ഇനിയെത്രകാലം…! ഈ വേമ്പനാട്ട് കായൽ

വേമ്പനാട്ടു കായൽ നമ്മുടെ സ്വത്താണ്. അതു സംരക്ഷിക്കേണ്ടത് നമ്മുടെ കടമയുമാണ്. ആ തിരിച്ചറവിലേക്കു എത്തിയില്ലെങ്കിൽ വൻ ദുരന്തമായിരിക്കും നമ്മെ കാത്തിരിക്കുന്നത്. ഉൾനാടൻ മത്സ്യബന്ധനവും കക്കവാരലുമൊക്കെ ആശ്രയിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്ന നിരവധി തൊഴിലാളികളുടെ ആശ്രയമാണ് വേമ്പനാട്ടുകായൽ. എന്നാൽ ഇന്നു രാസമാലിന്യങ്ങൾ നിറഞ്ഞ് കായൽ മരണത്തിന്റെ വക്കിലെത്തിയിരിക്കുന്നു. ലിറ്റർ ബേസ് എന്ന അന്താരാഷ്ട്ര ഗവേഷണ റിപ്പോർട്ട് പ്രകാരം ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുള്ളത് വേമ്പനാട്ട് കായലിലാണ്. ഇവിടെ നിന്നു പിടിച്ച മീനുകളിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഉൾനാടൻ മത്സ്യബന്ധന മേഖലയ്ക്ക് തിരിച്ചടി നൽകും വിധത്തിൽ കായൽ മലിനീകരണം മൂലം നിരവധി മത്സ്യ ഇനങ്ങൾ അപ്രത്യക്ഷമായി. കട്ട്‌ല, കണമ്പ്, പ്രാഞ്ചിൽ, ഒറത്തൽ, തിരണ്ടി, മാലാൻ, കടൽ കറുപ്പ് തുടങ്ങിയ മത്സ്യങ്ങൾ ഒന്നരപതിറ്റാണ്ടു മുമ്പ് കായലിൽ സുലഭമായിരുന്നെങ്കിൽ ഇന്നവയെ കാണാനില്ല. അതിനിടെ ഏക ആശ്വാസം കായലിൽ നിന്നു ലഭിക്കുന്ന തെള്ളി ചെമ്മീൻ മാത്രമാണ്. മത്സ്യലഭ്യതയിലുണ്ടായിട്ടുള്ള കുറവ് ഈ മേഖലയിൽ തൊഴിലെടുത്തിരുന്നവരെ പിൻവലിയാൻ നിർബന്ധിതരാക്കുകയാണ്.

രാസമാലിന്യത്തിന്റെയും മനുഷ്യവിസർജ്യത്തിലടങ്ങിയിട്ടുള്ള കോളിഫോം ബാക്ടീരിയയുടേയും അളവ് വേമ്പനാട്ടു കായലിൽ അധികമായിരിക്കുന്നു. റിസോർട്ടുകൾ, ഹൗസ് ബോട്ടുകൾ എന്നിവ സൃഷ്ടിക്കുന്ന മാലിന്യം, ബോട്ടുകളിൽ നിന്ന് ജലത്തിൽ കലരുന്ന ഇന്ധനം ഇവയൊക്കെ ജീവജാലങ്ങൾക്കു വെല്ലുവിളിയാണ്. വിനോദസഞ്ചാരികളും തദ്ദേശീയരും കായലിലേക്കു തള്ളുന്ന മാലിന്യമൊക്കെ നല്ലയിനം മത്സ്യങ്ങളുടെ പ്രജനനത്തെ ഗുരുതരമായി ബാധിക്കുന്നു. കായലിന്റെ ആഴങ്ങളിൽ മണിക്കൂറുകളോളം മുങ്ങിക്കിടന്ന് കക്ക വാരുന്ന തൊഴിലാളികൾ ഇന്നു കായൽമലിനീകരണത്തിന്റെ ഇരകളാണ്. മാരകമായ അസുഖങ്ങളാണ് ഇവരുടെ സമ്പാദ്യം.

കായൽ മലിനീകരണം ആവാസവ്യവസ്ഥയിൽ സൃഷ്ടിച്ച മാറ്റങ്ങൾ മൂലം വളരെകാലം ആയുസുള്ള ആമകൾ പോലും ചത്തുപൊങ്ങുകയാണ്. ആവാസവ്യവസ്ഥയുടെ മാറ്റം ആമകളുടെ പ്രതിരോധശേഷിയിൽ കുറവ് വരുത്തിയതും കൃഷിയിടങ്ങൾ രാസമാലിന്യങ്ങളുടെ കുമ്പാരമായതുമൊക്കെ ആമകൾ ചത്തുപൊങ്ങുന്നതിന് കാരണമായിട്ടുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.

വേമ്പനാട്ടുകായലിന്റെ ദയനീയ ചിത്രം നൽകുന്ന മുന്നറിയിപ്പിനെ അവഗണിച്ച് നാം മുന്നോട്ടുപോയാൽ ദുരന്തത്തെ ഇരന്നു വാങ്ങേണ്ട ഗതികേടിലേക്ക് മനുഷ്യൻ ചെന്നെത്തും. അപ്പോൾ കേവലം ഇത് വേമ്പനാടിന്റെ കാര്യത്തിൽ മാത്രമല്ല, നമ്മുടെ നാടിന്റെ നാഡിഞരമ്പുകളായ എല്ലാ ജലാശയങ്ങളെയും ഇതു ബാധിക്കും. കേരളത്തോട് ചേർന്നു കിടക്കുന്ന സമുദ്രതീരം ലോകത്തിലെ തന്നെ ഏറ്റവും മാലിന്യമേറിയതെന്നാണ് ലിറ്റർബേസ് എന്ന അന്താരാഷ്ട്ര ഗവേണഷണ റിപ്പോർട്ട് അടിവരയിടുന്നതും ഈ യാഥാർത്ഥ്യം തന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News