ട്രോളിയില്‍ ട്രെയിന്‍ ഇടിച്ച സംഭവത്തില്‍ അന്വേഷണം; അപകടകാരണം സന്ദേശം കൈമാറാത്തതെന്ന് സൂചന; പാളം പരിശോധന ഓഫീസ് അറിയാതെയെന്ന് ഒരുവിഭാഗം

കൊല്ലം : ശാസ്താംകോട്ടയില്‍ പാളത്തില്‍ പരിശോധന നടത്തിക്കൊണ്ടിരുന്ന ട്രോളിയില്‍ കേരള എക്‌സ്പ്രസ് ഇടിച്ച് തെറിപ്പിച്ച സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ജീവനക്കാര്‍ ട്രോളിയില്‍ നിന്ന് ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തെത്തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് വടക്കോട്ടുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി.

ഇന്നലെ ഉച്ചയ്ക്ക് ശേഷം ഒന്നരയ്ക്കാണ് സംഭവമുണ്ടായത്. പാളത്തിലെ വിള്ളല്‍ പരിശോധയ്ക്കായി ട്രോളിയില്‍ ഒരു സംഘം ജീവനക്കാര്‍ ശാസ്താംകോട്ടയ്ക്കും മണ്‍ട്രോത്തുരുത്തിനും ഇടയിലുള്ള കോതപുരത്തേക്ക് പോയി. പരിശോധന നടത്തുന്നതിനിടയിലാണ് തിരുവനന്തപുരത്ത് നിന്ന് കേരള എക്‌സ്പ്രസ് അതിവേഗം ഇവിടേക്ക് എത്തിയത്.

ട്രോളി ട്രാക്കില്‍ കണ്ടതിനെത്തുടര്‍ന്ന് ട്രെയിന്‍ വേഗത കുറച്ചെങ്കിലും നിയന്ത്രിക്കാനായില്ല. ട്രോളിയിലുണ്ടായിരുന്ന ജീവനക്കാര്‍ വശങ്ങളിലേക്ക് എടുത്ത്ചാടി. ട്രെയിന്‍ ട്രോളിയെ ഇടിച്ച് തെറിപ്പിച്ചു. ട്രോളിയുടെ വശത്തുണ്ടായിരുന്ന കമ്പി കുത്തിക്കയറി കേരള എക്‌സ്പ്രസിന്റെ എഞ്ചിന്‍ നിശ്ചലമായി. കായംകുളത്ത് നിന്ന് പുതിയ എഞ്ചിനെത്തിച്ച് ട്രെയിന്‍ ഘടിപ്പിച്ച് കഴിഞ്ഞപ്പോള്‍ മൂന്നര മണിക്കൂര്‍ വൈകിയിരുന്നു.

സിഗ്‌നലില്‍ നിന്നും ട്രോളിയില്‍ വന്ന ജീവനക്കാര്‍ക്ക് സന്ദേശം കൈമാറാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം തങ്ങളെ അറിയിക്കാതെയാണ് ട്രോളിയുമെടുത്ത് ചിലര്‍ പാളം പരിശോധനയ്ക്ക് പോയതെന്ന് ഒരു വിഭാഗം ജീവനക്കാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News