ഡിജിപി ഓഫീസിനു മുന്നിൽ സംഭവിക്കാൻ പാടില്ലാത്ത രംഗങ്ങൾ ഉണ്ടായെന്നു മുഖ്യമന്ത്രി; മഹിജയുടെ നിരാഹാരം എല്ലാവരെയും വേദനിപ്പിച്ചു; അമ്മയുടെ മാനസികാവസ്ഥ ചിലർ രാഷ്ട്രീയമായി ഉപയോഗിച്ചു

തിരുവനന്തപുരം: ഡിജിപി ഓഫീസിനു മുന്നിൽ സംഭവിക്കാൻ പാടില്ലാത്ത രംഗങ്ങൾ ഉണ്ടായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആസ്ഥാനത്തിനു മുന്നിലെ പൊലീസ് നടപടിയിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി എടുക്കും. വീഴ്ച വരുത്തിയ പൊലീസുകാർ ഉണ്ടെങ്കിൽ തീർച്ചയായും നടപടി ഉണ്ടാകും. പക്ഷേ ഒരു തെറ്റും ചെയ്യാത്തവർക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജിഷ്ണുവിന്റെ കുടുംബത്തിന്റെ നിരാഹാരം എല്ലാവരെയും വേദനിപ്പിച്ചെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, മകൻ നഷ്ടപ്പെട്ട അമ്മയുടെ മാനസികാവസ്ഥ ചിലർ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു. ജിഷ്ണു കേസിൽ ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്. താൻ ഇടപെട്ടാൽ മാത്രം അത്ര പെട്ടെന്നു തീരുന്ന സമരമായിരുന്നില്ല അത്. ഒരു സർക്കാരിനു ഇതിൽ കൂടുതൽ ഒന്നും ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഷാജഹാനെതിരെ തനിക്ക് ഒരു വ്യക്തിവിരോധവുമില്ല. തനിക്ക് എന്തു വ്യക്തി വിരോധമുണ്ടെന്നാണ് പറയുന്നത്. ഷാജഹാനെ അറസ്റ്റ് ചെയ്തത് ഡിജിപി ഓഫീസിനു മുന്നിൽ ബഹളം വച്ചതിനാണ്. അല്ലാതെ വ്യക്തിവൈരാഗ്യം കൊണ്ടല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഷാജഹാന്റെ പുതിയ രക്ഷാധികാരിയാണല്ലോ ഉമ്മൻചാണ്ടി. അദ്ദേഹം എന്നു മുതലാണ് ഷാജഹാന്റെ രക്ഷകനായതെന്നും പിണറായി വിജയൻ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here