പിണറായി-കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടന്നിട്ടില്ല; സത്യാവസ്ഥ വെളിപ്പെടുത്തി വികെ അഷ്‌റഫ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും തമ്മില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന ആരോപണങ്ങള്‍ മറുപടിയുമായി വ്യവസായിയും കൈരളി ടിവി ഡയറക്ടറുമായ വികെ അഷ്‌റഫ്. തന്റെ വീട്ടില്‍ വച്ചോ സ്ഥാപനത്തില്‍ വച്ചോ ഒരു രാഷ്ട്രീയ ചര്‍ച്ചയും ആരും നടത്തിയിട്ടില്ലെന്ന് വികെ അഷ്‌റഫ് പറഞ്ഞു.

വികെ അഷ്‌റഫിന്റെ വാക്കുകള്‍ ഇങ്ങനെ:

ഞാന്‍ വികെ അഷ്‌റഫ്. വളാഞ്ചേരി സ്വദേശി. വികെഎം സ്‌പെഷല്‍ സ്‌കൂളിന്റെ ചെയര്‍മാന്‍. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി എന്റെ പേര് രാഷ്ട്രീയ സംവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്.

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി വികെഎം സ്‌പെഷല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷമായി. പ്രതിവര്‍ഷം മുന്നൂറോളം കുട്ടികള്‍ക്കു സൗജന്യവിദ്യാഭ്യാസം സ്‌കൂളില്‍ നല്‍കുന്നുണ്ട്. ഇതിനു പുറമെ ചലനവൈകല്യം ബാധിച്ച 250ഓളം കുട്ടികള്‍ക്കു സൗജന്യശസ്ത്രക്രിയയും പുനരധിവാസവും സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. പടച്ചവന്‍ എനിക്കും കുടുംബത്തിനും നല്‍കിവരുന്ന സൗഭാഗ്യത്തിന്റെ ഒരു വിഹിതമാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ കുഞ്ഞുങ്ങള്‍ക്കു തിരിച്ചു നല്‍കുന്നത്.

കഴിഞ്ഞ മാര്‍ച്ച് 17 എനിക്കും എന്റെ കുടുംബത്തിനും എന്റെ കുഞ്ഞുങ്ങള്‍ക്കും (വികെഎം സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക്) നാട്ടുകാര്‍ക്കും സന്തോഷത്തിന്റെ ദിനമായിരുന്നു. വികെഎം സ്‌പെഷ്യല്‍ സ്‌കൂള്‍ വാര്‍ഷിക ദിനാഘോഷമായിരുന്നു അന്ന്. ഇതിന്റെ ഭാഗമായുള്ള ചടങ്ങിലേക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരായ കെകെ ശൈലജ ടീച്ചര്‍, കെടി ജലീല്‍, സിപിഐഎം നേതാക്കളായ പാലോളി മുഹമ്മദ് കുട്ടി, എ. വിജയരാഘവന്‍, മുസ്ലിം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, പി.വി.അബ്ദുല്‍ വഹാബ് എംപി, കോണ്‍ഗ്രസ് നേതാവ് എ.പി.അനില്‍കുമാര്‍ എംഎല്‍എ, ബിജെപി നേതാവ് പികെ കൃഷ്ണദാസ് തുടങ്ങി നിരവധി സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയമേഖലകളിലെ വിശിഷ്ട വ്യക്തികളെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ചിലര്‍ക്ക് പല അസൗകര്യങ്ങള്‍ കാരണം ചടങ്ങില്‍ എത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ അവര്‍ ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിച്ചിരുന്നു.

ഈ ചടങ്ങിനായി എത്തിച്ചേര്‍ന്ന മുഖ്യമന്ത്രി പിണറായി വിജയനും പി.കെ.കുഞ്ഞാലിക്കുട്ടിയും തമ്മില്‍ രാഷ്ട്രീയ ചര്‍ച്ച നടത്തി എന്ന രീതിയില്‍ ചില വിവാദങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസമായി നടന്നു വരികയാണ്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു അനാവശ്യ വിവാദം സൃഷ്ടിക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഈയൊരു സംഭവം.

ഒരു സത്യം അടിവരയിടുകയാണ്. എന്റെ വീട്ടില്‍ വച്ചോ എന്റെ കുഞ്ഞുങ്ങളുടെ സ്ഥാപനത്തില്‍ വച്ചോ ഒരു രാഷ്ട്രീയ ചര്‍ച്ചയും ആരും നടത്തിയിട്ടില്ല. കുശലാന്വേഷണങ്ങള്‍ക്കപ്പുറം അവിടെ ഒന്നും സംഭവിച്ചിട്ടില്ല. ഇതാണ് സത്യമെന്നിരിക്കെ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവസ്പന്ദനങ്ങള്‍ക്കു മേല്‍ രാഷ്ട്രീയ ആരോപണങ്ങളുടെ നിഴല്‍ വീഴ്ത്തുന്നത് ദൈവം പോലും പൊറുക്കാത്ത കാര്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News