പാമ്പാട്ടിയുടെ അതിസാമര്‍ഥ്യം കാഴ്ചക്കാരന്റെ ജീവനെടുത്തു; ദാരുണാന്ത്യം പ്രദര്‍ശനം കാണുന്നതിനിടെ; പാമ്പുകടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ജോധ്പൂര്‍ : തെരുവിലെ പാമ്പ് പ്രദര്‍ശനത്തിനിടെ പാമ്പാട്ടിയുടെ അതിസാമര്‍ഥ്യം കാഴ്ചക്കാരന്റെ ജീവനെടുത്തു. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. പ്രദര്‍ശനം കാണാനെത്തിയ ബാബുറാം ജാഗര്‍ എന്ന ഗ്രാമീണനാണ് കടിയേറ്റ് മരിച്ചത്. ഇതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ജാതവാസ് ഗ്രാമത്തില്‍ നടന്ന പ്രദര്‍ശനത്തിനിടെ പാമ്പിനെ കാണികളിലൊരാളായ ബാബുറാമിന്റെ കഴുത്തിലിടുകയായിരുന്നു. പലരും പാമ്പിനൊപ്പമുള്ള സെല്‍ഫിയും വിഡിയോയും പകര്‍ത്താന്‍ മത്സരിക്കുന്നതിനിടെ പാമ്പ് ബാബുറാമിന്റെ ചെവിയില്‍ കടിച്ചു. എന്നാല്‍ പാമ്പ് കടിച്ചുവെന്ന് ബാബുറാം പറഞ്ഞിട്ടും പാമ്പാട്ടി കാര്യമാക്കിയില്ല.

 

കടിയേറ്റ ആള്‍ ബോധരഹിതനായി നിലത്ത് വീണപ്പോഴാണ് പാമ്പാട്ടിക്ക് ഗൗരവം മനസിലായത്. കാവി വസ്ത്രധാരിയായ പാമ്പാട്ടി പാമ്പിനെ കാണികളുടെ കഴുത്തിലണിയിക്കുന്നതിന്റേയും ബാബുറാമിന് കടിയേല്‍ക്കുന്നതിന്റേയും മൊബൈല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു ക്ഷേത്രത്തിലെ ആചാരവുമായി ബന്ധപ്പെട്ടാണ് പ്രദര്‍ശനം നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ പാമ്പുകടിയേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം അടുത്തുള്ള ക്ഷേത്രത്തിലെത്തിച്ച് മന്ത്രം ചൊല്ലി വിഷം ഇറക്കാനാണ് ശ്രമം നടന്നത്. ഏറെ വൈകി ബാബുറാമിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പാമ്പാട്ടി ഇന്ദ്രം സുതറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ലൊഹാവത് പൊലീസ് നരഹത്യയ്ക്കു കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here