സ്റ്റോം ലേക്ക് ടൈംസ് ദ്വൈവാരിക അഥവാ കുത്തകകളുടെ മുഖത്തേറ്റ അടി; മാധ്യമ ലോകത്തിന്റെ തലയെടുപ്പായി ഒരു ചെറിയ പത്രം; ചലനം സൃഷ്ടിച്ച് ആര്‍ട്ട് കുല്ലന്‍

പത്തും, ഇരുപതും ലക്ഷം കോപ്പികളുടെ പേരില്‍ ഊറ്റം കൊള്ളുകയും, നിഷ്പക്ഷരെന്ന് നടിക്കുകയും ചെയ്യുന്ന പത്ര മുത്തശ്ശികള്‍ക്കും, കുത്തക ഭീമന്‍മാര്‍ക്കും മുഖത്തേറ്റ അടിയാണ് സ്റ്റോം ലേക്ക് ടൈംസ് ദ്വൈവാരികക്ക് ലഭിച്ച പുലിറ്റ്‌സര്‍ പുരസ്‌കാരം. വെറും 10 പേര്‍ മാത്രം ജോലി ചെയ്യുന്ന 3300 കോപ്പികളുടെ മാത്രം പ്രചാരമുള്ള ഈ കൊച്ചു പത്രമാണ് ഇന്ന് മാധ്യമ ലോകത്തിന്റെ തലയെടുപ്പ്.

സ്റ്റോം ലേക്ക് ടൈംസിന്റെ എഡിറ്റര്‍ ആര്‍ട്ട് കുല്ലനാണ് പത്രത്തിന്റെ പേര് ലോകത്തോളം ഉയര്‍ത്തിയത്. കാര്‍ഷിക മേഖലയില്‍ വന്‍കിട കമ്പനികള്‍ നടത്തുന്ന മലനീകരണങ്ങളെ തുറന്നെതിര്‍ക്കുന്ന മുഖപ്രസംഗങ്ങളാണ് ഈ കൊച്ചു പത്രത്തെ പരമോന്നത പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. ആര്‍ട്ട് കുല്ലനും, സഹോദരന്‍ ജോണും ചേര്‍ന്നാണ് സ്റ്റോം ലേക്ക് പത്രം നടത്തുന്നത്.

അമേരിക്കയിലെ വടക്കു പടിഞ്ഞാറന്‍ ഇയോവയില്‍ മാത്രമാണ് പത്രം പ്രസിദ്ധീകരിക്കുന്നതും. ഇയോവയിലെ റാക്കൂണ്‍ നദി മലിനമാക്കുന്ന വന്‍കിട കമ്പനികളുടെ ഇടപെടലിനെതിരെ ശക്തമായ ഇടപെടലുകളാണ് പത്രം നടത്തിയത്. കമ്പനികള്‍ക്ക് അനുകൂലമായി അഗ്രി ബിസിനസ് അസോസിയേഷന്‍ ഓഫ് ഇയോവയുടെ ഇടപാടുകളും പത്രം പുറത്തുകൊണ്ടുവന്നു.

അമേരിക്ക എമ്പാടും വലിയ ചലനമാണ് ആര്‍ട്ട് കുല്ലന്റെ ഇടപെടലുകള്‍ സൃഷ്ടിച്ചത്. നമ്മുടെ നാട്ടില്‍ ജിഷ്ണു പ്രണോയി എന്ന വിദ്യാര്‍ത്ഥി കോളേജ് മാനേജ്‌മെന്റിന്റെ പീഡനത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പണക്കാരനായ കോളേജ് ഉടമസ്ഥന്റെയും, കോളേജിന്റെയും പേര് പറയാതെ പ്രമുഖ കോളേജും, പ്രമുഖനുമാക്കിയ നമ്മുടെ പത്ര മേലാളന്‍മാര്‍ കണ്ടു പഠിക്കണം എന്താണ് സമൂഹത്തോട് ഉത്തരവാദിത്വമുള്ള മാധ്യമത്തിന്റെ ധര്‍മ്മമെന്തെന്ന്. അല്ലെങ്കില്‍ ദയവു ചെയ്ത് മിണ്ടാതിരിക്കുക ഞങ്ങള്‍ നിഷ്പക്ഷരാണെന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here