പോസ്റ്റ് ട്രൂത്ത്’; കല്ലുവച്ച നുണകള്‍ വാര്‍ത്തകളാക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കാലം; സത്യാനന്തരകാലത്തെ സജീവമാക്കിയ മാധ്യമപ്രതിഭാസം

‘പോസ്റ്റ് ട്രൂത്ത്’ വ്യാപകമായി. ഇത് കള്ള വാര്‍ത്തകള്‍. കല്ലു വച്ച നുണകള്‍ വാര്‍ത്തകളാക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. ഇത് മുഖ്യധാരാ മാധ്യമങ്ങളിലും ഇടംപിടിക്കുന്നു. – മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എംജി രാധാകൃഷ്ണന്‍ മുന്നറിയിപ്പു നല്‍കുന്നു.

ഓക്‌സ്‌ഫോഡ് നിഘണ്ടു 2016ലെ വര്‍ഷത്തിലെ വാക്കായി കണ്ടെത്തിയ ‘പോസ്റ്റ് ട്രൂത്തി’നെ പരിചയപ്പെടുത്തുകയാണ് എംജി രാധാകൃഷ്ണന്‍.

സത്യത്തെ അസത്യമായും അസത്യത്തെ സത്യമായും പ്രചരിപ്പിക്കുന്ന രാഷ്ട്രീയ വ്യവഹാരങ്ങളെക്കുറിക്കുന്ന വാക്കാണത്. ‘സത്യാനന്തരം’ എന്ന് മലയാളത്തില്‍ പറയാം.

ഇക്കഴിഞ്ഞ വര്‍ഷമാണ് ഈ വക വ്യവഹാരങ്ങള്‍ കൂടിയത്. അതിനുമുമ്പുള്ള കാലത്ത് ബോധപൂര്‍വ്വമോ അല്ലാത്തതോ ആയ വ്യാജ വാര്‍ത്താ പ്രചാരണം നടന്നിട്ടില്ല എന്നല്ല, കഴിഞ്ഞ വര്‍ഷം അതിന്റെ തോത് വല്ലാതെ കൂടി എന്നാണ് ഇതിനര്‍ത്ഥം.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണം ശക്തിപ്പെട്ടത് ഇത്തരം വാര്‍ത്തകളിലൂടെയാണ്. യൂറോപ്യന്‍ യൂണിയനില്‍നിന്നു വിട്ടുപോരാന്‍ ബ്രിട്ടനിലെ ഹിതപരിശോധനയില്‍ തീരുമാനമായതാണ് മറ്റൊരു സന്ദര്‍ഭം.

കല്ലുവച്ച നുണകള്‍ക്ക് നവമാധ്യമങ്ങളിലൂടെ വന്‍ പ്രചാരണം ലഭിച്ചു. അവ വലിയൊരു വിഭാഗം ജനങ്ങള്‍ വിശ്വസിച്ചു. വലിയൊരു വിഭാഗം ജനങ്ങള്‍ അസത്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അംഗീകരിച്ചു. രാഷ്ട്രീയത്തിന്റെ മൂലപ്രമാണങ്ങളെത്തന്നെ ഇത് അധഃപതിപ്പിച്ചു.

ഇന്ത്യയിലടക്കം ഈ പ്രവണതയുണ്ട്. ഇത് സത്യാനന്തര സമൂഹം ആഗോളപ്രതിഭാസമായി എന്നതിന്റെ തെളിവാണ്.

സത്യാനന്തര രാഷ്ട്രീയത്തിനായി വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളും ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ മുതലായ നവ മാധ്യമങ്ങളുമാണ്. അവ നേരിട്ടു മുഖ്യധാരാ മാധ്യമ വ്യവഹാരങ്ങളില്‍ സ്ഥാനം നേടുന്നു. ഇതുവഴി വ്യാജവാര്‍ത്ത എന്ന മാധ്യമപ്രതിഭാസം സത്യാനന്തരകാലത്തെ സജീവമാക്കിയിരിക്കുന്നു.

കേരള മീഡിയ അക്കാദമിയുടെ മീഡിയ എന്ന പ്രസിദ്ധീകരണത്തിലെ ലേഖനത്തിലാണ് എംജി രാധാകൃഷ്ണന്‍ നിരീക്ഷണങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here