അമ്മവികാരത്തിന്റെ വില്‍പന മൂല്യം | പിഎസ് ശ്രീകല

സ്ത്രീയെ വ്യക്തിയായി അംഗീകരിക്കാത്ത സാമൂഹ്യബോധത്തിന് ഏറ്റവും സ്വീകാര്യമായ സ്ത്രീ സ്വത്വമാണ് അമ്മ. വൈകാരികം മാത്രമായാണ് മലയാളി അമ്മ ബോധത്തെ സ്വാംശീകരിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ അമ്മ വികാരം എക്കാലത്തും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. സ്ത്രീധനം വാങ്ങുന്നത് അമ്മയുടെ ഇഷ്ടം നിറവേറ്റാനാണ് എന്നു ന്യായീകരിക്കുന്നതിലെ വാത്സല്യ വൈകാരികത മുതല്‍ പത്തു മാസം ചുമന്നുപ്രസവിച്ചവള്‍ എന്ന ത്യാഗവൈകാരികതയോളം ബൃഹത്തായ തലം അതിനുണ്ട്.

ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങള്‍ അമ്മയില്‍ കേന്ദ്രീകരിക്കുന്നത് അതുകൊണ്ടാണ്. ഇക്കാര്യത്തില്‍ ഈ കേന്ദ്രീകരണമാവട്ടെ, രാഷ്ട്രീയ ആയുധമാണ്. അമ്മ വികാരത്തിന്റെ ചൂഷണമാണത്. മാധ്യമങ്ങള്‍ ആ വികാരത്തിന്റെ വിപണി മൂല്യം ഉപയോഗിക്കുന്നതില്‍ വിജയിക്കുന്നു.

എന്തുകൊണ്ട് അമ്മ എന്ന ചോദ്യം പ്രസക്തമാണ്. മകന്‍ നഷ്ടപ്പെട്ടത് മാതാപിതാക്കള്‍ക്കാണല്ലോ. പൊതുവില്‍ അമ്മയും അച്ഛനും അവിടെ സമാന വൈകാരികത അനുഭവിക്കുന്നവരാണ്. അമ്മയുടെ കണ്ണുനീരിന്റെ വിലയെക്കുറിച്ച് വിലപിക്കുന്നവര്‍ അച്ഛന്റെ ദുഃഖത്തെ അവഗണിക്കുന്നത് ബോധപൂര്‍വ്വമാണ്. സ്ത്രീദുര്‍ബലയും പുരുഷന്‍ എന്തും നേരിടാന്‍ ധൈര്യമുള്ളവനും ആണെന്ന സാമാന്യ ബോധത്തെ സന്ദര്‍ഭത്തിനനുസരിച്ച് ഉപയോഗിക്കുകയാണ് തന്ത്രം. വസ്തുതകളില്‍ നിന്നും വസ്തുനിഷ്ഠമായ സമീപനങ്ങളില്‍ നിന്നും പൊതുസമൂഹത്തെ അകറ്റി നിര്‍ത്താനുള്ള സമര്‍ത്ഥമായ തന്ത്രമാണിവിടെ അമ്മവൈകാരികത എന്നര്‍ത്ഥം.

കേരളത്തില്‍ സ്വാശ്രയ മാനേജ്‌മെന്റിന്റെ പീഡനത്തിനിരയായ ആദ്യ വിദ്യാര്‍ത്ഥിയല്ല ജിഷ്ണു. അത്തരം പീഡനങ്ങളാല്‍ ജീവന്‍ നഷ്ടപ്പെട്ട ആദ്യ വിദ്യാര്‍ത്ഥിയുമല്ല ജിഷ്ണു. സാധാരണ അത്തരം സംഭവങ്ങളില്‍ സര്‍ക്കാരുകള്‍ ഇടപെട്ടുന്നതിനേക്കാള്‍ കാര്യക്ഷമതയും വേഗതയും ജാഗ്രതയും ഈ സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായി എന്നത് വസ്തുതയാണ്. ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്ന് കുടുംബത്തിന് പത്തുലക്ഷം രൂപ നല്‍കി.

മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒരാളെക്കൂടി പിടികൂടാനുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ മാറ്റി ഐ.പി.എസ് ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കുന്ന സംഘത്തെ നിയോഗിച്ചു. പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ചതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയി. കേസ് വാദിക്കാന്‍ കുടുംബത്തിന്റെ ആവശ്യപ്രകാരം, സാങ്കേതികത്വം പോലും അവഗണിച്ച് സംസ്ഥാനത്തെ മികച്ച വക്കീലിനെ അനുവദിച്ചു. മുന്‍കൂര്‍ ജാമ്യം നേടിയ കുറ്റാരോപിതനായ സ്ഥാപനത്തിന്റെ ചെയര്‍മാനെ മറ്റൊരു കേസില്‍ അറസ്റ്റു ചെയ്തു. സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ജസ്റ്റിസ് ദിനേശന്റെ നേതൃത്വത്തില്‍
പ്രത്യേക സമിതിയെ നിയോഗിച്ചു.

സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ബോധ്യപ്പെടാത്തവരല്ല ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍. അതു കൊണ്ടുതന്നെ അവരെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ വൃഥാവിലാകും. എന്നാല്‍, മാധ്യമ ശൃംഖലയുടെ സഹായത്തോടെ അവര്‍ നടത്തുന്ന പ്രചാരണത്തില്‍ പെട്ടുപോകുന്ന സാധാരണക്കാരുടെ വസ്തുനിഷ്ഠ വിശകലനശേഷിയാണ് നശിപ്പിക്കപ്പെടുന്നത്. അതിന് അനുകൂലമാണ് മാധ്യമങ്ങള്‍ നേടിയിട്ടുള്ള സ്വീകാര്യത. മാധ്യമങ്ങളില്‍ വിശ്വാസമില്ലെന്ന് പറയുമ്പോഴും മാധ്യമ പ്രചരണങ്ങളില്‍ കേന്ദ്രീകരിച്ചാണ് സമൂഹത്തിന്റെ രാഷ്ട്രീയ പൊതുബോധം രൂപപ്പെടുകയും മാറിമറിയുകയും ചെയ്യുന്നത്. തീയില്ലാതെ പുകയുണ്ടാവുകയില്ലായെന്ന ന്യായവാദം പിന്‍ബലമാവും. വാര്‍ത്തകള്‍ സൃഷ്ടിക്കാനും വളച്ചൊടിക്കാനും തമസ്‌കരിക്കാനും കഴിയുന്ന സമര്‍ത്ഥ തന്ത്രങ്ങള് യോഗിച്ച്, യുക്തിസഹമായ സാമാന്യബുദ്ധിയെ അട്ടിമറിക്കാന്‍ പാകത്തില്‍ അവ വളരുകയാണ്.

ബുദ്ധിജീവികള്‍ പോലും പ്രഖ്യാതമായ ‘വൈകാരികത’ യ്ക്കു വിധേയരായി പ്രതികരിക്കുന്നിടത്തോളം പ്രബലമാണ് അത്. സമാനതകളില്ലാത്ത ഇടപെടല്‍ നടത്തിയ ഒരു സര്‍ക്കാരിനെതിരായ വികാരമായി കോടതിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നത്തെ മാറ്റിത്തീര്‍ക്കാനുള്ള രാഷ്ട്രീയ ഉപകരണമാവുകയാണ് അമ്മവൈകാരികത. അതിന്റെ വില്‍പന മൂല്യം വര്‍ദ്ധിപ്പിക്കലും വിലപേശലുമാണ് നടന്നുകൊണ്ടിരിക്കുന്നത്. അമ്മയും അച്ഛനുമടങ്ങുന്ന സമൂഹവികാരം സംസ്ഥാനത്തെ സ്വാശ്രയ മാനേജ്‌മെന്റ് എന്ന വിദ്യാഭ്യാസകച്ചവട മേധാവിത്തത്തിനെതിരെ രൂപപ്പെടുത്തുകയാണ് വേണ്ടത്. അപ്പോഴാണ് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയായ മകനോടുള്ള സ്‌നേഹവാത്സല്യങ്ങള്‍ മകന്റെ പ്രായക്കാരായ, ജീവിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളായ മുഴുവന്‍ മക്കളോടുമുള്ള സ്‌നേഹവാത്സല്യമായി മാറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here