ആ കെണിയില്‍ സര്‍ക്കാര്‍ വീഴില്ലെന്ന് പിണറായി വിജയന്‍; ജിഷ്ണു കേസില്‍ നടക്കുന്നത് വ്യാജ പ്രചരണം; സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം; സമരം മുതലെടുക്കാന്‍ ആരെയും അനുവദിച്ചിട്ടില്ലെന്ന് മഹിജ

തിരുവനന്തപുരം: ജിഷ്ണുകേസില്‍ സര്‍ക്കാരും പൊലീസും ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരിങ്ങാലക്കുടയില്‍ വനിതാ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഷ്ണുവിന്റെ കുടുംബത്തിന് ഒപ്പമാണ് സര്‍ക്കാരെന്നതില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ജിഷ്ണുവിന്റെ കുടുംബത്തിന് എല്ലാ ആശ്വാസവും നല്‍കാന്‍ ഈ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. ആരും ആവശ്യപെടാതെയാണ് കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചത്. സ്‌പെഷ്യല്‍ പ്രാസിക്യൂട്ടറേയും നിയമിച്ചു. ജിഷ്ണുവിന്റെ കുടുംബം ആവശ്യപെട്ട് മുന്ന് ദിവസത്തിനുള്ളില്‍ നിയമനം നടത്തി. ആവശ്യപെട്ടയാളെ സാങ്കേതിക തടസങ്ങള്‍ ഉണ്ടായിട്ടും അത് മാറ്റിവച്ചായിരുന്നു നിയമനം. സമീപകാല ചരിത്രത്തിലാദ്യമായാണ് ഹൈക്കോടതി ജാമ്യം അനുവദിച്ച പ്രതിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോകുന്നത്. അതിനാല്‍ ജിഷ്ണു കേസില്‍ സര്‍ക്കാരിന് മനഃസാക്ഷിക്കുത്തിലെന്നും പിണറായി വിജയന്‍ പറഞ്ഞു.

ജിഷ്ണു കേസ് സംബന്ധിച്ച കാര്യങ്ങള്‍ ചിലര്‍ ഊതി വീര്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. തെറ്റായ പ്രചാരണങ്ങളിലൂടെ സര്‍ക്കാരിനെ വീഴ്ത്താമെന്ന് ആരുംകരുതേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ചിലര്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നു. തെറ്റായ പ്രചാരണങ്ങള്‍ സൃഷ്ടിക്കുന്നത് ഒരു കെണിയാണ്. കെണി ഒരുക്കിയാല്‍ വീഴാന്‍ സര്‍ക്കാര്‍ തയാറല്ല. അതേസമയം, തെറ്റായ നടപടികളോട് ദാക്ഷിണ്യമുണ്ടാവില്ല എന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here