ജിഷ്ണു പ്രണോയിയുടെ മരണം; വൈസ് പ്രിൻസിപ്പൽ ശക്തിവേലിനെ റിമാൻഡ് ചെയ്തു; പൊലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കും

തൃശ്ശൂർ: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ നെഹ്‌റു കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ ശക്തിവേലിനെ റിമാൻഡ് ചെയ്തു. കേസിൽ മൂന്നാം പ്രതിയാണ് ശക്തിവേൽ. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് അവധിയായിരുന്നതിനാൽ തൃശ്ശൂർ മുൻസിഫ് മജിസ്‌ട്രേറ്റാണ് പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ശക്തിവേലിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ വടക്കാഞ്ചേരി കോടതി ഇന്നു പരിഗണിക്കും. കേസിൽ എൻ.കെ ശക്തിവേൽ, അധ്യാപകൻ സി.പി പ്രവീൺ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

ഒളിവിലായിരുന്ന വൈസ് പ്രിൻസിപ്പൽ ശക്തിവേലിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കോയമ്പത്തൂരിലെ കിനാവൂരിൽ നിന്നാണ് മൂന്നാം പ്രതിയായ ശക്തിവേലിനെ അറസ്റ്റു ചെയ്തത്. മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്നായിരുന്നു അറസ്റ്റ്.

തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയവെ ശക്തിവേൽ അച്ഛനെ വിളിച്ചിരുന്നു. ഇതാണ് അറസ്റ്റിന് വഴിവച്ചത്. കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ശക്തിവേലിനെ പിടികൂടിയത്.

നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ്, വൈസ് പ്രിൻസിപ്പൽ എൻ.കെ ശക്തിവേൽ, പിആർഒ സഞ്ജിത്ത് വിശ്വനാഥൻ, അധ്യാപകൻ സി.പി പ്രവീൺ, ജീവനക്കാരൻ വിപിൻ എന്നിവരാണ് കേസിലെ പ്രതികൾ. പ്രവീണിനെയും വിപിനെയും ഇനിയും പിടികൂടാനുണ്ട്. മുൻകൂർ ജാമ്യമുള്ളതിനാൽ കൃഷ്ണദാസിനെയും സഞ്ജിത് വിശ്വനാഥനെയും വിട്ടയച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News