സ്‌കൂളുകളിൽ മലയാളം സംസാരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്താനാകില്ലെന്നു മുഖ്യമന്ത്രി; മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളുടെ എൻഒസി റദ്ദാക്കും; സ്‌കൂളിൽ മലയാളം നിർബന്ധമാക്കുന്ന ഓര്‍ഡിനന്‍സിനു അംഗീകാരം

തിരുവനന്തപുരം: സ്‌കൂളുകളിൽ മലയാളം സംസാരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്താനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌കൂളുകളിൽ ഏതെങ്കിലും പ്രത്യേക ഭാഷയേ സംസാരിക്കാവൂ എന്നു നിഷ്‌കർഷിക്കുന്ന ഉത്തരവുകളോ ബോർഡോ പ്രചാരണങ്ങളോ പാടില്ല. മലയാളം പഠിപ്പിച്ചില്ലെങ്കിൽ സ്‌കൂളുകളുടെ എൻഒസി റദ്ദാക്കും. മലയാളം സംസാരിക്കുന്നതിനു വിലക്കുന്ന സ്‌കൂളുകളുടെ പ്രധാനാധ്യപകരിൽ നിന്നു 5000 രൂപ പിഴ ഈടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്‌കൂളുകളിൽ മലയാള ഭാഷാപഠനം നിർബന്ധമാക്കുന്ന ഓർഡിനൻസിനു ഗവർണർ അംഗീകാരം നൽകി. പത്താംക്ലാസ് വരെ മലയാള ഭാഷാപഠനം നിർബന്ധമാക്കുന്നതാണ് ഓർഡിനൻസ്. ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് ഉൾപ്പടെയുള്ള സ്‌കൂളുകളിൽ അടുത്ത അധ്യയനവർഷം മുതൽ മലയാളം പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് തീരുമാനം. മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഓർഡിനൻസിനു ഗവർണർ പി.സദാശിവം അംഗീകാരം നൽകിയതോടെ ഇനി ഇത് എല്ലാ സ്‌കൂളുകളിലും നിയമമായി നിലവിൽ വരും. ഹയർ സെക്കണ്ടറി തലം വരെ മലയാളം നിർബന്ധമാക്കാനായിരുന്നു ആലോചന എങ്കിലും തുടക്കത്തിൽ പത്താംക്ലാസ് വരെ മതി എന്നു സർക്കാർ തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News