മനസൊരു മടക്കയാത്രയിലാണ്, ചെമ്പൈയിലേക്ക്; ദേശീയ പുരസ്‌കാരം നേടി ‘ചെമ്പൈ, മൈ ഡിസ്‌കവറി ഓഫ് എ ലെജന്‍ഡ്’

ഒരു യാത്രയായിരുന്നു അത്. ചെമ്പൈയുടെ മണ്ണിലേക്ക്, സംഗീതത്തിലേക്ക്, ആ വലിയ മനുഷ്യനിലേക്ക്. അനുഭവങ്ങളിലൂടെയുള്ള യാത്ര. യാത്രക്ക് ക്ഷണിച്ച് കൂടെക്കൂട്ടിയ സുഹൃത്തിന്റെ ആശയത്തിനും ലക്ഷ്യത്തിനുമൊപ്പം നിന്നപ്പോള്‍ അതൊരു ഡോക്യുമെന്ററിയായി. ചെമ്പൈ – മൈ ഡിസ്‌കവറി ഓഫ് എ ലെജന്‍ഡ്. ദേശീയ പുരസ്‌കാരം ഒരു യാത്ഥാര്‍ത്ഥ്യമാണെന്ന് തിരിച്ചറിഞ്ഞ് തുടങ്ങുമ്പോള്‍ മനസൊരു മടക്കയാത്രയിലാണ്. ചെമ്പൈ ഗ്രാമത്തിലേക്ക്.

ആദ്യമായാണ് ഞാനൊരു സംഗീതോത്സവത്തില്‍ പങ്കെടുത്തത്. നൂറ്റിയൊന്നാമത് ചെമ്പൈ ഏകാദശി സംഗീതോത്സവം. ഒരു ഗ്രാമം മുഴുവന്‍ മനത്താളവും കൈത്താളവുമായി ഒത്തുകൂടുന്ന ദിനങ്ങള്‍. കെജെ യേശുദാസ്, കെജി ജയന്‍, ടിവി ഗോപാലകൃഷ്ണന്‍ എന്നിവരുടെയൊക്കെ കച്ചേരിക്കായി ഉറക്കൊഴിഞ്ഞ് കാത്തിരിക്കുന്ന സംഗീതപ്രേമികളെ അവിടെ കാണാം.

ഏതൊരു മലയാളിയെയും പോലെ ഗാനഗന്ധര്‍വ്വന്റെ പാട്ടുകള്‍ കേട്ട് പാട്ടിനോട് കൂട്ടുകൂടി നടന്ന ഒരു പെണ്‍കുട്ടി. പുതുതലമുറ സംഗീതത്തിന്റെ ലോകത്ത് റോക്ക് സംഗീതത്തില്‍ ജാം ചെയ്യുമ്പോഴും അവളുടെ ഉള്ളിന്റെ ഉള്ളില്‍ ഒരു വലിയ ആഗ്രഹമുണ്ടായിരുന്നു. യേശുദാസിന്റെ കച്ചേരി നേരിട്ടു കാണണം.

എല്ലാ വര്‍ഷവും ഗാനഗന്ധര്‍വ്വന്റെ കച്ചേരി നടക്കുന്ന ചെമ്പൈ ഗ്രാമത്തിലേക്ക് അവള്‍ യാത്ര തിരിക്കുന്നു. രക്തത്തില്‍ പോലും സംഗീതമുള്ളവരുടെ പാലക്കാടന്‍ മണ്ണിലേക്ക്. വര്‍ഷാവര്‍ഷം മുടങ്ങാതെ ചെമ്പൈയില്‍ പാടുന്നതിന് പിന്നില്‍ തന്റെ ഗുരുവിനോടുള്ള ഭക്തിയും ആദരവുമാണെന്ന് ഗാനഗന്ധര്‍വ്വന്‍ പറഞ്ഞ്, ഗുരുവിനെ സ്തുതിച്ച് പാടുന്നതോടെയാണ് അവള്‍ ആ ഗുരുവിലേക്കുള്ള യാത്ര തുടങ്ങുന്നത്.

അങ്ങനെ ചെമ്പൈ ശിഷ്യന്മാരിലൂടെ, ചെമ്പൈ എന്ന ഗ്രാമത്തിലെ പെട്ടിക്കടക്കാര്‍ മുതല്‍ വലിയ സംഗീതജ്ഞര്‍ വരെയുള്ളവരിലൂടെ സംഗീതജ്ഞന്‍ എന്നതിനപ്പുറം ഒരു വ്യക്തി എന്ന നിലയില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം അടുത്തറിയുകയാണവള്‍. ചെമ്പൈ മണ്ണില്‍ നിന്നും അവള്‍ മടങ്ങുന്നത് മനസിനെ മാറ്റിമറിച്ച ചില പുതിയ ചിന്തകളുമായാണ്.

സംവിധായിക സൗമ്യ സദാനന്ദനുണ്ടായ അനുഭവം ഞങ്ങള്‍ സുഹൃത്തുക്കള്‍ കൂടി അനുഭവിച്ചറിഞ്ഞതാണ് ‘ചെമ്പൈ – മൈ ഡിസ്‌കവറി ഓഫ് എ ലെജന്‍ഡ്’ എന്ന ഡോക്യുമെന്ററി. ഇത്തരത്തില്‍ തന്നെയാണ് ചിത്രത്തിന്റെ ആവിഷ്‌കാരവും.

chembai

ഈറോഡിനടുത്തുള്ള ജംബ ഗ്രാമത്തില്‍ നിന്ന് പാലക്കാട് കോട്ടായിലേക്കുള്ള ഭാഗവതരുടെ പൂര്‍വ്വികരുടെ വരവ് മുതല്‍ ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നു. ചെമ്പൈയുടെ സംഗീതാ ജീവിതാരംഭം, സംഗീതഗുരുകുലം സ്ഥാപിച്ചതിന്റെ കഥകള്‍, അക്കാലത്ത് സംഗീത പഠനത്തിന്റെ കാര്യത്തില്‍ ഭാഗവതര്‍ കൈക്കൊണ്ട ധീരമായ നിലപാടുകളും പ്രമേയമാകുന്നു.

ചെമ്പൈ ഭാഗവതരുടെ ശബ്ദം നഷ്ടപ്പെട്ടതും ശബ്ദം വീണ്ടു കിട്ടി ഗുരുവായൂരില്‍ പാടിയതും ഒടുവില്‍ പെട്ടെന്നൊരു സന്ധ്യക്ക് മരണത്തിന് കീഴടങ്ങിത് വരെയുള്ള ചെമ്പൈയുടെ ജീവിതം ഭാഗവതരെ അടുത്തറിഞ്ഞ ശിഷ്യരിലൂടെ പറയുകയാണ് ഡോക്യുമെന്ററിയിലൂടെ. മനസിനെ പലവിധ വികാരങ്ങളിലൂടെ പായിക്കുന്ന ഒരു കഥയാണിത്.

സംവിധാനം : സൗമ്യ സദാനന്ദന്‍
നിര്‍മ്മാണം : സൈക്കി എന്റെര്‍ടെയിന്‍മെന്റ്‌സ്
എഴുത്ത് : വിനു ജനാര്‍ദ്ദനന്‍, മനുചന്ദ്രന്‍
ക്യാമറ, എഡിറ്റിങ് : അജയ് രാഹുല്‍
പശ്ചാത്തല സംഗീതം : പിഎസ് ജയഹരി

(64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശം ചെമ്പൈ – മൈ ഡിസ്‌കവറി ഓഫ് എ ലെജന്‍ഡ് നേടി)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here