താപം കുറയ്ക്കൂ; വെടിയൊച്ചകള്‍ നിലയ്ക്കും | കെ. രാജേന്ദ്രന്‍

പാരീസ് നഗരത്തിലെ പ്രാന്ത പ്രദേശമായ ലെബോജെയില്‍ പ്രൗഢിയോടെ കെട്ടിയുയര്‍ത്തിയ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിലെത്തിയപ്പോള്‍ ദില്ലിയില്‍ ഫിക്കിയും സിഐഎയുമെല്ലാം സംഘടിപ്പിക്കാറുളള വാണിജ്യ, വ്യവസായ സമ്മേളനങ്ങളുടെ പ്രതീതിയാണ് ഉണ്ടായത്. സൂട്ടും കോട്ടും ധരിച്ച് ഓടിപ്പായുന്നവരിലെ ബഹുഭൂരിഭാഗവും വന്‍കിട വ്യവസായ ഗ്രൂപ്പുകളുടെ പ്രതിനിധികളായിരുന്നു. മറ്റൊരുവിഭാഗമാവട്ടെ വന്‍തുക പ്രതിഫലം കൈപ്പറ്റി പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്ന നവലിബറല്‍ പരിസ്ഥിതി വിദഗ്ദ്ധരും.

1993ല്‍ റിയോവില്‍ തുടങ്ങിയ കാലാവസ്ഥാ വ്യതിയാന ചര്‍ച്ചകള്‍ 2015ല്‍ പാരിസിലെത്തുമ്പോള്‍ കാണാനായത് വൈരുദ്ധ്യകാഴ്ച്ചകള്‍. ബ്‌ളൂസോണിലെ ആഫ്രിക്കന്‍ പവലിയനിലെത്തിയപ്പോള്‍ മണ്ണിന്റെ മണമുളള കുറെ കറുത്ത മനുഷ്യരെ കണ്ടു. അവരില്‍ ഒരാളാണ് നൈജീരിയന്‍ കാലാവസ്ഥാ വ്യതിയാന പ്രൊജക്റ്റ് സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ജനറല്‍ വിക്ടര്‍ അയോദിജി ഫൊഡേജി.

നൈജീരിയയില്‍ എവിടെയാണ് സ്വദേശം എന്ന് ചോദിച്ചപ്പോള്‍ ബൊക്കോഹൊറാമിന്റെ പ്രഭവ കേന്ദ്രത്തിലെന്ന് നിറപുഞ്ചിരിയോടെ മറുപടി. ഫൊഡേജി ദാക്കര്‍ സ്വദേശിയാണ്. നൈജീരിയയുടെ രക്തനാഡിയെന്ന് അറിയപ്പെടുന്ന നൈജര്‍ നദീതീരത്ത് ബാല്യവും കൗമാരവും ഉന്മാദിച്ചവന്‍. അക്കാലത്ത് നദിയില്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒരുമിച്ച് കുളിച്ചിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നു. ഒരുമിച്ച് ഫുട്‌ബോള്‍ കളിച്ചിരുന്നു.

രണ്ടായിരത്തിന്റെ തുടക്കത്തില്‍ കാറ്റിന്റെ ദിശമാറി. വായുവില്‍ ഉഷ്ണം പുകഞ്ഞു. നൈജര്‍ നദി വറ്റി വരണ്ടു. നെല്‍വയലുകള്‍ കരിഞ്ഞുണങ്ങി. പട്ടിണിയും ദാരിദ്ര്യവും ഗ്രാമങ്ങളെ നിശബ്ദരാക്കി. ഭക്ഷണത്തിനായി കലാപങ്ങള്‍ ഉണ്ടായി. ഗ്രാമീണര്‍ കൂട്ടത്തോടെ നഗരങ്ങളിലേയ്ക്ക് പലായനം ചെയ്തു.

പ്രാര്‍ത്ഥനകള്‍ ഫലിച്ചപ്പോള്‍ ഗ്രോത്ര ദേവതകള്‍ പേമാരിയായെത്തി. നൈജര്‍ നദി കരകവിഞ്ഞു. പക്ഷെ ആ പേമാരി നിലച്ചില്ല. നേരത്തെ വെന്തുരുകിയ പഴയ ഗ്രാമങ്ങള്‍ മലവെളള പാച്ചിലില്‍ ഒലിച്ചുപോയി. വീണ്ടും പലായനങ്ങള്‍. കുടുംബസമേതം തലസ്ഥാനമായ അബൂജിയിലേയ്ക്ക് കുടിയേറിയവരില്‍ ഫെഡേജിയുടെ കുടുംബവും ഉണ്ടായിരുന്നു. അഭ്യസ്തവിദ്യനായ ഫോഡോജിക്ക് നഗരത്തില്‍ ജീവിതം കരുപിടിപ്പിക്കാന്‍ തെല്ലും ആയാസമുണ്ടായില്ല.

ഒരുപതിറ്റാണ്ടിന് ശേഷം അദ്ദേഹം ഗ്രാമത്തിലേയ്ക്ക് മടങ്ങിയെത്തി. അവിടെ കാത്ത് നിന്നത് തോക്കേന്തിയ പഴയ കളിക്കൂട്ടുകാര്‍. മതം മാറി ബോക്കോഹൊറാമില്‍ ചേരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ച ഫൊഡേജിയെ അവര്‍ കൊന്നില്ല. അനുതാപത്തോടെ നഗരത്തിലേയ്ക്ക് തിരിച്ചയച്ചു. (ഇന്നായിരുന്നെങ്കില്‍ ഇത്ര അനുതാപം ഉണ്ടാവുമായിരുന്നില്ല)

ബൊക്കോഹൊറാമിന് വിത്ത് പാകിയത് കാലാവസ്ഥാ വ്യതിയാനമാണോ? വരള്‍ച്ചയും പ്രളയവും നൈജര്‍ നദിയുടെ മാറ്റവും ആണോ? ‘ആണ്. യാതൊരുസംശയവും ഇല്ല.’

എന്നാല്‍ ആഫ്രിക്കന്‍ പവലിയനില്‍ കണ്ടുമുട്ടിയ പലരും ഫൊഡോജിയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല. ഘാനയില്‍ നിന്നുളള മാധ്യമപ്രവര്‍ത്തകന്‍ ലൂയീസിന്റെ നിലപാട് ഇങ്ങനെ; ‘അവിടുത്തെ വിഷയം മത മൗലികവാദമാണ്.കാലാവസ്ഥാ വ്യതിയാനം മൂലമുളള പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാണ്.എന്നാല്‍ ഇതിനെ ഭീകരവാദവുമായി ബന്ധിപ്പിക്കരുത്.’

PARIS-3
യുഎന്‍ ഇസിഎയുടെ (യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക്ക് കമ്മീഷന്‍ ഫോര്‍ ആഫ്രിക്ക) ആഫ്രിക്കന്‍ സ്‌പെഷല്‍ ഇനീഷ്യേറ്റീവ് ഡയറക്ടര്‍ ഡോക്ടര്‍ ഫാത്തിമ്മാ ടാണ്ടന്‍ ആഫ്രിക്കയിലെ കാലാവസ്ഥാ വ്യതിയാനവും സംഘര്‍ഷങ്ങളും തമ്മിലുളള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തിയ ആളാണ്. ഫാത്തിമ്മയുടെ നിലപാടിനാണ് കൂടുതല്‍ ആധികാരികത.

‘ആഫ്രിക്കയിലെ ഭീകരവാദത്തിന് പിറകില്‍ നിരവധികാരണങ്ങള്‍ ഉണ്ട്. തീര്‍ച്ചയായും ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും കാരണങ്ങളാണ്.പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ എല്ലാ സമൂഹങ്ങളിലും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കും. ആഫ്രിക്കയിലെ ചിലപ്രദേശങ്ങളിലെങ്കിലും ഇതിന്റെ രൂപം ഭീകരവാദമാണ്.’

മറ്റ് സംഘടിത ഗ്രൂപ്പുകളേക്കാള്‍ മുന്നൊരുക്കത്തോടെയാണ് ഇത്തവണ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പാരിസ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയത്. 54 ആഫ്രിക്കന്‍ രാജ്യങ്ങളുടേയും പ്രതിനിധികള്‍ പ്രത്യേകം യോഗം ചേര്‍ന്ന് ആഫ്രിക്കയുടെ പൊതു ആവശ്യങ്ങള്‍ തയ്യാറാക്കി. പരിസ്ഥിതി, ഭീകരവാദം, കുടിയേറ്റം എന്നിവ പരസ്പരപൂരകങ്ങളാണെന്ന് അവര്‍ ഒത്തൊരുമിച്ച് ഉച്ചകോടിയില്‍ അവതരിപ്പിച്ചു. പരിസ്ഥിതി സംരക്ഷിക്കാതെ ഭീകരവാദം അവസാനിപ്പിക്കാനാവില്ലെന്ന സിദ്ധാന്തത്തിന് പൊതുസ്വീകാര്യത ലഭിച്ചു. പാരീസ് കരാറില്‍ ഇതുസംമ്പന്ധിച്ച് പരാമര്‍ശം വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അമേരിക്കയും യൂറോപ്പ്യന്‍ യൂണിയനും എതിപ്പുമായി എഴുന്നേറ്റു. പ്രശ്‌നം സാമ്പത്തികം തന്നെ. ആഫ്രിക്കയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ കാരണം തേടിപ്പോയാല്‍ എത്തുന്നത് ആഗോളതാപനം എന്ന പ്രതിഭാസത്തിലേയ്ക്ക് തന്നെയായിരുക്കും. ആരാണ് ആഗോളതാപനത്തിന് ഉത്തരവാദി അന്തരീക്ഷത്തിലെ 70% ഹരിതഗൃഹവാതകങ്ങളുടേയും സൃഷ്ടാക്കള്‍ വികസിത രാജ്യങ്ങളാണ്.

ഇന്ത്യയുള്‍പ്പെടെയുളള മൂന്നാം ലോകരാജ്യങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ആഗോളതാപനം കുറയ്ക്കാന്‍ വികസിതരാജ്യങ്ങള്‍ക്ക് ചരിത്രപരമായ ഉത്തരവാദിത്ത്വം ഉണ്ട്. ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് സാമ്പത്തിക സഹായം നല്കാന്‍ വികസിതരാജ്യങ്ങള്‍ തയ്യാറാവണം. ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പല വികസിത രാജ്യങ്ങളും പാരിസില്‍ പ്രഖ്യാപനം നടത്തി. എന്നാല്‍ പ്രഖ്യാപനം നിയമ പ്രാബല്യമുളള വ്യവസ്ഥയായി കരാറില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. നിയമ നിര്‍മ്മാണ സഭകളുടെ അംഗീകാരം ഇല്ലാതെ വികസിത രാജ്യങ്ങള്‍ ആരെയും സഹായിക്കില്ല. അമേരിക്കയാണ് മികച്ച ഉദാഹരണം. മൂന്നാം ലേകരാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കുമെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ എതിര്‍പ്പുമായി റിപ്പബ്ലിക്കന്‍പാര്‍ട്ടി രംഗത്ത് വന്നു. ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് യുഎസ് നിയമ നിര്‍മ്മാണ സഭകളില്‍ ഭൂരിപക്ഷമില്ല. അതുകൊണ്ടുതന്നെ പാരീസില്‍ പറഞ്ഞതൊന്നും പ്രാവര്‍ത്തികമാവില്ല. ആഫ്രിക്കയുടെ ‘പരിസ്ഥിതി സംരക്ഷിച്ച് ഭീകരവാദം തടയുക എന്ന സിദ്ധാന്തം നടപ്പിലാക്കാന്‍ ഔരു നയാപ്പൈസപോലും അമേരിക്ക ചെലവഴിക്കില്ല.

ആഫ്രിക്കയുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ തുടക്കത്തില്‍ കണ്ട ആവേശമോ താല്പര്യമോ ഉച്ചകോടിയുടെ അവസാന ദിവസങ്ങളില്‍ ഉണ്ടായില്ല. കരാറില്‍ തങ്ങളുടെ ആവശ്യം പരാമര്‍ശിക്കണം എന്ന ഉറച്ച നിലപാടെടുക്കാന്‍ പലരാജ്യങ്ങളും തയ്യാറായില്ല. വികസിത രാജ്യങ്ങളുടെ അപ്രീതിക്ക് പാത്രമാവേണ്ടെന്ന നിലപാടിലേയ്ക്ക് പലരാജ്യങ്ങളും ചുരുങ്ങി. അതോടെ ആഫ്രിക്കന്‍ കൂട്ടായ്മ ചിന്നഭിന്നമായി. ‘പരിസ്ഥിതികുടിയേറ്റംഭീകരവാദം’ പതിവുപോലെ കടലാസില്‍ ഒതുങ്ങി.

‘നാറ്റോ നടത്തിയ സൈനിക ഇടപെടല്‍ മുലം ഒരുരാജ്യത്തയും സംഘര്‍ഷങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുകയാണ് ഉണ്ടായത്. സൈനിക ഇടപെടലിനായി നാറ്റോമുടക്കുന്ന തുക പരിസ്ഥിതി സംരക്ഷണത്തിനായി നല്കിയാല്‍ പലപ്രശ്മങ്ങളും പരിഹരിക്കപ്പെടും’
എന്നാല്‍ സായിപ്പിനെ കണ്ടാല്‍ കാവാത്ത് മറക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഭരണാധികാരികള്‍ക്ക് ഫൊഡോജിയെ പ്പോലുളളവര്‍ മുന്നോട്ട്്വെക്കുന്ന യുക്തി അന്താരാഷ്ട്ര വേദികളില്‍ അവതരിപ്പിക്കാനുളള ത്രാണിയില്ല. ഇതുതന്നെയാണ് ഇരുണ്ട ഭൂഖണ്ഡത്തിന്റെ ശാപവും.

പാരമ്പര്യേതര ഊര്‍ജ്ജം രക്ഷകരാവുമോ?

‘എണ്ണയോടുളള നമ്മുടെ അഭിനിവേശമാണ് സിറിയന്‍ പ്രതിസന്ധിക്കും മധ്യേഷ്യയിലെ അനിശ്ചിതാവസ്ഥയ്ക്കും അടിസ്ഥാനകാരണം’
ഇംഗ്ലണ്ടിലെ ഗ്രീന്‍പാര്‍ട്ടി നേതാവും കോളമിസ്റ്റുമായ മോളി സ്‌കോറ്റ് കാറ്റോയുടെ ഈ നിരീക്ഷണത്തിന് ഒരേസമയം കാലാവസ്ഥാ വ്യതിയാനവുമായും ഭീകരവാദവുമായും ബന്ധമുണ്ട്. പശ്ചിമേഷ്യയിലെ പ്രതിസന്ധിയുടെ മൂലകാരണം അമേരിക്കയുടെ എണ്ണരാഷ്ട്രീയമാണെന്ന് നിസ്തര്‍ക്കമാണ്. ഇതേ എണ്ണ രാഷ്ട്രീയമാണ് തന്ത്രപരമായി ഐഎസ്‌ഐഎസും പയറ്റുന്നത്. സ്വാധീന മേഖലകളിലെല്ലാം എണ്ണ ഉല്പാദനം നിയന്ത്രിക്കുന്നത് ഐഎസ്‌ഐഎസ് ആണ്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഗണ്യമായി കുറച്ച് പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളിലേയ്ക്ക് മാറണം എന്നതാണ് പാരിസ് ഉച്ചകോടി കൈക്കൊണ്ട പ്രധാന തീരുമാനങ്ങളിലൊന്ന്. ഡീസലും പെട്രാളും വന്‍തോതില്‍ മലിനീകരണം ഉണ്ടാക്കും. ഇവയുടെ ഉപയോഗം പരമാവധി കുറച്ച് സൗരോര്‍ജ്ജത്തിലേയ്ക്കും പരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളിലേയ്ക്കും മാറണം.ഇത്തരമൊരുമാറ്റം യാഥാര്‍ത്ഥ്യമായാല്‍ മാത്രമേ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അന്തരീക്ഷത്തിലെ താപനിലയില്‍ 2 ഡിഗ്രി സെന്റെീഗ്രയ്ഡ് കുറവ് വരുത്തുക എന്ന ലക്ഷ്യം നടപ്പിലാവൂ.

അതോടെ ഗള്‍ഫ് വേഖലയിലെ എണ്ണപ്പാടങ്ങളുടെ ഡിമാന്റ് കുറയും. അമേരിക്കയുടെ എണ്ണരാഷ്ട്രീയത്തിന് പ്രസക്തി നഷ്ടപ്പെടും. അതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങല്‍ക്ക് ശമനമുണ്ടാവുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്.

എണ്ണയ്ക്ക് പകരം സൗരോര്‍ജ്ജത്തെ ആശ്രയിക്കണമെന്നതാണ് പൊതുവെ ഉയരുന്ന ആവശ്യം. ഇക്കാര്യത്തില്‍ മാതൃകയാക്കാവുന്ന മികച്ച ഉദാഹരണം ജര്‍മ്മനിയാണ്. ജര്‍മ്മന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും സൗരോര്‍ജ്ജ പ്ലാന്റുകള്‍ കൂട്ടായ്മയോടെ നടത്തുന്നുണ്ട്. എന്നാല്‍ സൗരോര്‍ജ്ജം അക്ഷയഖനിയാണെന്ന തിരിച്ചറിവോടെ അരയും തലയും മുറുക്കി ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. എണ്ണരാഷ്ട്രീയത്തിന്റെ സ്ഥാനത്ത് സൗരരാഷ്ട്രീയത്തെ പ്രതിഷ്ഠിച്ചാല്‍ ലക്ഷ്യം അപ്രാപ്യമാവും. ഭീകരവാദം പുതിയ രൂപഭാവങ്ങളോടെ തുടരുകതന്നെ ചെയ്യും.

PARIS-2
ഇനി കാലാവസ്ഥ വ്യതിയാന വിപണി

കാലാവസ്ഥ വ്യതായാനത്തെ മറികടക്കാനായി മൂന്നാംലോകരാജ്യങ്ങള്‍ ക്ക് പ്രധാനമായും പണവും നൂതനസാങ്കേതിക വിദ്യയും വേണം. ഇവ രണ്ടും ഉണ്ടായാല്‍ ഭാക്കിയെല്ലാം ഇച്ചാശക്തിയിലൂടെ കൈവരിക്കാം. ഭരണരംഗത്ത് തികഞ്ഞ അസ്ഥിരതയും ഏകാധിപത്യവും നിലനില്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഇതിനെല്ലാം എത്രകണ്ട് സാധിക്കുമെന്നതാണ് പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ആഭ്യന്തരപ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നതില്‍ ലോകത്തിന് ഇവരെ പഴിക്കാം. എന്നാല്‍ ഇവര്‍ക്ക് മുന്നില്‍ ശാസ്ത്രസമൂഹം മുന്നോട്ട് വെക്കുന്ന സാങ്കേതികവിദ്യകള്‍ എന്തല്ലാമാണ്?

ഈ ലേഖകന് പാരീസില്‍ ഉണ്ടായ ഒരു അനുഭവം. ഉച്ചകോടി നടക്കുന്ന ബ്ലുസോണ്‍ മേഖലയിലെ മീഡിയാസെന്റെറില്‍ വെച്ച് അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പര്യാവരണ്‍ മിത്ര എന്ന കമ്പനിയുടെ പ്രതിനിധി മഹേഷ് പാന്ത്യയെ പരിചയപ്പെട്ടു. കമ്പനിനിര്‍മ്മിച്ച ‘ഭൂന്‍ ഗ്രൂസ്’ എന്ന സാങ്കേതികവിദ്യയ്ക്ക് കാലാവസ്ഥ വ്യതിയാനം തടയുന്നതിനായുളള മികച്ച സാങ്കേതിക വിദ്യക്കുളള യു എന്‍ പുരസ്‌ക്കാരം ലഭിച്ചിരുന്നു.സാങ്കേതിക വിദ്യ മഹേഷ് പാന്ത്യ വിശദമായി വിവരിച്ചു.വെളളപ്പൊക്കമുണ്ടായാല്‍ അധികമായി കെട്ടികിടക്കാനിടയുളള വെളളം മു!ഴുവന്‍ ഭൂമിക്കടിയിലേയ്ക്ക് പമ്പുചെയ്ത് വേനല്‍കാലത്തേയ്ക്കായി വെളളം സംഭരിക്കുന്ന സാങ്കേതിക വിദ്യയാണിത്.പല ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങലിലും പരീക്ഷിച്ച് വിജയം കണ്ടതിന്റെ ഫോട്ടോകളും കാണിച്ചുതന്നു.

ഒരു ഇന്ത്യക്കാരന്‍ കണ്ടെത്തി ഇന്ത്യന്‍ കമ്പനി നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യ അടുത്തറിഞ്ഞപ്പോള്‍ സന്തോഷവും അഭിമാനവും തോന്നി.അവസാനം സ്വാഭാവികമായ ഒരു ചോദ്യം ചോദിച്ചു. ഈ സാങ്കേതിക വിദ്യ നടപ്പിലാക്കാന്‍ ഒരു കര്‍ഷകന്‍ എത്ര രൂപമുടക്കേണ്ടിവരും?

മറുപടി ഞെട്ടിക്കുന്നതായിരുന്നു. ‘പതിനാറ് ലക്ഷം രൂപ.’ ഒരു ലക്ഷം രൂപയുടെ വായ്പതിരിച്ചടക്കാന്‍ ശേഷിയില്ലാതെ കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യങ്ങളില്‍ കാലാവസ്ഥ വ്യതിയാനത്തില്‍ നിന്ന് രക്ഷനേടാനായി പതിനാറ് ലക്ഷം മുടക്കാന്‍ ആര്‍ക്ക് സാധിക്കും? അത്യുഷ്ണവും വരല്‍ച്ചയും വെളളപ്പൊക്കവും മൂലം കൂടുതല്‍ ദാരിദ്രത്തിലേയ്ക്ക് നീങ്ങുന്ന പാവങ്ങള്‍ക്ക് മുന്നിലെത്തുന്നത് സാമ്പത്തികമായി അപ്രാപ്യമായ സാങ്കേതികവിദ്യകളാണ്.

കാലാവസ്ഥവ്യതിയാന വിപണിയെന്ന പേരില്‍ കോര്‍പ്പറേറ്റുകള്‍ക്ക് പണം വാരാനായി പുതിയൊരു വിപണിക്ക് തുടക്കമിട്ടിരിക്കുന്നു. സാങ്കേതിക വിദ്യയെ ഇവരുടെ കൈപ്പിടിയില്‍ നിന്ന് മോചിപ്പിക്കാതെ പരിസ്ഥിതി സംരക്ഷണത്തിലൂടെ ഭീകരവാദത്തെ തോല്പിക്കുക എന്ന ആഫ്രിക്കന്‍ ലക്ഷ്യം മാത്രമല്ല, മൂന്നാം ലോകത്തിന്റെ നിലനില്പിനായുളള ലക്ഷ്യപദ്ധതികളൊന്നും സാക്ഷാല്‍ക്കരിക്കപ്പെടാന്‍ പോവുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News