ജിഷ്ണു പ്രണോയ് വിഷയത്തിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയും ഡിജിപിയും അല്ല; യഥാർത്ഥ പ്രതി സ്വാശ്രയമെന്നു കെ.കണ്ണൻ

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് പ്രശ്‌നത്തിൽ യഥാർത്ഥ പ്രതി ‘സ്വാശ്രയം’ ആണെന്നു സാമൂഹ്യനിരീക്ഷകൻ കെ.കണ്ണൻ. ഡിജിപിയും മുഖ്യമന്ത്രിയും അല്ല ഇക്കാര്യത്തിൽ പ്രതിസ്ഥാനത്തു നിൽക്കേണ്ടത്. ജിഷ്ണുവിന്റെ മരണവും ജിഷ്ണുവിനു നീതി കിട്ടാനുള്ള ശ്രമവും ആ കുടുംബത്തിൽ മാത്രം ഒതുക്കേണ്ടത് വലതുപക്ഷത്തിന്റെ ആവശ്യമാണ്. ജിഷ്ണുവിനെ ഒരു പ്രതീകമാക്കിയെടുത്തു സ്വാശ്രയം എന്ന വ്യാധിക്ക് സർക്കാർ ചികിത്സ കണ്ടെത്തണം. അതിന് ഒരു രണ്ടാം മുണ്ടശ്ശേരി വരണമെന്നും കെ.കണ്ണൻ അഭിപ്രായപ്പെടുന്നു.

ഇഎംഎസ് മന്ത്രിസഭ അധികാരമേറ്റ 1957 ഏപ്രിൽ 5 തന്നെയാണ് യഥാർത്ഥ കേരളപ്പിറവി ദിനം. അന്നു വരെ ഉണ്ടായിരുന്ന മാനവികതയുടെയും ജനാധിപത്യത്തിന്റെയും ജനപക്ഷത്തിന്റെയും വലിയ സ്വപ്നങ്ങൾക്ക് ഒരു സാക്ഷാത്കാരം ഉണ്ടെന്ന പ്രതീക്ഷയിലേക്ക് മലയാളിയെ ഉണർത്തിയ ദിനം. ആ പ്രതീക്ഷ ബാക്കിയാക്കുന്ന ഒരിടം ഇന്നും ഇടതുപക്ഷം തന്നെയാണ്. വിദ്യാഭ്യാസ ബില്ലിനെ എതിർത്തവരാണ് കേരളത്തിലെ വലതുപക്ഷം. പുത്തൻ മൂലധനശക്തികൾ വലതുപക്ഷവുമായി നടത്തിയ അവിശുദ്ധ ബാന്ധവത്തിന്റെ സന്തതിയാണ് ‘സ്വാശ്രയം’.-കണ്ണൻ വിശദീകരിക്കുന്നു.

ജിഷ്ണു പ്രണോയ് പ്രശ്‌നം ക്രമസമാധാന പ്രശ്‌നമല്ല. അങ്ങനെ ഒതുക്കേണ്ടത് വലതുപക്ഷത്തിന്റെ ആവശ്യമാണ്. അതുകൊണ്ടാണ് അവർ പിണറായി വിജയന്റെയും ലോക്‌നാഥ് ബെഹ്‌റയുടെയും രാജി ആവശ്യപ്പെടുന്നത്. പ്രശ്‌നത്തിലെ പ്രതി ‘സ്വാശ്രയ’മാണ്.

ജിഷ്ണുവിനെ പ്രതീകമാക്കി സ്വാശ്രയത്തിനു ജനപക്ഷത്തുനിന്ന് ചികിത്സ കണ്ടെത്തണം. ആ അവസരം സർക്കാർ പാഴാക്കുകയാണ്. സ്വാശ്രയപ്രശ്‌നം പഠിക്കാൻ സർക്കാർ കമ്മിഷനെ വച്ചിട്ടുണ്ട്. ഇതു അക്കാദമിക് തലത്തിൽ ഒതുക്കരുത്. ജനകീയമാക്കണം. സ്വാശ്രയ സ്ഥാപനങ്ങളുടെ പൊളിച്ചെഴുത്തിനു ഒരു രണ്ടാം മുണ്ടശ്ശേരി വരട്ടെ. രണ്ടാം വിമോചന സമരം വന്നോട്ടെ. അതിനു പിന്നിലുള്ള ജനത്തിനെതിരെ സ്വന്തം പിന്നിലുള്ള ജനത്തെ ചൂണ്ടിക്കാട്ടി, അതല്ല ജനം ഇതാണ് ശരിയായ ജനം എന്നു പറയാൻ ഇടതുപക്ഷത്തിനു കഴിയണം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ കുറിപ്പിൽ കെ.കണ്ണൻ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News