കാസർഗോഡ് യുവാവ് മരിച്ചത് പൊലീസ് ജീപ്പിലേക്കു കയറ്റുന്നതിനിടെ കുഴഞ്ഞുവീണ്; എസ്‌ഐയെ എ.ആർ ക്യാംപിലേക്കു മാറ്റി; അന്വേഷണച്ചുമതല ഡിവൈഎസ്പിക്ക്

കാസർഗോഡ്: കാസർഗോഡ് യുവാവ് മരിച്ചത് പൊലീസ് ജീപ്പിലേക്കു കയറ്റുന്നതിനിടെ കുഴഞ്ഞു വീണാണെന്നു പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷാ തൊഴിലാളി ചൗക്കി സ്വദേശി സന്ദീപ് (28) ആണു മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചു. സംഭവത്തെ തുടർന്ന് കാസർഗോഡ് എസ്‌ഐയെ എആർ ക്യാമ്പിലേക്കു മാറ്റിയതായും ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ അറിയിച്ചു.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് മറ്റു മൂന്നു പേർക്കൊപ്പം ബീരന്ത് വയൽ കൃഷി ഓഫീസിനു സമീപത്തു നിന്നും സന്ദീപിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരുസംഘം യുവാക്കൾ സ്ഥിരമായി ഇവിടെ വന്നു മദ്യപിക്കുകയും ബഹളം വെക്കുകയും ജീവനക്കാരെ അസഭ്യം പറയുന്നതായും കൃഷി ഓഫീസർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്.

പൊലീസ് സ്ഥലത്തെത്തിയപ്പോൾ സംഘം ചിതറിയോടി. നാലു പേരെയും പൊലീസ് ഓടിച്ചിട്ട് പിടിച്ചു. മറ്റുള്ളർക്കൊപ്പം പൊലീസ് ജീപ്പിൽ കയറ്റുന്നതിനിടയിൽ സന്ദീപ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

മരണത്തിൽ സംശയം പ്രകടപ്പിച്ച് ബന്ധുക്കൾ പരാതി നൽകിയതിനെതുടർന്ന് ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി. പരിയാരം മെഡിക്കൽ കോളജിലാണ്
പോസ്റ്റ്‌മോർട്ടം. പൊലീസ് മർദ്ദനത്തിലാണ് സന്ദീപ് മരിച്ചതെന്ന് ആരോപിച്ച് ബിജെപി-സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ കാസർഗോഡ് പൊലീസ് സ്റ്റേഷനു മുന്നിൽ ഉപരോധസമരം നടത്തി.

ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചതിനെ തുടർന്നാണ് ഉപരോധം പിൻവലിച്ചത്. കാസർഗോഡ് നിയോജകമണ്ഡലത്തിൽ ബിജെപി ഇന്നു ഹർത്താൽ ആചരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here