്നു. അതാണ് വീണ്ടുമൊരു ലാല്‍ ചിത്രം. കൂടെ ഹിറ്റ് ഡയലോഗ് മേക്കര്‍ രഞ്ജിപണിക്കറും. ഇനി താമസമില്ല. കുറച്ചുനാള്‍ ക്ഷമയോടെ കാത്തിരിക്കുക. ഇടവേളയ്ക്ക് ശേഷമുള്ള വരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ഷാജി കൈലാസ്. ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത് രഞ്ജി പണിക്കര്‍ കൂടിയാകുമ്പോള്‍ ഇടിവെട്ട് ഡയലോഗുകളിലൂടെ തിരശ്ശീലയില്‍ തീ പാറുമെന്നുറപ്പ്.

രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ആദ്യമായി പുറത്തെത്തിയ ഡോ:പശുപതി (1990)യുടെ സംവിധായകന്‍ ഷാജി കൈലാസ് ആയിരുന്നു. പിന്നീട് തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, മാഫിയ, കമ്മിഷണര്‍, ദി കിംഗ് തുടങ്ങി ഒരു പിടി ചിത്രങ്ങള്‍. മിക്കവയും അതത് കാലത്തെ ബോക്‌സോഫീസ് ഹിറ്റുകള്‍. പക്ഷേ ഒരു മോഹന്‍ലാല്‍ ചിത്രത്തിനായി രഞ്ജി പണിക്കര്‍ തൂലിക ചലിപ്പിക്കുന്നത് ഇതാദ്യം. സോഷ്യല്‍ ത്രില്ലര്‍ ഇനത്തില്‍പ്പെടുന്ന ചിത്രം ഒരു സമ്പൂര്‍ണരാഷ്ട്രീയ ചിത്രമാകില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. ഏതായാലും മൂവര്‍ സംഘത്തില്‍ നിന്നും 100 ദിവസത്തില്‍ കുറഞ്ഞ ഹിറ്റ് മലയാള സിനിമാപ്രമികള്‍ പ്രതീക്ഷിക്കുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here