കണ്ണില്‍ ഇരുള്‍ നീങ്ങി; കണ്ണീര്‍ പുഞ്ചിരി തെളിഞ്ഞു

ഇത് എന്റെ ഒരു പുനര്‍ജന്മമാണ്. കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍.. ‘ബാക്കി പറയാന്‍ വാക്കുകള്‍ കിട്ടാതെ മുരളി.കെ.മുകുന്ദന്‍ വീര്‍പ്പുമുട്ടി. ഒരിക്കല്‍ ഇരുട്ട് കൂടുകെട്ടിയ കണ്ണില്‍ കണ്ണീര്‍ പുഞ്ചിരി തെളിഞ്ഞു. മൂന്നു വര്‍ഷം മുന്‍പ് കാഴ്ച മങ്ങി കാര്‍ട്ടൂണ്‍ രചനയില്‍ നിന്ന് വിട്ടു നിന്ന മുരളിയുടെ രണ്ടാം വരവായിരുന്നു അത്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയും എറണാകുളം പ്രസ് ക്ലബ്ബും ചേര്‍ന്ന് പ്രസ് ക്ലബ് ഗാലറിയില്‍ ഒരുക്കിയ സോളോ ടൂണ്‍സിന്റെ ഉത്ഘാടന ചടങ്ങ് ആയിരുന്നു വേദി. ‘കാരിട്ടൂണ്‍ ‘ദേശീയ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മേളയുടെ മുന്നോടിയായാണ് പ്രദര്‍ശന പരമ്പര ആരംഭിച്ചത്.

കാര്‍ട്ടൂണിസ്റ്റും ഡോക്യൂമെന്ററി നിര്‍മ്മാതാവുമായ മുരളിയുടെ വലത് കണ്ണിന് കാഴ്ച മങ്ങിത്തുടങ്ങിയത് മൂന്നു വര്‍ഷം മുന്‍പാണ്. ഒരു മൂടല്‍.. മനസിലുള്ളത് വരയ്ക്കാനാവുന്നില്ല. ഒടുവില്‍ ഒരു കണ്ണിന്റെ വെളിച്ചം കെട്ടു. അങ്ങനെ, കാര്‍ട്ടൂണിസ്റ്റും ഡോക്യൂമെന്ററി സംവിധായകനുമായ മുരളി എല്ലാം നിര്‍ത്തിവെച്ചു.

കെഎസ്ആര്‍ടിസിയില്‍ ചെക്കിംഗ് ഇന്‍സ്‌പെക്ടറായിരുന്ന മുരളി ഒരു വിധം സര്‍വീസ് പൂര്‍ത്തിയാക്കി രംഗം വിട്ടു. ചികിത്സകള്‍ ഒന്നും ഫലം കണ്ടില്ല. ജീവിതത്തോട് തന്നെ മടുപ്പ് തോന്നിയ ദിനങ്ങള്‍.

മെഡിസിന് പഠിച്ചിരുന്ന ഏക മകള്‍ കെഎം. മീര അച്ഛന്റെ സങ്കടം സഹപാഠികളുമായി പങ്കുവെച്ചു. ശസ്ത്രക്രിയയിലൂടെ കാഴ്ച്ച തിരിച്ച് കിട്ടുമെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഒടുവില്‍ കണ്ണ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. മുരളി പഴയതുപോലെ ലോകം കണ്ടുതുടങ്ങി, വരയ്ക്കാനും.

ഇന്നലെ ആരംഭിച്ച പ്രദര്‍ശനത്തിനായി വരച്ച കാര്‍ട്ടൂണുകളില്‍ രണ്ടെണ്ണം നേത്രദാനത്തെപ്പറ്റിയായിരുന്നു. ദേശാഭിമാനി വാരികയില്‍ എട്ട് വര്‍ഷം കാര്‍ട്ടൂണ്‍ പംക്തി വരച്ചിരുന്ന മുരളി തിരിച്ചു വരവില്‍ പുതിയ ആവേശത്തോടെ ചുവടു വയ്ക്കുകയാണ്. വികാരനിര്‍ഭരമായ ചടങ്ങില്‍ ഉദ്ഘാടകനായി എത്തിയത് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാന്‍ യേശുദാസനായിരുന്നു. പ്രദര്‍ശനം ഒന്‍പതിന് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News